TIRHKOHTE 21:1-17
TIRHKOHTE 21:1-17 MALCLBSI
ഞങ്ങൾ അവരെ ഒരു വിധത്തിൽ വിട്ടു പിരിഞ്ഞ് കപ്പൽ നീക്കി. ഞങ്ങൾ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി. അവിടെനിന്ന് ഫൊയ്നിക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ട് ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. സൈപ്രസ്ദ്വീപു കണ്ടപ്പോൾ കപ്പൽ അതിന്റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരിൽ ചെന്നിറങ്ങി. അവിടെ കപ്പലിൽനിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങൾ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങൾ അവരോടുകൂടി പാർത്തു. യെരൂശലേമിലേക്കു പോകരുതെന്ന് അവർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലൊസിനോടു പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോൾ, സ്‍ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങൾ കടൽപ്പുറത്തു മുട്ടുകുത്തി പ്രാർഥിച്ച്, അന്യോന്യം വിടവാങ്ങി. പിന്നീട് ഞങ്ങൾ കപ്പലിൽ കയറുകയും അവർ സ്വഭവനങ്ങളിലേക്കു തിരിച്ചുപോകുകയും ചെയ്തു. സോരിൽ നിന്നു യാത്രചെയ്ത് ഞങ്ങൾ പ്തൊലെമായിസിൽ എത്തിച്ചേർന്നു; സഹോദരന്മാരെ ഞങ്ങൾ അഭിവാദനം ചെയ്തു; ഒരു ദിവസം അവരോടുകൂടി പാർത്തു. പിറ്റേദിവസം ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ കൂടെ പാർത്തു. യെരൂശലേമിൽവച്ചു ദിവ്യശുശ്രൂഷയ്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു പ്രവചിക്കുന്നവരും കന്യകമാരുമായ നാലു പുത്രിമാരുണ്ടായിരുന്നു. ഞങ്ങൾ ഏതാനും ദിവസം അവിടെ താമസിച്ചു; അതിനിടയ്‍ക്ക് അഗബൊസ് എന്നൊരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അയാൾ ഞങ്ങളുടെ അടുക്കൽ വന്ന്, പൗലൊസിന്റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകൾ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാർ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങൾ എന്താണീ ചെയ്യുന്നത്? നിങ്ങൾ വിങ്ങിക്കരഞ്ഞ് എന്റെ ഹൃദയം തകർക്കുകയാണോ? കർത്താവായ യേശുവിനുവേണ്ടി യെരൂശലേമിൽവച്ചു ബന്ധനസ്ഥനാകുവാൻ മാത്രമല്ല, മരിക്കുവാൻപോലും ഞാൻ തയ്യാറാണ്.” അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോൾ, ഞങ്ങൾ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂർത്തിയാകട്ടെ എന്നു പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുശേഷം വേണ്ട ഒരുക്കങ്ങൾചെയ്ത് ഞങ്ങൾ യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവർ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ സൈപ്രസുകാരൻ മ്നാസോന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങൾക്കു പാർക്കേണ്ടിയിരുന്നത്. ഞങ്ങൾ യെരൂശലേമിലെത്തിയപ്പോൾ അവിടത്തെ സഹോദരന്മാർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു.