YouVersion Logo
Search Icon

TIRHKOHTE 20:1-16

TIRHKOHTE 20:1-16 MALCLBSI

ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാർത്തു. പിന്നീടു സിറിയയിലേക്കു കപ്പൽ കയറാൻ ഭാവിച്ചപ്പോൾ യെഹൂദന്മാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാൻ അദ്ദേഹം നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദർബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി ഞങ്ങൾക്കുവേണ്ടി ത്രോവാസിൽ കാത്തിരുന്നു. ഞങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞ് ഫിലിപ്പിയിൽനിന്നു കപ്പൽകയറി അഞ്ചുദിവസം കൊണ്ട് ത്രോവാസിൽ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങൾ ഏഴുദിവസം പാർത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം മുറിക്കുവാൻ ഒന്നിച്ചു കൂടിയപ്പോൾ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാൾ അവിടെനിന്നു പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അർധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ ഒട്ടേറെ വിളക്കുകൾ കത്തിച്ചുവച്ചിരുന്നു. പൗലൊസിന്റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോൾ, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനൽപടിയിൽ ഇരുന്ന് ഉറക്കംതൂങ്ങി. അയാൾ ഗാഢനിദ്രയിലായപ്പോൾ മൂന്നാമത്തെ നിലയിൽനിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാൾ മരിച്ചിരുന്നു. പൗലൊസ് ഉടനെ ഇറങ്ങിച്ചെന്ന് കുനിഞ്ഞ് അയാളെ ആശ്ലേഷിച്ചു. “പരിഭ്രമിക്കേണ്ടാ, ഇവനു ജീവനുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം കയറിച്ചെന്ന് അപ്പം മുറിച്ചു ഭക്ഷിക്കുകയും നേരം പുലരുന്നതുവരെ സംസാരിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം അവിടെനിന്നു യാത്ര പുറപ്പെട്ടു. അവർ ആ ചെറുപ്പക്കാരനെ ജീവനോടെ കൂട്ടിക്കൊണ്ടു പോയി; അവർക്കുണ്ടായ ആശ്വാസം അനല്പമായിരുന്നു. അസ്സൊസ്‍വരെ കാല്നടയായി പോകുവാൻ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏർപ്പാടു ചെയ്തതനുസരിച്ച് അസ്സോസിൽ വച്ച് അദ്ദേഹത്തെ കപ്പലിൽ കയറ്റാമെന്നു ഞങ്ങൾ വിചാരിച്ചു. അങ്ങനെ ഞങ്ങൾ മുമ്പേ കപ്പലിൽ പുറപ്പെട്ടു. അസ്സോസിൽവച്ച് ഞങ്ങൾ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി. അവിടെനിന്നു കപ്പൽ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്റെ എതിർവശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങൾ ചെന്നുചേർന്നു. കഴിയുമെങ്കിൽ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താൻ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസിൽ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാൻ തീരുമാനിച്ചത്.