TIRHKOHTE 2:22-47
TIRHKOHTE 2:22-47 MALCLBSI
“ഇസ്രായേൽജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യൻ ദൈവത്താൽ നിയുക്തനായിരിക്കുന്നു. തന്നിൽകൂടി നിങ്ങളുടെ മധ്യത്തിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവർത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഈ യേശു ദൈവത്തിന്റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെട്ടു. നിങ്ങൾ അവിടുത്തെ അധർമികളുടെ കൈകളാൽ കുരിശിൽ തറച്ചുകൊന്നു. എന്നാൽ മരണത്തിന്റെ അധീനതയിൽനിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിർപ്പിച്ചു. എന്തെന്നാൽ മരണത്തിന് അവിടുത്തെ തടങ്കലിൽ വയ്‍ക്കുക അസാധ്യമായിരുന്നു. ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: കർത്താവിനെ എപ്പോഴും എന്റെ കൺമുമ്പിൽ ഞാൻ ദർശിച്ചിരുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതിനാൽ ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവ് ആഹ്ലാദപൂർവം ആർത്തുവിളിച്ചു. മാത്രമല്ല, ഞാൻ മർത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും. എന്തെന്നാൽ അങ്ങ് എന്റെ പ്രാണനെ മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല; അവിടുത്തെ പരിശുദ്ധനെ ജീർണതയ്‍ക്കു വിധേയനാകുവാൻ അനുവദിക്കുകയുമില്ല. ജീവനിലേക്കു നയിക്കുന്ന മാർഗങ്ങൾ അങ്ങ് എനിക്കു കാണിച്ചു തന്നു; അവിടുത്തെ സാന്നിധ്യത്താൽ എന്നെ സന്തോഷപൂർണനാക്കും. “സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാൻ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ. ദാവീദ് ഒരു പ്രവാചകനായതിനാൽ തന്റെ സന്താനപരമ്പരയിൽ ഒരുവനെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുൻകൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തിൽ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീർണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു. ഈ യേശുവിനെയാണു ദൈവം ഉയിർപ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്. അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവിൽനിന്നു പ്രാപിച്ചു പകർന്നു തന്നതാണ് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. ദാവീദു സ്വർഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ- നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു സർവേശ്വരൻ എന്റെ കർത്താവിനോട് അരുളിചെയ്തു. “അതുകൊണ്ട് നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേൽ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.” ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവർ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങൾ എന്താണു വേണ്ടത്?” പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിക്കുക; അപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചുചേർക്കുന്ന വിദൂരസ്ഥരായ എല്ലാവർക്കുംവേണ്ടിയുള്ളതാണ്.” മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയിൽനിന്നു നിങ്ങൾ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചവർ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകൾ അവരുടെകൂടെ ചേർന്നു. അവർ അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങൾ കേൾക്കുന്നതിലും കൂട്ടായ്മയിലും അപ്പം മുറിക്കുന്നതിലും പ്രാർഥനയിലും നിരന്തരമായി സർവാത്മനാ പങ്കെടുത്തുപോന്നു. അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു. വിശ്വസിച്ചവരെല്ലാം ഒരുമിച്ച് ഒരു സമൂഹമായി കഴിയുകയും, അവർക്കുള്ള സർവസ്വവും പൊതുവകയായി എണ്ണുകയും, തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു. അവർ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തിൽ വന്നുകൂടിയിരുന്നു. വീടുകൾതോറും അവർ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാർഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും, ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും സൗഹൃദം ആസ്വദിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നവരെ കർത്താവു ദിനംതോറും അവരുടെ സംഘത്തിൽ ചേർത്തുകൊണ്ടിരുന്നു.