TIRHKOHTE 16:22-34
TIRHKOHTE 16:22-34 MALCLBSI
അവരോടുകൂടി ബഹുജനങ്ങളും ചേർന്നു. പൗലൊസിന്റെയും ശീലാസിന്റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്‌കുവാൻ ന്യായാധിപന്മാർ ആജ്ഞാപിച്ചു. വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടച്ചു; അവരെ ജാഗ്രതയോടുകൂടി സൂക്ഷിച്ചുകൊള്ളണമെന്ന് ജയിലധികാരിക്കു നിർദേശവും നല്‌കി. അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്റെ ഉൾമുറിയിലടച്ചു. പൗലൊസും ശീലാസും അർധരാത്രിയിൽ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാർഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാർ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു. ജയിലധികാരി ഉണർന്നപ്പോൾ ജയിൽ വാതിലുകളെല്ലാം തുറന്നിരിക്കുന്നതാണു കണ്ടത്. തടവുകാർ ഓടിപ്പോയിരിക്കുമെന്നു കരുതി അയാൾ വാളെടുത്ത് ആത്മഹത്യ ചെയ്യുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു; അരുതാത്തത് ചെയ്യരുത്; ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.” വിളക്കു കൊണ്ടുവരുവാൻ അയാൾ വിളിച്ചുപറഞ്ഞു. വിളക്കു കൊണ്ടുവന്ന് അകത്തേക്കു പാഞ്ഞുചെന്നു; ഭയന്നു വിറച്ചുകൊണ്ട് അയാൾ പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു വണങ്ങി. പിന്നീട് അവരെ പുറത്തുകൊണ്ടുവന്ന് അയാൾ ചോദിച്ചു: “മഹാത്മാക്കളേ, രക്ഷിക്കപ്പെടുവാൻ ഞാൻ എന്തു ചെയ്യണം?” അവർ പ്രതിവചിച്ചു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; എന്നാൽ താങ്കളും താങ്കളുടെ കുടുംബവും രക്ഷിക്കപ്പെടും.” അവർ കർത്താവിന്റെ വചനം അയാളോടും വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. രാത്രിയുടെ ആ നിമിഷത്തിൽതന്നെ അയാൾ അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെല്ലാം കഴുകി. അയാളും അയാളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാപനം സ്വീകരിച്ചു. അതിനുശേഷം ജയിലധികാരി പൗലൊസിനെയും ശീലാസിനെയും വീട്ടിൽ കൊണ്ടുപോയി അവർക്കു ഭക്ഷണം കൊടുത്തു. ദൈവത്തിൽ വിശ്വസിക്കാനിടയായതുമൂലം ആ ഭവനത്തിലുള്ള എല്ലാവരും ഒന്നടങ്കം ആനന്ദിച്ചു.