TIRHKOHTE 15:12-21
TIRHKOHTE 15:12-21 MALCLBSI
തങ്ങളിൽക്കൂടി ദൈവം വിജാതീയരുടെ ഇടയിൽ കാണിച്ച അടയാളങ്ങളും അദ്ഭുതങ്ങളും ബർനബാസും പൗലൊസും വിവരിച്ചത് ജനം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു. അവരുടെ പ്രഭാഷണം കഴിഞ്ഞ്, യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക: വിജാതീയരിൽനിന്ന് ഒരു വിഭാഗത്തെ തന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത്, അവരെക്കുറിച്ചുള്ള തന്റെ കരുതൽ എങ്ങനെയാണ് ദൈവം ആദ്യം പ്രകടിപ്പിച്ചതെന്ന് ശിമോൻ വിവരിച്ചു കഴിഞ്ഞല്ലോ. പ്രവാചകവചനങ്ങളും ഇതിനോടു യോജിക്കുന്നു. ഇവയാണ് ആ വചനങ്ങൾ: ‘അതിനുശേഷം ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും; അതിന്റെ ശൂന്യാവശിഷ്ടങ്ങൾ വീണ്ടും പടുത്തുയർത്തും. അങ്ങനെ ശേഷിച്ച സർവജനവും എന്റെ സ്വന്തമായിരിക്കുവാൻ ഞാൻ തിരഞ്ഞെടുത്ത വിജാതീയരും, എന്റെ അടുക്കലേക്കു വരും.’ എന്നിങ്ങനെ ആദിമുതല്‌ക്കേ ഇവയെല്ലാം അറിയിച്ചിട്ടുള്ള കർത്താവ് അരുൾചെയ്യുന്നു. “അതുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുന്ന വിജാതീയരെ അസഹ്യപ്പെടുത്തരുതെന്നാണ് എന്റെ അഭിപ്രായം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചതുമൂലം അശുദ്ധമായിത്തീർന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവർക്ക് എഴുതിയാൽമതി. പണ്ടുതൊട്ടേ ശബത്തു തോറും എല്ലാ പട്ടണങ്ങളിലുമുള്ള സുനഗോഗുകളിൽ മോശയുടെ നിയമസംഹിത വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ.”