TIRHKOHTE 13:1-25
TIRHKOHTE 13:1-25 MALCLBSI
അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കളുമായി ബർനബാസ്, നീഗർ എന്നു വിളിച്ചിരുന്ന ശിമോൻ, കുറേനക്കാരനായ ലൂക്യോസ്, ഇടപ്രഭുവായ അന്തിപ്പാസിനോടുകൂടി വളർത്തപ്പെട്ട മനയേൻ, ശൗൽ എന്നിവരുണ്ടായിരുന്നു. അവർ ഉപവസിച്ചു കർത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ “ഞാൻ ബർനബാസിനെയും ശൗലിനെയും പ്രത്യേക വേലയ്‍ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേർതിരിക്കുക” എന്നു പരിശുദ്ധാത്മാവിന്റെ അരുളപ്പാടുണ്ടായി. അവർ ഉപവസിച്ചു പ്രാർഥിച്ച് ശൗലിന്റെയും ബർനബാസിന്റെയുംമേൽ കൈകൾ വച്ച് അവരെ പറഞ്ഞയച്ചു. പരിശുദ്ധാത്മാവിന്റെ നിയോഗമനുസരിച്ച് അവർ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പൽകയറി സൈപ്രസ്ദ്വീപിലേക്കും പോയി. സലമീസിൽ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിൽ ചെന്നു ദൈവവചനം പ്രഘോഷിച്ചു. ഈ യാത്രയിൽ യോഹന്നാൻ അവരുടെ സഹായി ആയിരുന്നു. അവർ സൈപ്രസ്ദ്വീപിൽ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോൾ ബർയേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാൾ ഒരു കള്ളപ്രവാചകനായിരുന്നു. സെർഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാൾ കഴിഞ്ഞിരുന്നത്. ബർനബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേൾക്കുവാൻ ദേശാധിപതി ആഗ്രഹിച്ചു. എന്നാൽ മാന്ത്രികനായ എലീമാസ്-ഗ്രീക്കിൽ എലീമാസ് എന്ന പേരിന്റെ അർഥം മാന്ത്രികൻ എന്നാണ്. അവരെ എതിർക്കുകയും വിശ്വാസം സ്വീകരിക്കുന്നതിൽനിന്നു ദേശാധിപതിയെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലൊസ് എന്ന പേരിലും വിളിക്കപ്പെട്ടിരുന്ന ശൗൽ പരിശുദ്ധാത്മാവിന്റെ പൂർണമായ ശക്തിയോടുകൂടി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “ഹേ, പിശാചിന്റെ മകനേ, സകല നീതിയുടെയും ശത്രുവേ, നീ എല്ലാവിധ ദ്രോഹവും കപടതന്ത്രവും നിറഞ്ഞവനാണ്! ദൈവത്തിന്റെ നേർവഴികൾ വക്രമാക്കുന്നതിൽനിന്നു നീ വിരമിക്കുകയില്ലേ? ഇതാ നോക്കൂ! ദൈവത്തിന്റെ കൈ നിന്റെമേൽ പതിക്കും; കുറെ സമയത്തേക്കു സൂര്യനെ കാണാതെ നീ അന്ധനായിരിക്കും.” തൽക്ഷണം അയാളുടെ കണ്ണിനു തിമിരം ബാധിച്ചു, ഇരുൾ അയാളെ മൂടി. തന്നെ കൈപിടിച്ചു നടത്തുന്നതിന് അയാൾ മറ്റുള്ളവരുടെ സഹായം തേടി. ദേശാധിപതി ഇതു കണ്ടപ്പോൾ കർത്താവിനെക്കുറിച്ചു കേട്ട പ്രബോധനത്തിൽ വിസ്മയഭരിതനാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു. പൗലൊസും സഹയാത്രികരും പാഫോസിൽനിന്നു കപ്പൽകയറി പംഫുല്യയിൽ പെർഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവർ പെർഗ്ഗയിൽനിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി; ശബത്തുദിവസം അവിടത്തെ സുനഗോഗിൽ ചെന്ന് ഇരുന്നു. മോശയുടെ ധർമശാസ്ത്രത്തിൽനിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്റെ അധികാരികൾ അവരുടെ അടുക്കൽ ആളയച്ച് സഹോദരന്മാരേ, നിങ്ങൾക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ പറയുക” എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ഇസ്രായേൽജനങ്ങളേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക: ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു; ഈജിപ്തിൽ പരദേശികളായിരുന്ന കാലത്ത് അവരെ ഒരു മഹാജനതയാക്കി ഉയർത്തി; ദൈവം സ്വശക്തിയാൽ അവരെ അവിടെനിന്നു കൊണ്ടുപോന്നു; നാല്പതു വർഷക്കാലം മരുഭൂമിയിൽ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു. അവിടുന്ന് കനാനിലെ ഏഴു ജനതകളെ നശിപ്പിച്ച് അവരുടെ ദേശം അവർക്കു അവകാശമായി നല്‌കി. അങ്ങനെ ഏകദേശം നാനൂറ്റമ്പതു വർഷം കഴിഞ്ഞു. “അതിനുശേഷം ശമൂവേൽപ്രവാചകൻവരെയുള്ള ന്യായാധിപന്മാരെ അവർക്കു നല്‌കി; അനന്തരം തങ്ങൾക്ക് ഒരു രാജാവിനെ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ പുത്രൻ ശൗലിനെ നാല്പതു വർഷത്തേക്കു രാജാവായി നല്‌കി. അദ്ദേഹത്തെ നീക്കിയശേഷം ദാവീദിനെ രാജാവായി വാഴിച്ചു. ‘യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിന് ഇണങ്ങിയവനായി ഞാൻ കണ്ടിരിക്കുന്നു. അവൻ എന്റെ ഇച്ഛ എല്ലാം നിറവേറ്റും’ എന്നിങ്ങനെയാണു ദൈവം ദാവീദിനെക്കുറിച്ചു പറഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തതുപോലെ ഈ ദാവീദിന്റെ വംശപരമ്പരയിൽ നിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നല്‌കി. അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ്, പാപത്തിൽനിന്നു പിൻതിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാൻ എല്ലാ ഇസ്രായേൽജനങ്ങളോടും പ്രസംഗിച്ചു. തന്റെ ദൗത്യം പൂർത്തിയാകാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ‘ഞാൻ ആരാണെന്നാണ് നിങ്ങൾ ഊഹിക്കുന്നത്? നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ ഞാനല്ല; എന്നാൽ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല.’