YouVersion Logo
Search Icon

TIRHKOHTE 10:24-48

TIRHKOHTE 10:24-48 MALCLBSI

കൊർന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടിൽ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ കൊർന്നല്യോസ് ചെന്ന് അദ്ദേഹത്തിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യൻ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോൾ അവിടെ ഒട്ടേറെ ആളുകൾ കൂടിയിരിക്കുന്നതായി കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “അന്യവർഗക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവരെ സന്ദർശിക്കുന്നതും യെഹൂദന്മാർക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ആളയച്ചപ്പോൾ യാതൊരു എതിരും പറയാതെ ഞാൻ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?” അപ്പോൾ കൊർന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാൻ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാർഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുമ്പിൽ നില്‌ക്കുന്നതായി ഞാൻ കണ്ടു. ‘കൊർന്നല്യോസേ, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ ദാനധർമങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു; നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോൻ എന്ന ആളിന്റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ ഞാൻ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂർവം വരികയും ചെയ്തു. കർത്താവിൽനിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേൾക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നത്.” അപ്പോൾ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും ഏതു ജാതിയിൽപ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ എനിക്കു ബോധ്യമായിരിക്കുന്നു. സകല മനുഷ്യരുടെയും കർത്താവായ യേശുക്രിസ്തുവിൽകൂടി സമാധാനത്തിന്റെ സദ്‍വാർത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേൽജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങൾ അറിയുന്നുവല്ലോ. മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്റെ പ്രസംഗത്തിനുശേഷം ഗലീലയിൽ ആരംഭിച്ച് യെഹൂദ്യയിൽ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്. ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാൽ എല്ലാവർക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു. യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികൾക്കും ഞങ്ങൾ സാക്ഷികളാകുന്നു. അവർ അവിടുത്തെ കുരിശിൽ തറച്ചു കൊല്ലുകയാണു ചെയ്തത്. എന്നാൽ ദൈവം അവിടുത്തെ മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. എല്ലാവർക്കും പ്രത്യക്ഷനായില്ലെങ്കിലും, സാക്ഷികളായി ദൈവം മുൻകൂട്ടി നിയമിച്ച ഞങ്ങൾക്ക് അവിടുന്നു പ്രത്യക്ഷനാകുവാൻ ദൈവം ഇടയാക്കി. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, ഞങ്ങൾ അവിടുത്തോടുകൂടി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായി ദൈവം നിയമിച്ചിരിക്കുന്ന ആൾ അവിടുന്നു തന്നെയാണെന്നു പ്രസംഗിക്കുവാനും സാക്ഷ്യം വഹിക്കുവാനും അവിടുന്ന് ഞങ്ങളോടാജ്ഞാപിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’ പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ശ്രോതാക്കളായ എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവു വന്ന് ആവസിച്ചു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോൾ, വിജാതീയർക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകർന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്റെ കൂടെ വന്ന പരിച്ഛേദനകർമവാദികളായ യെഹൂദവിശ്വാസികൾ വിസ്മയിച്ചു. “നമുക്കു ലഭിച്ചതുപോലെ, പരിശുദ്ധാത്മാവു ലഭിച്ച ഇവരെ ജലത്താൽ സ്നാപനം നടത്തുവാൻ പാടില്ലെന്ന് ആർക്കു വിലക്കുവാൻ കഴിയും?” എന്നു പത്രോസ് ചോദിച്ചു. യേശുക്രിസ്തുവിന്റെ നാമത്തിൽ അവരെ സ്നാപനം ചെയ്യുവാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾ അവിടെ പാർക്കണമെന്ന് അവർ അദ്ദേഹത്തോട് അപേക്ഷിച്ചു.