YouVersion Logo
Search Icon

TIRHKOHTE 10:1-23

TIRHKOHTE 10:1-23 MALCLBSI

കൈസര്യയിൽ കൊർന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ദൈവഭക്തനായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധർമങ്ങൾ ചെയ്യുകയും നിരന്തരമായി പ്രാർഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊർന്നല്യോസ്. ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ഒരു ദൈവദൂതൻ തന്റെ അടുക്കൽ വരുന്നത് ദർശനത്തിൽ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതൻ “കൊർന്നല്യോസേ” എന്നു വിളിച്ചു. ഭയപരവശനായിത്തീർന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതൻ പറഞ്ഞു: “താങ്കളുടെ പ്രാർഥനയും ദാനധർമങ്ങളും ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക; കടൽത്തീരത്ത് തുകൽ ഊറയ്‍ക്കിടുന്ന ശിമോൻ എന്നൊരാളിന്റെ കൂടെയാണ് അദ്ദേഹം പാർക്കുന്നത്.” തന്നോടു സംസാരിച്ച ദൂതൻ പോയിക്കഴിഞ്ഞ്, കൊർന്നല്യോസ് തന്റെ ഭൃത്യന്മാരിൽ രണ്ടു പേരെയും, തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോൾ, പത്രോസ് മധ്യാഹ്നസമയത്തെ പ്രാർഥനയ്‍ക്കായി വീടിന്റെ മട്ടുപ്പാവിലേക്കു കയറിപ്പോയി. അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാർ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയിൽ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പൽപായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്‍ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു. അതിൽ ലോകത്തിലുള്ള സകല പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഉണ്ടായിരുന്നു. “പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു. എന്നാൽ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കർത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.” രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.” ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. ഈ ദർശനത്തിന്റെ അർഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോൾ കൊർന്നല്യോസ് അയച്ച ആളുകൾ ശിമോൻ പാർക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി. “പത്രോസ് എന്നു പേരുള്ള ശിമോൻ ഇവിടെയാണോ പാർക്കുന്നത്?” എന്ന് അവർ ചോദിച്ചു. പത്രോസ് ആ സമയത്തും ദർശനത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോൾ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേർ നിന്നെ അന്വേഷിക്കുന്നു; താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാൻ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.” പത്രോസ് അവരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആൾ; നിങ്ങൾ എന്തിനാണു വന്നത്?” എന്നു ചോദിച്ചു. അവർ പറഞ്ഞു: “കൊർന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകൾ കേൾക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.” പത്രോസ് അവരെ തന്റെ അതിഥികളായി സ്വീകരിച്ചു. പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവർ കൈസര്യയിലെത്തി.