TIRHKOHTE 1:4-11
TIRHKOHTE 1:4-11 MALCLBSI
അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങൾ യെരൂശലേം വിട്ടുപോകരുത്; എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. യോഹന്നാൻ വെള്ളം കൊണ്ടാണു സ്നാപനം ചെയ്തത്; എന്നാൽ ഏറെ ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാലുള്ള സ്നാപനം നിങ്ങൾക്കു ലഭിക്കും.” യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോൾ അവർ ചോദിച്ചു: “കർത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?” യേശു അവരോട് അരുൾചെയ്തു: “പിതാവ് തന്റെ സ്വന്തം അധികാരത്തിൽ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങൾ അറിയേണ്ടാ. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തിപ്രാപിച്ച്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും എന്റെ സാക്ഷികളായിത്തീരും.” ഇപ്രകാരം അരുൾചെയ്തശേഷം അവർ നോക്കി നില്‌ക്കുമ്പോൾത്തന്നെ, യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്‍ടിയിൽനിന്നു മറയ്‍ക്കുകയും ചെയ്തു. യേശു സ്വർഗാരോഹണം ചെയ്യുന്നത് അവർ നിർന്നിമേഷരായി നോക്കി നില്‌ക്കുമ്പോൾ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാർ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു: “അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വർഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വർഗത്തിലേക്കു പോകുന്നതു നിങ്ങൾ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും.