2 SAMUELA 12
12
നാഥാൻ ദാവീദിനെ കുറ്റപ്പെടുത്തുന്നു
1നാഥാൻപ്രവാചകനെ സർവേശ്വരൻ ദാവീദിന്റെ അടുക്കൽ അയച്ചു. പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ടാളുകൾ ഉണ്ടായിരുന്നു. ഒരാൾ ധനികനും അപരൻ ദരിദ്രനും. 2ധനികന് അനവധി ആടുമാടുകൾ ഉണ്ടായിരുന്നു. 3ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളർത്തിയ ഒരു പെണ്ണാട്ടിൻകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അതിനെ പോറ്റിവളർത്തി. അവന്റെ കുഞ്ഞുങ്ങളോടൊപ്പം അതു വളർന്നു. അവന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അതു തിന്നുകയും അവൻ കുടിക്കുന്നതിന്റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്റെ മടിയിൽ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു. 4ഒരു ദിവസം ധനികന്റെ ഭവനത്തിൽ ഒരു വഴിയാത്രക്കാരൻ വന്നു; അയാൾക്കുവേണ്ടി സ്വന്തം ആടുമാടുകളിൽ ഒന്നിനെ കൊല്ലാതെ ആ ധനികൻ ദരിദ്രന്റെ ആട്ടിൻകുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.” 5ആ ധനവാനെതിരെ ദാവീദിന്റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാൾ ഇനി ജീവിച്ചുകൂടാ; സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യംചെയ്തു പറയുന്നു; അവൻ വധശിക്ഷ അർഹിക്കുന്നു. 6നിർദ്ദയമായി ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് അവൻ നാലു മടങ്ങ് തിരിച്ചുകൊടുക്കണം.”
7നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീതന്നെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്റെ കൈയിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. 8നിന്റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാൻ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കിൽ ഇവയിൽ കൂടുതലും ഞാൻ തരുമായിരുന്നു. 9പിന്നെ എന്തുകൊണ്ട് എന്റെ കല്പനകൾ അവഗണിച്ചു നീ ഈ തിന്മ പ്രവർത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്റെ ഭാര്യയെ സ്വന്തമാക്കി. 10ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല. 11സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തിൽനിന്നു നിനക്ക് അനർഥമുണ്ടാകും. നിന്റെ കൺമുമ്പിൽവച്ചു നിന്റെ ഭാര്യമാരെ ഞാൻ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകൽ അവൻ അവരെ പ്രാപിക്കും. 12നീ ഇതു രഹസ്യമായി ചെയ്തു; എന്നാൽ ഞാൻ ഇതു സകല ഇസ്രായേലിന്റെയും മുമ്പിൽവച്ചു പട്ടാപ്പകൽ ചെയ്യിക്കും.”
ദാവീദ് അനുതപിക്കുന്നു
13അപ്പോൾ ദാവീദു പറഞ്ഞു: “ഞാൻ സർവേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാൻ പറഞ്ഞു: “സർവേശ്വരൻ നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. 14എങ്കിലും ഈ പ്രവൃത്തിയാൽ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്റെ മകൻ മരിച്ചുപോകും.” നാഥാൻ തന്റെ വീട്ടിലേക്കു മടങ്ങി. 15ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സർവേശ്വരന്റെ ശിക്ഷയാൽ രോഗിയായിത്തീർന്നു. 16കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാർഥിച്ചു. അദ്ദേഹം രാത്രി മുഴുവൻ നിലത്തുതന്നെ കിടന്നു. 17രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാൻ കൊട്ടാരത്തിലെ പ്രമാണിമാർ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല. 18ഏഴാം ദിവസം കുട്ടി മരിച്ചു; ഈ വിവരം രാജാവിനെ അറിയിക്കാൻ ദാസന്മാർ ഭയപ്പെട്ടു. അവർ തമ്മിൽ പറഞ്ഞു: “കുഞ്ഞു ജീവനോടിരുന്നപ്പോൾപോലും നാം പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചില്ല; പിന്നെ കുഞ്ഞു മരിച്ച വിവരം എങ്ങനെ പറയും? അദ്ദേഹം വല്ല സാഹസവും കാണിച്ചേക്കും.” 19ഭൃത്യന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവർ പറഞ്ഞു. 20ഉടൻ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തിൽ ചെന്നു സർവേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തിൽ മടങ്ങിവന്നു. അദ്ദേഹത്തിന്റെ കല്പനപ്രകാരം അവർ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു. 21ഭൃത്യന്മാർ ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോൾ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?” 22രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു. സർവേശ്വരൻ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാൻ ആശിച്ചു. 23ഇപ്പോഴാകട്ടെ അവൻ മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാൻ എനിക്കു കഴിയുമോ? എനിക്ക് അവന്റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.”
ശലോമോന്റെ ജനനം
24ദാവീദു തന്റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവൾ ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോൻ എന്നു പേരിട്ടു. സർവേശ്വരൻ അവനെ സ്നേഹിച്ചു; 25സർവേശ്വരൻ നിയോഗിച്ചതനുസരിച്ചു നാഥാൻപ്രവാചകൻ അവന് #12:25 യദീദ്യാ = സർവേശ്വരനു പ്രിയങ്കരൻ.യദീദ്യാ എന്നു പേർ വിളിച്ചു.
ദാവീദ് രബ്ബാ പിടിച്ചടക്കുന്നു
(1 ദിന. 20:1-3)
26അമ്മോന്റെ തലസ്ഥാനമായ രബ്ബാ നഗരം യോവാബ് ആക്രമിച്ചു പിടിച്ചടക്കി. 27അയാൾ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു. “ഞാൻ രബ്ബാ പട്ടണം ആക്രമിച്ച് അവിടത്തെ ജലവിതരണകേന്ദ്രം കൈവശപ്പെടുത്തിയിരിക്കുന്നു; 28അങ്ങ് ശേഷമുള്ള സൈന്യങ്ങളെ ഒരുമിച്ചുകൂട്ടി പട്ടണത്തെ വളഞ്ഞ് അതു പിടിച്ചെടുക്കുക. നഗരം പിടിച്ചടക്കിയതു ഞാനാണെന്നു പ്രസിദ്ധമാകാതിരിക്കട്ടെ.” 29ദാവീദ് സൈന്യത്തെ ഒന്നിച്ചുകൂട്ടി രബ്ബായിൽ പോയി യുദ്ധം ചെയ്തു പട്ടണം പിടിച്ചെടുത്തു. 30അവരുടെ ദേവനായ #12:30 മിൽക്കോവ് = അമ്മോന്യരുടെ രാജാവ് എന്നുമാകാം.മിൽക്കോവിന്റെ തലയിൽനിന്നു കിരീടമെടുത്തു. അത് ഒരു താലന്തു സ്വർണംകൊണ്ടു നിർമ്മിച്ചതായിരുന്നു. അതിന്മേൽ ഒരു രത്നവും പതിച്ചിരുന്നു. ദാവീദ് ആ കിരീടം ശിരസ്സിൽ അണിഞ്ഞു. പട്ടണത്തിൽനിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. 31അവിടത്തെ ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും ഉപയോഗിച്ചുള്ള പണികളിൽ ഏർപ്പെടുത്തി. ഇഷ്‍ടികച്ചൂളയിൽ അവരെക്കൊണ്ടു ജോലി ചെയ്യിച്ചു. അമ്മോന്യപട്ടണവാസികൾ എല്ലാവരോടും ദാവീദ് അങ്ങനെതന്നെ ചെയ്തു. പിന്നീട് ദാവീദും കൂടെയുള്ളവരും യെരൂശലേമിലേക്കു മടങ്ങിപ്പോയി.
Currently Selected:
2 SAMUELA 12: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.