2 SAMUELA 12:1-14
2 SAMUELA 12:1-14 MALCLBSI
നാഥാൻപ്രവാചകനെ സർവേശ്വരൻ ദാവീദിന്റെ അടുക്കൽ അയച്ചു. പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ടാളുകൾ ഉണ്ടായിരുന്നു. ഒരാൾ ധനികനും അപരൻ ദരിദ്രനും. ധനികന് അനവധി ആടുമാടുകൾ ഉണ്ടായിരുന്നു. ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളർത്തിയ ഒരു പെണ്ണാട്ടിൻകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അതിനെ പോറ്റിവളർത്തി. അവന്റെ കുഞ്ഞുങ്ങളോടൊപ്പം അതു വളർന്നു. അവന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അതു തിന്നുകയും അവൻ കുടിക്കുന്നതിന്റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്റെ മടിയിൽ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു. ഒരു ദിവസം ധനികന്റെ ഭവനത്തിൽ ഒരു വഴിയാത്രക്കാരൻ വന്നു; അയാൾക്കുവേണ്ടി സ്വന്തം ആടുമാടുകളിൽ ഒന്നിനെ കൊല്ലാതെ ആ ധനികൻ ദരിദ്രന്റെ ആട്ടിൻകുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.” ആ ധനവാനെതിരെ ദാവീദിന്റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാൾ ഇനി ജീവിച്ചുകൂടാ; സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യംചെയ്തു പറയുന്നു; അവൻ വധശിക്ഷ അർഹിക്കുന്നു. നിർദ്ദയമായി ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് അവൻ നാലു മടങ്ങ് തിരിച്ചുകൊടുക്കണം.” നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീതന്നെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്റെ കൈയിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാൻ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കിൽ ഇവയിൽ കൂടുതലും ഞാൻ തരുമായിരുന്നു. പിന്നെ എന്തുകൊണ്ട് എന്റെ കല്പനകൾ അവഗണിച്ചു നീ ഈ തിന്മ പ്രവർത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്റെ ഭാര്യയെ സ്വന്തമാക്കി. ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല. സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തിൽനിന്നു നിനക്ക് അനർഥമുണ്ടാകും. നിന്റെ കൺമുമ്പിൽവച്ചു നിന്റെ ഭാര്യമാരെ ഞാൻ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകൽ അവൻ അവരെ പ്രാപിക്കും. നീ ഇതു രഹസ്യമായി ചെയ്തു; എന്നാൽ ഞാൻ ഇതു സകല ഇസ്രായേലിന്റെയും മുമ്പിൽവച്ചു പട്ടാപ്പകൽ ചെയ്യിക്കും.” അപ്പോൾ ദാവീദു പറഞ്ഞു: “ഞാൻ സർവേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാൻ പറഞ്ഞു: “സർവേശ്വരൻ നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും ഈ പ്രവൃത്തിയാൽ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്റെ മകൻ മരിച്ചുപോകും.” നാഥാൻ തന്റെ വീട്ടിലേക്കു മടങ്ങി.