YouVersion Logo
Search Icon

2 SAMUELA 11:2-15

2 SAMUELA 11:2-15 MALCLBSI

ഒരു ദിവസം സായാഹ്നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. അപ്പോൾ അതിസുന്ദരിയായ ഒരു സ്‍ത്രീ കുളിക്കുന്നതു കണ്ടു. ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവൾ എലീയാമിന്റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി. അവളെ കൂട്ടിക്കൊണ്ടു വരാൻ ദാവീദ് ആളയച്ചു. അവൾ അദ്ദേഹത്തിന്റെ അടുക്കൽ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവൾ വീട്ടിലേക്കു മടങ്ങിപ്പോയി. അവൾ ഗർഭിണിയായി. ആ വിവരം അവൾ ദാവീദിനെ ആളയച്ച് അറിയിച്ചു. ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്റെ അടുക്കൽ അയയ്‍ക്കാൻ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്റെ അടുക്കൽ അയച്ചു. ഊരിയാ വന്നപ്പോൾ യോവാബിന്റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു. പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞു. ഊരിയാ കൊട്ടാരത്തിൽനിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാൾക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു. എന്നാൽ ഊരിയാ വീട്ടിൽ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കൽ കിടന്നുറങ്ങി. ഊരിയാ വീട്ടിൽ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?” അയാൾ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടിൽ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.” അപ്പോൾ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കിൽ നീ ഇന്നും ഇവിടെ പാർത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവൻ യെരൂശലേമിൽതന്നെ പാർത്തു. ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവൻ രാജസന്നിധിയിൽ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാൽ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയിൽ രാജഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ പോയി കിടന്നു. അടുത്ത പ്രഭാതത്തിൽ ദാവീദ് ഊരിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു. അതിൽ ഇങ്ങനെയെഴുതി: “ഘോരയുദ്ധം നടക്കുന്നിടത്ത് ഊരിയായെ മുന്നണിയിൽ നിർത്തണം. അവൻ വെട്ടേറ്റ് മരിക്കത്തക്കവിധം അവനെ വിട്ട് നിങ്ങൾ പിൻവാങ്ങണം.”