YouVersion Logo
Search Icon

2 PETERA 1:3-11

2 PETERA 1:3-11 MALCLBSI

തന്റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികൾ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂർവം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയിൽനിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരായിത്തീരുവാനും ഈ വരങ്ങൾ ഇടയാക്കുന്നു. ഇക്കാരണത്താൽ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേർക്കുവാൻ സർവാത്മനാ ശ്രമിക്കുക. ഇവ നിങ്ങൾക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും. ഇവ ഇല്ലാത്തവൻ പഴയ പാപങ്ങളിൽനിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവൻ ഹ്രസ്വദൃഷ്‍ടി ആയതിനാൽ ഒന്നും ശരിയായി കാണുന്നില്ല. അതുകൊണ്ടു സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും യഥാർഥമാക്കുന്നതിനു തീവ്രയത്നം ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്യുന്നതായാൽ നിങ്ങൾ ഒരിക്കലും വീണുപോകുകയില്ല. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ലഭിക്കുകയും ചെയ്യും.