YouVersion Logo
Search Icon

2 LALTE 6:8-17

2 LALTE 6:8-17 MALCLBSI

സിറിയാരാജാവ് ഒരിക്കൽ ഇസ്രായേലിനോടു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ പാളയം അടിക്കേണ്ട സ്ഥലം ഏതായിരിക്കണമെന്നു സേവകന്മാരോട് ആലോചിച്ചു നിശ്ചയിച്ചു. തത്സമയം എലീശ ഇസ്രായേൽരാജാവിന്റെ അടുക്കൽ ആളയച്ച്: “ആ സ്ഥലത്തുകൂടി പോകരുത്; സിറിയാക്കാർ ആ സ്ഥലം ആക്രമിക്കാൻ വരുന്നുണ്ട്” എന്ന് അറിയിച്ചു. ഇസ്രായേൽരാജാവ് പ്രവാചകൻ പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകൻ മുന്നറിയിപ്പ് നല്‌കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്. അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാൾ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയിൽ ഇസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു. രാജഭൃത്യന്മാരിൽ ഒരാൾ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയിൽവച്ചു സംസാരിക്കുന്ന കാര്യങ്ങൾ പോലും ഇസ്രായേൽരാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.” “അവൻ എവിടെയാണ്; എനിക്കവനെ പിടികൂടണം” രാജാവു പറഞ്ഞു. എലീശ ദോഥാനിലുണ്ടെന്നു രാജാവിനു അറിവുകിട്ടി. അപ്പോൾ കുതിരകളും രഥങ്ങളും അടങ്ങുന്ന ഒരു വലിയ സൈന്യത്തെ രാജാവ് അവിടേക്ക് അയച്ചു; അവർ രാത്രിയിൽ പട്ടണം വളഞ്ഞു. പ്രവാചകന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോൾ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു. പ്രവാചകൻ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാൾ കൂടുതൽ ആളുകൾ നമ്മോടുകൂടെയുണ്ട്.” പിന്നീട് എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവന്റെ കണ്ണുകൾ തുറന്നാലും; ഇവൻ കാണട്ടെ.” അവിടുന്ന് അവന്റെ കണ്ണു തുറന്നു; എലീശയ്‍ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.