2 LALTE 3
3
ഇസ്രായേല്യരും മോവാബ്യരും തമ്മിൽ യുദ്ധം
1യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ഭരണവർഷം ശമര്യയിൽ ആഹാബിന്റെ പുത്രനായ യെഹോരാം ഇസ്രായേലിന്റെ രാജാവായി; അയാൾ പന്ത്രണ്ടു വർഷം ഭരിച്ചു. 2യെഹോരാം സർവേശ്വരന് അനിഷ്ടമായി പ്രവർത്തിച്ചു; എങ്കിലും തന്റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവർത്തിച്ചില്ല. പിതാവ് നിർമ്മിച്ച ബാൽവിഗ്രഹം അയാൾ നീക്കിക്കളഞ്ഞു. 3എങ്കിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യെരോബെയാമിന്റെ വഴികളിൽനിന്നു വിട്ടുമാറാതെ പാപപ്രവൃത്തികൾ ചെയ്തുപോന്നു.
4മോവാബുരാജാവായ മേശ ധാരാളം ആടുകളെ വളർത്തിയിരുന്നു. അയാൾ വർഷംതോറും ഇസ്രായേൽരാജാവിന് ഒരുലക്ഷം കുഞ്ഞാടുകളെയും ഒരുലക്ഷം മുട്ടാടുകളുടെ രോമവും കൊടുക്കേണ്ടിയിരുന്നു. 5ആഹാബിന്റെ മരണശേഷം മോവാബുരാജാവ് ഇസ്രായേൽരാജാവിനോട് കലഹിച്ചു. 6അപ്പോൾ യെഹോരാം രാജാവ് ശമര്യയിൽനിന്നു വന്ന് ഇസ്രായേൽജനത്തെയെല്ലാം ഒരുമിച്ചുകൂട്ടി. 7അയാൾ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “മോവാബ് രാജാവ് എന്നെ എതിർത്ത് കലാപം ഉണ്ടാക്കുന്നു. അയാളോടു യുദ്ധം ചെയ്യുന്നതിന് അങ്ങ് എന്റെകൂടെ പോരുമോ” എന്നു ചോദിച്ചു. “ഞാൻ അങ്ങയെപ്പോലെയും എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെയും എന്റെ കുതിരകൾ അങ്ങയുടെ കുതിരകളെപ്പോലെയും വർത്തിക്കും” എന്ന് യെഹോശാഫാത്ത് മറുപടി പറഞ്ഞു. 8“നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു. 9അങ്ങനെ ഇസ്രായേൽരാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും കൂടി പുറപ്പെട്ടു. വളഞ്ഞ പാതയിലൂടെ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ അവർ സംഭരിച്ചിരുന്ന വെള്ളം തീർന്നു. സൈനികർക്കും അവരെ അനുഗമിച്ച മൃഗങ്ങൾക്കും കുടിക്കാൻ വെള്ളം ഇല്ലാതെയായി. 10അപ്പോൾ ഇസ്രായേൽരാജാവു പറഞ്ഞു: “കഷ്ടം! സർവേശ്വരൻ ഈ മൂന്നുരാജാക്കന്മാരെയും വിളിച്ചുവരുത്തി മോവാബ്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ.” 11യെഹോശാഫാത്ത് ചോദിച്ചു: “സർവേശ്വരന്റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേൽരാജാവിന്റെ ഒരു ഭൃത്യൻ പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്റെ പുത്രനുമായ എലീശ എന്നൊരാൾ ഉണ്ട്.” 12യെഹോശാഫാത്ത് പറഞ്ഞു: “അദ്ദേഹം ഒരു യഥാർഥ പ്രവാചകൻതന്നെ.” അങ്ങനെ ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും എദോംരാജാവും എലീശയുടെ അടുക്കൽ ചെന്നു. 13എലീശ ഇസ്രായേൽരാജാവിനാടു ചോദിച്ചു: “താങ്കൾ എന്തിന് എന്റെ അടുത്തു വന്നു? അങ്ങയുടെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കരുതോ” ഇസ്രായേൽരാജാവ് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങനെയല്ല, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ സർവേശ്വരൻ ഏല്പിക്കാൻ പോകുന്നു.” 14എലീശ പറഞ്ഞു: “ഞാൻ ആരാധിക്കുന്ന സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു: യെഹൂദാരാജാവായ യെഹോശാഫാത്തിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നത്; അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ നോക്കുകയോ പോലുമില്ലായിരുന്നു.” 15എലീശ തുടർന്നു പറഞ്ഞു: “ഏതായാലും ഒരു ഗായകനെ എന്റെ അടുക്കൽ കൊണ്ടുവരിക.” ഗായകൻ വന്നു പാടിയപ്പോൾ സർവേശ്വരന്റെ ശക്തി എലീശയുടെമേൽ വന്നു. 16എലീശ പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വരണ്ട അരുവിത്തടങ്ങൾ ജലംകൊണ്ടു നിറയും. 17കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും; 18ഇത് സർവേശ്വരന് ഒരു നിസ്സാരകാര്യമാണ്. അവിടുന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; 19കോട്ട കെട്ടി ഉറപ്പാക്കിയിട്ടുള്ള മനോഹരനഗരങ്ങൾ നിങ്ങൾ ആക്രമിക്കും. ഫലവൃക്ഷങ്ങൾ വെട്ടിവീഴ്ത്തും; നീരുറവുകളെല്ലാം അടച്ചുകളയും; നല്ല നിലങ്ങൾ കല്ലുകൊണ്ടു മൂടും.” 20അടുത്ത ദിവസം പ്രഭാതയാഗത്തിനു സമയമായപ്പോൾ എദോംദേശത്തുനിന്നു വെള്ളം വന്ന് അവിടെ നിറഞ്ഞു. 21രാജാക്കന്മാർ തങ്ങളെ ആക്രമിക്കാൻ വന്നിരിക്കുന്നു എന്ന് അറിഞ്ഞ മോവാബ്യർ പ്രായഭേദമെന്യേ ആയുധമെടുക്കുന്നതിനു പ്രാപ്തിയുള്ളവരെയെല്ലാം വിളിച്ചുകൂട്ടി; അവർ അതിർത്തിയിൽ അണിനിരന്നു. 22മോവാബ്യർ രാവിലെ ഉണർന്നു നോക്കിയപ്പോൾ വെള്ളം രക്തംപോലെയിരിക്കുന്നതു കണ്ടു. 23അവർ പറഞ്ഞു: “ഇതു രക്തം തന്നെയാണ്; ആ രാജാക്കന്മാർ അന്യോന്യം യുദ്ധം ചെയ്ത് നശിച്ചിരിക്കുന്നു; നമുക്കു പോയി അവിടം കൊള്ളയടിക്കാം.” അങ്ങനെ അവർ ഇസ്രായേല്യരുടെ പാളയത്തിൽ എത്തി. 24തങ്ങളുടെ പാളയത്തിൽ എത്തിയ മോവാബ്യരെ ഇസ്രായേല്യർ ആക്രമിച്ച് ഓടിച്ചു; ഓടിപ്പോയവരെ അവർ പിന്തുടർന്ന് വെട്ടിക്കൊന്നു. 25പട്ടണങ്ങൾ അവർ തകർത്തു. നല്ല നിലങ്ങൾ കല്ലിട്ടു മൂടി; നീരുറവുകൾ അടച്ചു; ഫലവൃക്ഷങ്ങൾ വെട്ടിവീഴ്ത്തി; കീർഹരേശെത്ത് പട്ടണത്തിന്റെ കല്ലുകൾ മാത്രം ശേഷിച്ചു. കവിണക്കാർ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു. 26യുദ്ധം തനിക്ക് പ്രതികൂലമാണെന്നു മനസ്സിലാക്കിയ മോവാബ്‍രാജാവ് ആയുധധാരികളായ എഴുനൂറുപേരെ കൂട്ടിക്കൊണ്ട് എദോംരാജാവിന്റെ അണി മുറിച്ചു മുമ്പോട്ടു നീങ്ങാൻ ശ്രമം നടത്തി; എന്നാൽ അവർ വിജയിച്ചില്ല. 27അപ്പോൾ മോവാബ്‍രാജാവ് കിരീടാവകാശിയായ തന്റെ ആദ്യജാതനെ മതിലിന്മേൽ ദഹനയാഗമായി അർപ്പിച്ചു; ഇസ്രായേല്യർ കൊടുംഭീതിയോടെ മോവാബ്‍രാജാവിനെ വിട്ടു പിൻവാങ്ങി സ്വന്തം നാട്ടിലേക്കു മടങ്ങി.
Currently Selected:
2 LALTE 3: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.