YouVersion Logo
Search Icon

2 LALTE 12

12
യോവാശ് യെഹൂദാരാജാവ്
(2 ദിന. 24:1-16)
1ഇസ്രായേൽരാജാവായ യേഹൂവിന്റെ ഏഴാം ഭരണവർഷത്തിലാണ് യോവാശ് യെഹൂദായുടെ ഭരണം ആരംഭിച്ചത്. അദ്ദേഹം യെരൂശലേമിൽ നാല്പതു വർഷം ഭരിച്ചു. അദ്ദേഹത്തിന്റെ അമ്മ ബേർ-ശേബക്കാരി സിബ്യാ ആയിരുന്നു. 2യെഹോയാദ പുരോഹിതൻ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നതുകൊണ്ട് യോവാശ് സർവേശ്വരനു ഹിതകരമായി പ്രവർത്തിച്ചു; 3എങ്കിലും അയാൾ പൂജാഗിരികൾ നശിപ്പിച്ചില്ല. ജനം അവിടെ യാഗവും ധൂപവും അർപ്പിച്ചുവന്നു.
4,5“സർവേശ്വരന്റെ ആലയത്തിൽ അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളുടെ മുഴുവൻ വിലയും ഓരോരുത്തരും നല്‌കേണ്ട പണവും ആളുകൾ സ്വമേധയാ അർപ്പിക്കുന്ന പണവും വാങ്ങി ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കണം” എന്നു പുരോഹിതന്മാരോട് യോവാശ് കല്പിച്ചു. 6യോവാശിന്റെ ഇരുപത്തിമൂന്നാം ഭരണവർഷംവരെ പുരോഹിതന്മാർ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്തിരുന്നില്ല. 7അതിനാൽ രാജാവ് യെഹോയാദ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചു ചോദിച്ചു: “നിങ്ങൾ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാത്തത് എന്ത്? ഇനിയും ജനങ്ങളിൽനിന്നു ലഭിക്കുന്ന പണം നിങ്ങൾ എടുക്കാതെ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊടുക്കുക.” 8അതുകൊണ്ട് ഇനിമേൽ ജനങ്ങളിൽനിന്നു പണം വാങ്ങേണ്ടതില്ലെന്നും ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ തങ്ങൾ ചെയ്യേണ്ടതില്ലെന്നും പുരോഹിതന്മാർ തീരുമാനിച്ചു. 9അടപ്പിൽ ദ്വാരമിട്ട ഒരു പെട്ടി യെഹോയാദ പുരോഹിതൻ യാഗപീഠത്തിനരികിൽ ദേവാലയത്തിലേക്കുള്ള വാതിലിന്റെ വലതുവശത്ത് സ്ഥാപിച്ചു. വാതിൽ കടക്കുന്ന പുരോഹിതന്മാർ സർവേശ്വരന്റെ ആലയത്തിൽ ലഭിക്കുന്ന പണമെല്ലാം ആ പെട്ടിയിൽ നിക്ഷേപിക്കും. 10പെട്ടി നിറയുമ്പോൾ രാജാവിന്റെ കാര്യവിചാരകനും പ്രധാനപുരോഹിതനും കൂടി പണം എണ്ണി സഞ്ചികളിൽ കെട്ടിവയ്‍ക്കും. 11പിന്നീട് ആ പണം ദേവാലയത്തിന്റെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരെ ഏല്പിക്കും. 12അവർ അത് ദേവാലയത്തിലെ മരപ്പണിക്കാർ, ശില്പികൾ, കല്പണിക്കാർ, കല്ലുവെട്ടുകാർ എന്നിവർക്കു കൂലി കൊടുക്കാനും അറ്റകുറ്റപ്പണികൾക്ക് വേണ്ട തടിയും ചെത്തിയ കല്ലും വാങ്ങാനും മറ്റു ചെലവുകൾ നിർവഹിക്കാനുമായി വിനിയോഗിക്കും. 13സർവേശ്വരന്റെ ആലയത്തിൽ വരുന്ന പണം വെള്ളിപ്പാത്രങ്ങളോ, തിരികത്രികകളോ, തളിക്കാനുള്ള പാത്രങ്ങളോ, കാഹളങ്ങളോ, സ്വർണവും വെള്ളിയും കൊണ്ടുള്ള മറ്റു പാത്രങ്ങളോ നിർമ്മിക്കാൻ ഉപയോഗിച്ചില്ല. 14അത് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നവർക്കു നല്‌കി. 15അറ്റകുറ്റപ്പണികൾക്കു വേണ്ടിയുള്ള പണം ഏറ്റുവാങ്ങിയിരുന്നവർ വിശ്വസ്തതയോടെ പ്രവർത്തിച്ചതുകൊണ്ട് അവരോട് കണക്കു ചോദിച്ചിരുന്നില്ല. 16പ്രായശ്ചിത്തയാഗത്തിലൂടെയും പാപപരിഹാരയാഗത്തിലൂടെയും ലഭിച്ചിരുന്ന പണം ദേവാലയത്തിൽ നിക്ഷേപിച്ചില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.
17അക്കാലത്തു സിറിയാരാജാവായ ഹസായേൽ ഗത്ത് ആക്രമിച്ചു കീഴടക്കി; യെരൂശലേം ആക്രമിക്കുന്നതിനും അയാൾ തീരുമാനിച്ചു. 18അപ്പോൾ യെഹൂദാരാജാവായ യോവാശ് താനും തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാ എന്നീ യെഹൂദാരാജാക്കന്മാരും നിവേദിച്ചിരുന്ന സാധനങ്ങളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും സ്വർണനിക്ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ ഹസായേൽ യെരൂശലേം ആക്രമിക്കാതെ പിൻവാങ്ങി. 19യോവാശിന്റെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 20യോവാശിന്റെ സേവകന്മാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. സില്ലായിലേക്കു പോകുന്ന വഴിയിൽ മില്ലോഭവനത്തിൽ വച്ച് അവർ അദ്ദേഹത്തെ വധിച്ചു. 21ശിമെയാത്തിന്റെ പുത്രനായ യോസാഖാർ, ശോമേരിന്റെ പുത്രനായ യെഹോസാബാദ് എന്നിവരായിരുന്നു അദ്ദേഹത്തെ വധിച്ചത്. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെകൂടെ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. യോവാശിന്റെ പുത്രൻ അമസ്യാ പകരം രാജാവായി.

Currently Selected:

2 LALTE 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in