2 LALTE 1
1
ഏലിയായും അഹസ്യാരാജാവും
1ആഹാബിന്റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി. 2ശമര്യയിൽ വച്ച് മാളികമുറിയുടെ ജാലകത്തിലൂടെ വീണ് അഹസ്യാരാജാവ് കിടപ്പിലായി. താൻ രക്ഷപെടുമോ എന്നറിയാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ അയാൾ ദൂതന്മാരെ അയച്ചു. 3അപ്പോൾ സർവേശ്വരന്റെ ദൂതൻ തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അരുളപ്പാട് ചോദിക്കുന്നത്” 4എന്നു ശമര്യാരാജാവിന്റെ ദൂതന്മാരുടെ അടുക്കൽ ചെന്നു ചോദിക്കണം. “രോഗക്കിടക്കയിൽനിന്നു നീ ഇനി എഴുന്നേല്‌ക്കുകയില്ല; നീ തീർച്ചയായും മരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു. 5ദൂതന്മാർ മടങ്ങി എത്തിയപ്പോൾ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങൾ ഇത്രവേഗം മടങ്ങിവന്നു?” 6അവർ പറഞ്ഞു: “ഞങ്ങൾ വഴിയിൽവച്ച് ഒരാളെ കണ്ടുമുട്ടി; രാജാവിനോട് ഇങ്ങനെ പറയുക എന്നയാൾ പറഞ്ഞു. ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ അങ്ങ് എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ അരുളപ്പാട് ചോദിക്കാൻ ആളുകളെ അയച്ചത്?’ അതുകൊണ്ട് ഈ രോഗക്കിടക്കയിൽനിന്ന് അങ്ങ് എഴുന്നേല്‌ക്കുകയില്ല; അങ്ങ് നിശ്ചയമായും മരിക്കും.” 7രാജാവ് അവരോടു ചോദിച്ചു: “നിങ്ങളെ ഈ കാര്യം അറിയിച്ച മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു?” 8അവർ പറഞ്ഞു: “അയാൾ രോമവസ്ത്രവും അരയ്‍ക്കു തോൽവാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു. 9രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവർ ചെന്നപ്പോൾ ഏലിയാ മലമുകളിൽ ഇരിക്കുകയായിരുന്നു. പടനായകൻ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.” 10ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തൽക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു. 11വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. 12ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു. 13രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാൾ ഏലിയായുടെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ. 14എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാൽ എന്റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ. 15അപ്പോൾ സർവേശ്വരന്റെ ദൂതൻ ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്റെ അടുക്കൽ ചെന്നു. 16ഏലിയാ രാജാവിനോടു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ നീ ദൂതന്മാരെ അയച്ചത് എന്ത്? അരുളപ്പാടു ചോദിക്കാൻ ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടായിരുന്നോ? അതുകൊണ്ട് നീ രോഗക്കിടക്കയിൽനിന്ന് എഴുന്നേല്‌ക്കുകയില്ല; നീ നിശ്ചയമായും മരിക്കും.” 17ഏലിയായിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്‍ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരൻ യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്റെ പുത്രനുമായ യെഹോരാമിന്റെ രണ്ടാം ഭരണവർഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്. 18അഹസ്യായുടെ മറ്റു പ്രവർത്തനങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Currently Selected:
2 LALTE 1: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.