2 LALTE 1:9-15
2 LALTE 1:9-15 MALCLBSI
രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവർ ചെന്നപ്പോൾ ഏലിയാ മലമുകളിൽ ഇരിക്കുകയായിരുന്നു. പടനായകൻ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.” ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തൽക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു. വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു. രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാൾ ഏലിയായുടെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ. എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാൽ എന്റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ. അപ്പോൾ സർവേശ്വരന്റെ ദൂതൻ ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്റെ അടുക്കൽ ചെന്നു.