YouVersion Logo
Search Icon

2 KORINTH 10:1-11

2 KORINTH 10:1-11 MALCLBSI

നിങ്ങളോട് അഭിമുഖമായിരിക്കുമ്പോൾ സൗമ്യനായും അകലെ ഇരിക്കുമ്പോൾ കർക്കശനായും ഗണിക്കപ്പെടുന്ന പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൗമ്യതയിലും സഹിഷ്ണുതയിലും ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ കർക്കശമായി പെരുമാറാൻ എന്നെ നിർബന്ധിതനാക്കരുതെന്നാണ് എന്റെ അഭ്യർഥന. ഞങ്ങൾ ഭൗതികമായ ലക്ഷ്യങ്ങളെ മുൻനിറുത്തി പ്രവർത്തിക്കുന്നു എന്നു പറയുന്നവരോട് കർക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല. ഞങ്ങൾ ലോകത്തിൽ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങൾ നടത്തുന്നത്. ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങൾ തകർക്കും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങൾ തകർക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങൾ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും. അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂർണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കൺമുമ്പിലുള്ളത് ശ്രദ്ധിക്കുക. താൻ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവൻ ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവൻ ഓർത്തുകൊള്ളട്ടെ. നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയർത്തുവാനുള്ള അധികാരമാണ് കർത്താവ് ഞങ്ങൾക്ക് നല്‌കിയിരിക്കുന്നത്. ആ അധികാരത്തിൽ ഞാൻ അല്പം അഭിമാനിച്ചാൽപോലും ലജ്ജിതനാകുകയില്ല. കത്തുകൾകൊണ്ട് ഞാൻ നിങ്ങളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്. ‘പൗലൊസിന്റെ വാക്കുകൾ പരുഷവും ശക്തവും ആകുന്നു. എന്നാൽ നേരിൽ കാണുമ്പോൾ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്റെ വാക്കുകൾ സാരമില്ലാത്തതുമാണ്’ എന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ ഞങ്ങൾ അകലെ ആയിരിക്കുമ്പോൾ ഞങ്ങളുടെ കത്തുകളിൽ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോൾ ഞങ്ങൾ ചെയ്യുന്നതും തമ്മിൽ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവർ മനസ്സിലാക്കിക്കൊള്ളട്ടെ.

Video for 2 KORINTH 10:1-11