YouVersion Logo
Search Icon

2 KORINTH 1

1
1ദൈവത്തിന്റെ തിരുഹിതത്താൽ, ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായി നിയമിക്കപ്പെട്ട പൗലൊസും സഹോദരനായ തിമൊഥെയോസും,
കൊരിന്തിലെ ദൈവസഭയ്‍ക്കും അഖായയിൽ എങ്ങുമുള്ള എല്ലാ ദൈവജനത്തിനും എഴുതുന്നത്:
2നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ദൈവത്തിനു സ്തോത്രം ചെയ്യുന്നു
3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സർവസമാശ്വാസത്തിന്റെയും ഉറവിടവുമാകുന്നു. 4ദൈവത്തിൽനിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു. 5ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിൽ നാം ധാരാളമായി പങ്കു ചേരുന്നതുപോലെ തന്നെ, ക്രിസ്തു മുഖേനയുള്ള ആശ്വാസത്തിലും നാം സമൃദ്ധമായി പങ്കുകൊള്ളുന്നു. 6ഞങ്ങൾ ക്ലേശങ്ങൾ സഹിക്കുന്നെങ്കിൽ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്‍ക്കും വേണ്ടിയാണ്; ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ നിങ്ങളും ആശ്വസിക്കപ്പെടും; ഈ ആശ്വാസം, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ ക്ഷമയോടെ സഹിക്കുന്നതിനുള്ള ശക്തിയും നിങ്ങൾക്കു നല്‌കും. 7ഞങ്ങളുടെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായിരിക്കുന്നതുപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങൾ ഓഹരിക്കാരാകുന്നു എന്നറിയുന്നതുകൊണ്ടു ഞങ്ങൾക്കു നിങ്ങളിലുള്ള പ്രത്യാശ അടിയുറച്ചതാണ്.
8സഹോദരരേ, ഏഷ്യാദേശത്തു ഞങ്ങൾക്കുണ്ടായ ക്ലേശങ്ങൾ നിങ്ങളെ അറിയിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടെ ശേഷിക്കുമെന്ന് ഓർത്തതല്ല; അത്ര കഠിനവും ഭാരമേറിയതുമായിരുന്നു ഞങ്ങൾക്കു വഹിക്കേണ്ടിവന്ന ക്ലേശങ്ങൾ. 9ഞങ്ങൾ വധിക്കപ്പെടുമെന്നു വിചാരിച്ചതാണ്. എന്നാൽ ഈ പീഡനങ്ങളിൽകൂടിയെല്ലാം ഞങ്ങൾ കടന്നുപോന്നതുകൊണ്ട്, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽത്തന്നെയാണ് ആശ്രയിക്കേണ്ടതെന്നു ഞങ്ങൾക്കു ബോധ്യമായി. 10ഇങ്ങനെയുള്ള #1:10 ‘മാരകമായ വിപത്തുകളിൽനിന്ന്’- ചില കൈയെഴുത്തു പ്രതികളിൽ ‘ഭയങ്കരമായ മരണത്തിൽനിന്ന്’ എന്നാണ്.മാരകമായ വിപത്തുകളിൽനിന്ന് ദൈവം ഞങ്ങളെ രക്ഷിച്ചു; ഇനി രക്ഷിക്കുകയും ചെയ്യും; രക്ഷിക്കുമെന്നുള്ള ഞങ്ങളുടെ പ്രത്യാശ ദൈവത്തിൽ സമർപ്പിച്ചുമിരിക്കുന്നു. 11നിങ്ങളെല്ലാവരും ചേർന്നു ഞങ്ങൾക്കുവേണ്ടി സർവാത്മനാ പ്രാർഥിക്കണം. നിങ്ങളുടെ പ്രാർഥനയാൽ ഞങ്ങൾക്കു ലഭിക്കുന്ന കൃപയ്‍ക്കുവേണ്ടി ധാരാളം ആളുകൾ സ്തോത്രം ചെയ്യും.
സന്ദർശനം മാറ്റിവയ്‍ക്കുന്നു
12ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ #1:12 ‘നിഷ്കപടത’ എന്നതിനുപകരം ചില കൈയെഴുത്തു പ്രതികളിൽ ‘പരിശുദ്ധി’ എന്നാണ്.നിഷ്കപടതയും ആത്മാർഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങൾ അഭിമാനം കൊള്ളുന്നത്. 13-14നിങ്ങൾക്കു വായിച്ചു മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഞങ്ങൾ എഴുതുന്നുള്ളൂ. ഇപ്പോൾ നിങ്ങൾ അപൂർണമായി മാത്രമേ ഞങ്ങളെ അറിയുന്നുള്ളൂ; നിങ്ങൾ ഞങ്ങളെ സമ്പൂർണമായി മനസ്സിലാക്കുമെന്നും, ഞങ്ങൾ നിങ്ങളിൽ അഭിമാനംകൊള്ളുന്നതുപോലെ നമ്മുടെ കർത്താവിന്റെ ദിവസത്തിൽ നിങ്ങൾക്കു ഞങ്ങളിൽ അഭിമാനംകൊള്ളുവാൻ കഴിയുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.
15-16ഇതെല്ലാം എനിക്കു നിശ്ചയമുണ്ടായിരുന്നതുകൊണ്ട് മാസിഡോണിയയിലേക്കു പോകുന്ന വഴി നിങ്ങളെ സന്ദർശിക്കാമെന്നും അവിടെനിന്നു തിരിച്ചു വരുന്നവഴി നിങ്ങളെ കണ്ട് നിങ്ങളുടെ സഹായത്തോടുകൂടി യെഹൂദ്യയിലേക്കു പോകാമെന്നുമായിരുന്നു ഞാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ നിങ്ങളെ രണ്ടു പ്രാവശ്യം കാണാമെന്നും നിങ്ങൾക്ക് ഇരട്ടിയായ ദൈവാനുഗ്രഹം ലഭിക്കുമെന്നും ഞാൻ കരുതി. 17എന്റെ തീരുമാനത്തിൽ എനിക്ക് ഉറപ്പില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അനാത്മികരെപ്പോലെയാണോ ഞാൻ പദ്ധതികൾ തയ്യാറാക്കുന്നത്? ഒരേ സമയത്തുതന്നെ ‘അതേ, അതേ’ എന്നും ‘അല്ല, അല്ല’ എന്നും ഞാൻ പറയുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? 18നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേ സമയം ‘അതേ’ എന്നും ‘അല്ല ’ എന്നും ആയിരുന്നില്ല എന്നുള്ളതിനു സത്യസ്വരൂപനായ ദൈവം സാക്ഷി. 19ശീലാസും തിമൊഥെയോസും ഞാനും ആരെപ്പറ്റി നിങ്ങളോടു പ്രസംഗിച്ചുവോ, ആ ദൈവപുത്രനായ യേശുക്രിസ്തു ‘അതേ’ എന്നും ‘അല്ല’ എന്നും ഉള്ളവനല്ല. പ്രത്യുത അവിടുന്ന് ദൈവത്തിന്റെ ‘അതേ’ ആകുന്നു. 20എന്തുകൊണ്ടെന്നാൽ അവിടുന്നാണ് ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങൾക്കുമുള്ള ‘അതേ’. അതുകൊണ്ട് ആ യേശുക്രിസ്തുവിൽകൂടി ദൈവത്തിന്റെ മഹത്ത്വത്തിനായി നാം ആമേൻ പറയുന്നു. 21ക്രിസ്തുവിനോടു സംയോജിച്ചുള്ള ഞങ്ങളുടെയും നിങ്ങളുടെയും ജീവിതത്തിന് ഉറപ്പു വരുത്തുന്നതും ഞങ്ങളെ വിളിച്ച് അധികാരപ്പെടുത്തിയിരിക്കുന്നതും ദൈവം തന്നെയാണ്. 22തന്റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേൽ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്തിരിക്കുന്നു.
23ഞാൻ കൊരിന്തിലേക്കു വരാതിരുന്നത് നിങ്ങളെപ്പറ്റിയുള്ള എന്റെ പരിഗണനകൊണ്ടാണ്; 24അതിന് ദൈവം സാക്ഷി. നിങ്ങളുടെ വിശ്വാസം എന്തായിരിക്കണമെന്നു ഞങ്ങൾ വിധിക്കുന്നില്ല. വിശ്വാസത്തിൽ നിങ്ങൾ അടിയുറച്ചു നില്‌ക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. നിങ്ങളുടെ സന്തോഷത്തിനുവേണ്ടി നിങ്ങളോടൊത്ത് ഞങ്ങൾ പ്രവർത്തിക്കുന്നു.

Currently Selected:

2 KORINTH 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 2 KORINTH 1