2 CHRONICLE 8
8
ശലോമോന്റെ നേട്ടങ്ങൾ
(1 രാജാ. 9:10-27)
1ഇരുപതു വർഷംകൊണ്ടു സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും ശലോമോൻ പണിതുതീർത്തു. 2ശലോമോൻ തനിക്കു ഹൂരാം നല്‌കിയിരുന്ന പട്ടണങ്ങൾ പുതുക്കിപ്പണിയുകയും അവിടെ ഇസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു. 3പിന്നീട് ശലോമോൻ ഹാമാത്ത്-സോബയിൽ ചെന്ന് ആ സ്ഥലം അധീനമാക്കി. 4മരുഭൂമിയിൽ തദ്മോർ നഗരവും ഹാമാത്തിൽ സംഭരണനഗരങ്ങളും പണിയിച്ചു. 5മുകളിലും താഴെയും ഉള്ള ബേത്ത്- ഹോരോൻ നഗരങ്ങൾ കോട്ട കെട്ടി കവാടങ്ങളും ഓടാമ്പലുകളുംകൊണ്ടു ബലപ്പെടുത്തി. 6ബാലാത്ത് പട്ടണം, സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ, കുതിരപ്പടയാളികൾക്കുള്ള പട്ടണങ്ങൾ എന്നല്ല യെരൂശലേമിലും ലെബാനോനിലും തന്റെ അധീനതയിലുള്ള സകല സ്ഥലങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു. 7ഇസ്രായേല്യരിൽ ഉൾപ്പെടാത്ത ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ 8ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്തു ശേഷിപ്പിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയെല്ലാം ശലോമോൻ അടിമവേലയ്‍ക്കു നിയോഗിച്ചു. അവർ ഇന്നും അങ്ങനെതന്നെ തുടരുന്നു. 9ഇസ്രായേല്യരിൽ ആരെയും തനിക്കു ദാസ്യവേല ചെയ്യാൻ ശലോമോൻ നിയമിച്ചില്ല. അവരെ യോദ്ധാക്കളും സേനാനായകന്മാരും തേരാളികളും രഥങ്ങളുടെ അധിപന്മാരും കുതിരപ്പടയാളികളുമായാണ് നിയമിച്ചത്. 10അവരിൽ ശലോമോൻ രാജാവിന്റെ മുഖ്യഉദ്യോഗസ്ഥന്മാരായി ജനത്തെ ഭരിച്ചിരുന്ന ഇരുനൂറ്റമ്പതു പേരുണ്ടായിരുന്നു.
11“ഇസ്രായേൽരാജാവായിരുന്ന ദാവീദിന്റെ കൊട്ടാരത്തിൽ എന്റെ ഭാര്യ പാർത്തുകൂടാ; സർവേശ്വരന്റെ പെട്ടകം എത്തിയിരിക്കുന്ന സ്ഥലം വിശുദ്ധമാണ്”. ഇങ്ങനെ പറഞ്ഞു ഫറവോയുടെ പുത്രിയായ തന്റെ ഭാര്യയെ ശലോമോൻ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കായി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു.
12ദേവാലയ പൂമുഖത്തിനു മുമ്പിൽ താൻ നിർമ്മിച്ച യാഗപീഠത്തിന്മേൽ ശലോമോൻ സർവേശ്വരനു ഹോമയാഗങ്ങൾ അർപ്പിച്ചു. 13മോശയുടെ കല്പനപ്രകാരം ശബത്ത്, അമാവാസി, വാർഷികപ്പെരുന്നാളുകളായ പുളിപ്പുചേർക്കാത്ത അപ്പത്തിന്റെ പെരുന്നാൾ, വാരോത്സവം, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ അതതു ദിവസത്തെ ആവശ്യമനുസരിച്ച് ശലോമോൻ സർവേശ്വരനു ഹോമയാഗങ്ങളർപ്പിച്ചു. 14അദ്ദേഹം തന്റെ പിതാവായ ദാവീദിന്റെ കല്പനയനുസരിച്ചു പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അതതു ശുശ്രൂഷയ്‍ക്കു നിയോഗിച്ചു. സ്തോത്രഗീതം ആലപിക്കുന്നതിനും പുരോഹിതന്മാരെ സഹായിക്കുന്നതിനും ലേവ്യരെ അതതു ദിവസത്തെ ആവശ്യമനുസരിച്ചു യഥാക്രമം നിയമിച്ചു. കൂടാതെ ഓരോ വാതിലിനും കാവല്‌ക്കാരെയും നിയോഗിച്ചു. ഇങ്ങനെയാണു ദൈവപുരുഷനായ ദാവീദ് കല്പിച്ചിരുന്നത്. 15ഭണ്ഡാരത്തെയോ മറ്റേതെങ്കിലും കാര്യത്തെയോ സംബന്ധിച്ചുള്ള രാജകല്പന പുരോഹിതന്മാരും ലേവ്യരും ധിക്കരിച്ചില്ല.
16സർവേശ്വരന്റെ ആലയത്തിന് അടിസ്ഥാനമിട്ടതുമുതൽ അതിന്റെ പൂർത്തീകരണംവരെയുള്ള സകല പണികളും ശലോമോൻ ചെയ്തു തീർത്തു. അങ്ങനെ സർവേശ്വരന്റെ ആലയം പൂർത്തിയായി.
17പിന്നീടു ശലോമോൻ എദോംദേശത്തെ എസ്യോൻ- ഗേബെർ, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി. 18ഹൂരാം തന്റെ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ നാവികരോടുകൂടി കപ്പലുകൾ അയച്ചുകൊടുത്തു. അവർ ശലോമോന്റെ ദാസന്മാരോടൊത്ത് ഓഫീരിലേക്കു പോയി; നാനൂറ്റമ്പതു താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻരാജാവിനു കൊടുത്തു.
Currently Selected:
2 CHRONICLE 8: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.