2 CHRONICLE 7
7
ദേവാലയ പ്രതിഷ്ഠ
(1 രാജാ. 8:62-66)
1ശലോമോൻ പ്രാർഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗത്തിൽനിന്നു തീയിറങ്ങി ഹോമയാഗങ്ങളും മറ്റു യാഗവസ്തുക്കളും ദഹിപ്പിച്ചു; സർവേശ്വരന്റെ തേജസ്സ് ആലയത്തിൽ നിറഞ്ഞു. 2അവിടുത്തെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ പുരോഹിതന്മാർക്ക് അവിടെ പ്രവേശിക്കാൻ കഴിഞ്ഞില്ല. 3അഗ്നി ഇറങ്ങുന്നതും ആലയത്തിൽ സർവേശ്വരന്റെ തേജസ്സ് നിറയുന്നതും ഇസ്രായേൽജനം കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് അവിടുത്തെ നമസ്കരിച്ചു. “സർവേശ്വരൻ നല്ലവനാണല്ലോ; അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണ്” എന്നു പറഞ്ഞ് അവിടുത്തെ സ്തുതിച്ചു. 4പിന്നീട് രാജാവും ജനവും ചേർന്നു സർവേശ്വരന്റെ സന്നിധിയിൽ യാഗം അർപ്പിച്ചു. 5ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും ശലോമോൻരാജാവ് യാഗം അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും ചേർന്നു ദേവാലയ പ്രതിഷ്ഠ നടത്തി. 6പുരോഹിതന്മാർ താന്താങ്ങളുടെ സ്ഥാനങ്ങളിൽ നിന്നു. സർവേശ്വരനു സ്തുതിഗീതങ്ങൾ പാടുമ്പോൾ ഉപയോഗിക്കുന്നതിനു ദാവീദുരാജാവ് നിർമ്മിച്ച വാദ്യോപകരണങ്ങളുമായി ലേവ്യർ അവർക്ക് അഭിമുഖമായി നിന്നു. അവയുടെ അകമ്പടിയോടെ ആയിരുന്നു, “അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വത”മെന്നു പറഞ്ഞു ദാവീദ് സർവേശ്വരനു സ്തോത്രമർപ്പിച്ചിരുന്നത്. ഇസ്രായേൽജനം എഴുന്നേറ്റുനില്‌ക്കവേ പുരോഹിതന്മാർ കാഹളം മുഴക്കി.
7ശലോമോൻ നിർമ്മിച്ച ഓട്ടുയാഗപീഠം ഹോമയാഗവും ധാന്യയാഗവും മേദസ്സും അർപ്പിക്കാൻ മതിയാകാതെ വന്നതിനാൽ സർവേശ്വരന്റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം ശലോമോൻ ശുദ്ധീകരിച്ചു. അവിടെ ഹോമയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
8ശലോമോൻ ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്റെ അതിരുമുതൽ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളിൽനിന്നുമുള്ള ഇസ്രായേൽജനങ്ങൾ അദ്ദേഹത്തോടൊപ്പം അതിൽ പങ്കെടുത്തു. 9യാഗപീഠ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം ഏഴുദിവസം നീണ്ടുനിന്നു; എട്ടാം ദിവസം അവർ വിശുദ്ധസഭ കൂടി. 10ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം രാജാവ് ജനത്തെ അവരുടെ വീടുകളിലേക്ക് അയച്ചു. ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി സർവേശ്വരൻ നല്‌കിയ അനുഗ്രഹങ്ങൾ ഓർത്ത് അവരുടെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു.
ദൈവം വീണ്ടും പ്രത്യക്ഷനാകുന്നു
(1 രാജാ. 9:1-9)
11ശലോമോൻ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും പണിതുതീർത്തു; ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീർത്തു. 12പിന്നീട് സർവേശ്വരൻ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ പ്രാർഥന ഞാൻ കേട്ടു. എനിക്കു യാഗം അർപ്പിക്കുന്നതിനുള്ള ആലയമായി ഞാൻ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു. 13മഴ പെയ്യാതിരിക്കാൻ ഞാൻ ആകാശം അടയ്‍ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാൻ വെട്ടുക്കിളിയെ അയയ്‍ക്കുകയോ എന്റെ ജനത്തിനിടയിൽ മഹാമാരി വരുത്തുകയോ ചെയ്യുമ്പോൾ, 14എന്റെ നാമത്തിൽ അറിയപ്പെടുന്ന എന്റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാർഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. 15ഇവിടെനിന്ന് ഉയരുന്ന പ്രാർഥനകളിലേക്ക് എന്റെ കണ്ണും കാതും തുറന്നിരിക്കും. 16എന്റെ നാമം ഇവിടെ എന്നേക്കും നിലനിർത്തുന്നതിനുവേണ്ടി ഈ ആലയം ഞാൻ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്റെ ദൃഷ്‍ടിയും എന്റെ ഹൃദയവും ഇവിടെ ഉണ്ടായിരിക്കും. 17നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ മുൻപാകെ ജീവിക്കുകയും എന്റെ കല്പനകൾ അനുസരിക്കുകയും ഞാൻ നിനക്കു നല്‌കിയിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, 18ഇസ്രായേലിനെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരുവൻ ഇല്ലാതെ വരികയില്ല എന്നു നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടി അനുസരിച്ചു നിന്റെ സിംഹാസനം ഞാൻ സുസ്ഥിരമാക്കും. 19എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ്, ഞാൻ നിങ്ങൾക്കു നല്‌കിയ എന്റെ ചട്ടങ്ങളും നിയമങ്ങളും ത്യജിച്ച് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താൽ 20ഞാൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന ദേശത്തുനിന്നു നിങ്ങളെ പിഴുതെറിയും. എനിക്കുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ആലയം ഞാൻ നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയിൽ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും.
21മഹത്തായ ഈ ആലയത്തിന്റെ മുമ്പിലൂടെ കടന്നുപോകുന്നവർ അദ്ഭുതപ്പെട്ടു “സർവേശ്വരൻ ഈ ദേശത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തത് എന്ത് എന്നു ചോദിക്കും. 22തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സ്വീകരിച്ച് ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവിടുന്ന് അവർക്ക് ഈ അനർഥമെല്ലാം വരുത്തിയത് എന്ന് അവർ പറയും.”
Currently Selected:
2 CHRONICLE 7: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.