2 CHRONICLE 5:7-14
2 CHRONICLE 5:7-14 MALCLBSI
പിന്നീട് പുരോഹിതന്മാർ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യഥാസ്ഥാനത്ത് ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിൻകീഴിൽ കൊണ്ടുവന്നു വച്ചു. പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നില്‌ക്കത്തക്കവിധം കെരൂബുകൾ പെട്ടകത്തിന്റെ മീതെ ചിറകുകൾ വിടർത്തിനിന്നു. അന്തർമന്ദിരത്തിനു മുമ്പിൽ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രങ്ങൾ കാണത്തക്കവിധം അത്രയ്‍ക്കു നീളമേറിയവ ആയിരുന്നു പെട്ടകത്തിന്റെ തണ്ടുകൾ. എന്നാൽ പുറമേനിന്നു നോക്കിയാൽ തണ്ടുകൾ കാണാൻ സാധ്യമല്ലായിരുന്നു. ഇന്നും അവ അവിടെയുണ്ട്. ഈജിപ്തിൽനിന്ന് ഇസ്രായേൽജനം പുറപ്പെട്ടുവന്നപ്പോൾ സീനായിമലയിൽ വച്ചാണല്ലോ സർവേശ്വരൻ അവരുമായി ഉടമ്പടി ചെയ്തത്. അവിടെവച്ച് മോശ പെട്ടകത്തിൽ വച്ച രണ്ടു കല്പലകകളല്ലാതെ മറ്റൊന്നും ഉടമ്പടിപ്പെട്ടകത്തിൽ ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽ നിന്നിറങ്ങി. അവിടെ സന്നിഹിതരായിരുന്ന പുരോഹിതന്മാരെല്ലാം വിഭാഗവ്യത്യാസം നോക്കാതെ സ്വയം ശുദ്ധീകരിച്ചിരുന്നു; ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ പുത്രന്മാർ, ചാർച്ചക്കാർ എന്നീ ലേവ്യഗായകരെല്ലാം നേർത്ത ലിനൻ വസ്ത്രം ധരിച്ചിരുന്നു. അവർ ഇലത്താളങ്ങൾ, കിന്നരങ്ങൾ, വീണകൾ എന്നിവയോടുകൂടി കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടൊപ്പം യാഗപീഠത്തിന്റെ കിഴക്കുവശത്തു നിന്നു. കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തിൽ സർവേശ്വരന് സ്തുതിസ്തോത്രങ്ങൾ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവർ സർവേശ്വരനെ പ്രകീർത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.” അപ്പോൾ സർവേശ്വരന്റെ ആലയത്തിൽ ഒരു മേഘം വന്നു നിറഞ്ഞു. അവിടുത്തെ തേജസ്സ് ദേവാലയത്തിൽ നിറഞ്ഞതിനാൽ അവിടെ നിന്നു ശുശ്രൂഷ നിർവഹിക്കാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.