2 CHRONICLE 4
4
ദേവാലയോപകരണങ്ങൾ
(1 രാജാ. 7:23-51)
1ശലോമോൻ ഓടുകൊണ്ട് ഒരു യാഗപീഠം പണിതു. അതിന്റെ നീളവും വീതിയും ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു. 2വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും അദ്ദേഹം വാർത്തുണ്ടാക്കി. അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു. 3ജലസംഭരണിയിൽ വക്കിനു താഴെ മുപ്പതു മുഴം ചുറ്റളവിൽ രണ്ടു നിരകളിലായി പല രൂപങ്ങളും വാർത്തുണ്ടാക്കിയിരുന്നു. 4ജലസംഭരണി പന്ത്രണ്ടു കാളരൂപങ്ങളുടെ പുറത്താണ് ഉറപ്പിച്ചിരുന്നത്. കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചാണ് നിന്നിരുന്നത്. സംഭരണി ഉറപ്പിച്ചിരുന്ന കാളകളുടെ പിൻഭാഗങ്ങൾ സംഭരണിയുടെ അടിയിലേക്കു തിരിഞ്ഞിരുന്നു. 5ജലസംഭരണിക്ക് ഒരു കൈപ്പത്തി കനമുണ്ടായിരുന്നു. അതിന്റെ വക്ക് പാനപാത്രത്തിൻറേതുപോലെയും വിടർന്ന ലില്ലിപൂവുപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു. 6കഴുകാൻ വെള്ളം വയ്‍ക്കുന്നതിനു പത്തു തൊട്ടികൾ പണിയിച്ചു. അവയിൽ അഞ്ചെണ്ണം വടക്കുഭാഗത്തും അഞ്ച് തെക്കുഭാഗത്തും സ്ഥാപിച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കൾ അവയിലാണു കഴുകിയിരുന്നത്. ജലസംഭരണിയാകട്ടെ പുരോഹിതന്മാരുടെ ഉപയോഗത്തിനുള്ളതായിരുന്നു.
7നിർദ്ദേശിച്ചിരുന്നതുപോലെ സ്വർണംകൊണ്ട് പത്തു വിളക്കുകാലുകൾ ഉണ്ടാക്കി; അവ ദേവാലയത്തിനകത്ത് തെക്കും വടക്കും അഞ്ചു വീതം സ്ഥാപിച്ചു. 8അതുപോലെ പത്തു മേശകൾ ഉണ്ടാക്കി അഞ്ചു വീതം തെക്കും വടക്കും സ്ഥാപിച്ചു. നൂറു സ്വർണത്തളികകളും ഉണ്ടാക്കി. 9പുരോഹിതന്മാർക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകളും നിർമ്മിച്ചു. വാതിലുകൾ ഓടുകൊണ്ടു പൊതിഞ്ഞു. 10ജലസംഭരണി ആലയത്തിന്റെ തെക്കുകിഴക്കേ കോണിൽ സ്ഥാപിച്ചു.
11കലങ്ങളും കോരികകളും തളികകളും ഹൂരാം നിർമ്മിച്ചു. അങ്ങനെ ദേവാലയത്തിനുവേണ്ടി ചെയ്തു കൊടുക്കാമെന്നു ശലോമോനോട് ഏറ്റിരുന്ന പണികളെല്ലാം ഹൂരാം പൂർത്തിയാക്കി. 12രണ്ടു സ്തംഭങ്ങൾ, സ്തംഭങ്ങളുടെ മുകളിൽ ഗോളാകൃതിയിൽ ഉണ്ടാക്കിയ മകുടങ്ങൾ, മകുടങ്ങളുടെ ചുറ്റുമായി കോർത്തിണക്കിയ കണ്ഠാഭരണങ്ങൾ പോലെയുള്ള ചങ്ങലകൾ, 13സ്തംഭത്തിന്മേലുള്ള മകുടങ്ങളുടെ രണ്ടു ഗോളങ്ങൾ മറയ്‍ക്കാനുള്ള ചിത്രപ്പണികളിൽ രണ്ടു നിരയായുള്ള നാനൂറു മാതളപ്പഴരൂപങ്ങൾ, പീഠങ്ങൾ, 14അവയുടെ മേലുള്ള തൊട്ടികൾ, ജലസംഭരണി, 15അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകൾ, 16കലങ്ങൾ, കോരികകൾ, മുൾക്കരണ്ടികൾ തുടങ്ങി ദേവാലയത്തിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും മിനുക്കിയ ഓടുകൊണ്ടു നിർമ്മിച്ച് ഹൂരാം-ആബി ശലോമോൻരാജാവിനു നല്‌കി. 17യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മധ്യേയുള്ള സ്ഥലത്തു വച്ചു രാജാവ് ഇവയെല്ലാം വാർപ്പിച്ചു. 18ഇവയെല്ലാം ധാരാളമായി നിർമ്മിച്ചതുകൊണ്ട് അവയ്‍ക്ക് ഉപയോഗിച്ച ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയില്ല.
19അങ്ങനെ ശലോമോൻ ദേവാലയത്തിനുവേണ്ട സകല ഉപകരണങ്ങളും പണിയിച്ചു. സ്വർണയാഗപീഠം, കാഴ്ചയപ്പം വയ്‍ക്കുന്നതിനുള്ള മേശകൾ, 20വിധിപ്രകാരം അന്തർമന്ദിരത്തിനു മുമ്പിൽ കത്തിക്കേണ്ട പൊൻവിളക്കുകളും വിളക്കുകാലുകളും 21പുഷ്പങ്ങൾ, വിളക്കുകൾ, ചവണകൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ എന്നിവയെല്ലാം തങ്കംകൊണ്ടു നിർമ്മിച്ചു. 22ദേവാലയത്തിന്റെ പുറംവാതിലുകളും അതിവിശുദ്ധസ്ഥലത്തേക്കുള്ള വാതിലുകളും സ്വർണംകൊണ്ടു പൊതിഞ്ഞു.
Currently Selected:
2 CHRONICLE 4: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.