YouVersion Logo
Search Icon

2 CHRONICLE 35

35
യോശീയാ പെസഹ ആചരിക്കുന്നു
(2 രാജാ. 23:21-23)
1യോശീയാ യെരൂശലേമിൽ സർവേശ്വരനു പെസഹ ആചരിച്ചു. ഒന്നാം മാസം പതിന്നാലാം ദിവസം അവർ പെസഹാകുഞ്ഞാടിനെ കൊന്നു. 2അദ്ദേഹം പുരോഹിതന്മാരെ അവരുടെ ജോലികളിൽ നിയമിക്കുകയും സർവേശ്വരാലയത്തിലെ ശുശ്രൂഷകളിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 3ഇസ്രായേൽജനത്തെ പഠിപ്പിച്ചിരുന്നവരും സർവേശ്വരനുവേണ്ടി വേർതിരിക്കപ്പെട്ടവരുമായ ലേവ്യരോടു രാജാവു പറഞ്ഞു: 4“ഇസ്രായേൽരാജാവായ ദാവീദിന്റെ പുത്രൻ ശലോമോൻ നിർമ്മിച്ച ആലയത്തിൽ വിശുദ്ധ പെട്ടകം പ്രതിഷ്ഠിക്കുക; നിങ്ങൾ ഇനി അതു ചുമലിൽ വഹിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരനെയും അവിടുത്തെ ജനത്തെയും സേവിക്കുവിൻ. ഇസ്രായേൽ രാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ പുത്രൻ ശലോമോന്റെയും നിർദ്ദേശങ്ങളനുസരിച്ചു നിങ്ങളെത്തന്നെ പിതൃഭവനക്രമത്തിൽ ഗണങ്ങളായി തിരിക്കുക. 5നിങ്ങളുടെ സഹോദരരായ ജനങ്ങളുടെ ഓരോ പിതൃഭവനവിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനവിഭാഗത്തിന്റെയും സേവനം ലഭിക്കത്തക്കവിധം വിശുദ്ധസ്ഥലത്തു നില്‌ക്കണം. 6പെസഹാകുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെ സ്വയം ശുദ്ധീകരിക്കുകയും ചെയ്യുവിൻ. മോശയിലൂടെ നല്‌കിയ സർവേശ്വരന്റെ കല്പനപ്രകാരം നിങ്ങളുടെ സഹോദരർക്കുവേണ്ടി ഒരുക്കങ്ങൾ നടത്തുകയും ചെയ്യുക.” 7അവിടെ കൂടിയിരുന്ന എല്ലാവർക്കും വേണ്ടി പെസഹ അർപ്പിക്കുന്നതിനു രാജാവിന്റെ ആടുമാടുകളിൽനിന്നും ചെമ്മരിയാടുകളിൽനിന്നും കോലാടുകളിൽനിന്നും മുപ്പതിനായിരം ആട്ടിൻകുട്ടികളെയും മൂവായിരം കാളകളെയും യോശീയാ അവർക്കു നല്‌കി. 8അദ്ദേഹത്തിന്റെ പ്രഭുക്കന്മാർ ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും ദാനങ്ങൾ ഉദാരമായി നല്‌കി. ദേവാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരായ ഹില്‌ക്കീയാ, സെഖര്യാ, യെഹീയേൽ എന്നിവർ പുരോഹിതന്മാർക്കു പെസഹ അർപ്പിക്കാൻ രണ്ടായിരത്തറുനൂറ് ചെമ്മരിയാടുകളെയും കോലാട്ടിൻകുട്ടികളെയും മുന്നൂറു കാളകളെയും ദാനം ചെയ്തു. 9കോനന്യായും അയാളുടെ സഹോദരന്മാരായ ശെമയ്യായും നെഥനയേലും ലേവ്യ പ്രഭുക്കന്മാരായ ഹശബ്യായും യെഹീയേലും യോസാബാദും പെസഹ അർപ്പിക്കുന്നതിനായി അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിൻകുട്ടികളെയും അഞ്ഞൂറു കാളകളെയും ലേവ്യർക്കു നല്‌കി. 10ശുശ്രൂഷയ്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി; രാജകല്പനയനുസരിച്ചു പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ തങ്ങളുടെ ക്രമമനുസരിച്ചും നിന്നു. 11അവർ പെസഹാകുഞ്ഞാടിനെ കൊന്നു; പുരോഹിതന്മാർ അവയുടെ രക്തം ലേവ്യരിൽനിന്നു വാങ്ങി യാഗപീഠത്തിൽ തളിക്കുകയും ലേവ്യർ യാഗമൃഗത്തിന്റെ തോലുരിക്കുകയും ചെയ്തു. 12കാളയുൾപ്പെടെയുള്ള യാഗമൃഗങ്ങളെ മോശയുടെ ധർമശാസ്ത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ സർവേശ്വരനു ഹോമയാഗം അർപ്പിക്കാൻ പിതൃഭവനക്രമമനുസരിച്ചു ജനത്തിനു വിഭജിച്ചുകൊടുത്തു. 13ചട്ടപ്രകാരം ലേവ്യർ പെസഹാകുഞ്ഞാടുകളെ കൊന്നു തീയിൽ ചുട്ടെടുത്തു; വിശുദ്ധവഴിപാടുകൾ കലങ്ങളിലും ചട്ടികളിലും കുട്ടകങ്ങളിലും വേവിച്ച് ഉടൻതന്നെ സർവജനത്തിനും വിളമ്പിക്കൊടുത്തു. 14പിന്നീട് അവർ തങ്ങൾക്കും പുരോഹിതന്മാർക്കുമുള്ള പെസഹാഭക്ഷണം ഒരുക്കി; അഹരോന്യപുരോഹിതന്മാർ, ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്ന ജോലിയിൽ രാത്രിവരെ ഏർപ്പെട്ടിരുന്നതുകൊണ്ടാണു ലേവ്യർ തങ്ങൾക്കും അഹരോന്യപുരോഹിതന്മാർക്കുംവേണ്ടി പെസഹാഭക്ഷണം ഒരുക്കിയത്. 15ആസാഫ്യരായ ഗായകർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദീർഘദർശിയായ യെദൂഥൂന്റെയും കല്പനകളനുസരിച്ച് തങ്ങളുടെ സ്ഥാനത്തും വാതിൽകാവല്‌ക്കാർ അവരവരുടെ സ്ഥാനങ്ങളിലും നിന്നു; സഹോദരരായ ലേവ്യർ തങ്ങൾക്കുവേണ്ടി പെസഹ ഒരുക്കിയിരുന്നതുകൊണ്ടു തങ്ങളുടെ ശുശ്രൂഷയിൽനിന്ന് അവർക്കും മാറി നില്‌ക്കേണ്ടി വന്നില്ല. 16ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിക്കുകയും യാഗപീഠത്തിൽ ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു. അങ്ങനെ സർവേശ്വരന്റെ ആരാധനയ്‍ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 17അവിടെ ഉണ്ടായിരുന്ന ഇസ്രായേൽജനം പെസഹയും ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ആചരിച്ചു. 18ശമൂവേൽപ്രവാചകന്റെ കാലശേഷം ഇസ്രായേലിൽ ഇതുപോലൊരു പെസഹ ആചരിച്ചിട്ടില്ല. മാത്രമല്ല, യോശീയായും പുരോഹിതന്മാരും ലേവ്യരും അവിടെ സമ്മേളിച്ചിരുന്ന യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനങ്ങളും യെരൂശലേംനിവാസികളും ചേർന്ന് ആചരിച്ച ഈ പെസഹപോലെ ഒരു പെസഹ മറ്റൊരു ഇസ്രായേൽരാജാവും ആചരിച്ചിട്ടുമില്ല. 19യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വർഷമായിരുന്നു ഇത് ആചരിച്ചത്.
യോശീയായുടെ അന്ത്യം
(2 രാജാ. 23:28-30)
20യോശീയാ ദേവാലയകാര്യങ്ങളെല്ലാം പൂർത്തിയാക്കി. അതിനുശേഷം യൂഫ്രട്ടീസിനു സമീപമുള്ള കർക്കെമീശ് ആക്രമിക്കാൻ ചെന്ന ഈജിപ്തുരാജാവായ നെഖോയെ നേരിടാൻ അദ്ദേഹം പുറപ്പെട്ടു. 21എന്നാൽ നെഖോ ദൂതന്മാർ മുഖേന യോശീയായോടു പറഞ്ഞു: “യെഹൂദാരാജാവേ, നാം തമ്മിൽ എന്തിനു യുദ്ധം ചെയ്യണം? ഞാൻ വരുന്നത് അങ്ങയെ ആക്രമിക്കാനല്ല; പിന്നെയോ എന്നോടു ശത്രുത പുലർത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാണ്. അതു വേഗം നടത്താൻ ദൈവം എനിക്കു കല്പന തന്നിരിക്കുന്നു. അതുകൊണ്ട് എന്റെ പക്ഷത്തുള്ള ദൈവത്തെ എതിർക്കാതെ പിന്തിരിയുക. അല്ലെങ്കിൽ അവിടുന്നു നിങ്ങളെ നശിപ്പിക്കും.” 22എന്നാൽ യോശീയാ പിന്തിരിഞ്ഞില്ല. നെഖോയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകൾ ശ്രദ്ധിക്കാതെ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധം ചെയ്യുന്നതിനു പോയി. മെഗിദ്ദോ താഴ്‌വരയിൽവച്ച് അവർ തമ്മിൽ ഏറ്റുമുട്ടി. 23വില്ലാളികൾ യോശീയാരാജാവിനെ എയ്തു മുറിവേല്പിച്ചു. രാജാവു ഭൃത്യന്മാരോടു പറഞ്ഞു: “എന്നെ ഇവിടെനിന്നും കൊണ്ടുപോകുക; എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.” 24അവർ അദ്ദേഹത്തെ ആ രഥത്തിൽ നിന്നിറക്കി മറ്റൊരു രഥത്തിൽ യെരൂശലേമിൽ കൊണ്ടുവന്നു. അദ്ദേഹം മരിച്ചു, പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു. സമസ്ത യെഹൂദ്യയും യെരൂശലേമും യോശീയായെച്ചൊല്ലി വിലപിച്ചു. 25യിരെമ്യാപ്രവാചകൻ യോശീയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാരായ സകല ഗായകരും വിലാപം നടത്തുമ്പോൾ ഇന്നും യോശീയായെപ്പറ്റി പരാമർശിക്കാറുണ്ട്. ഇസ്രായേലിൽ അത് ഒരു പതിവായിത്തീർന്നിരിക്കുന്നു; അവ വിലാപഗീതങ്ങളിൽ ചേർത്തിട്ടുമുണ്ട്. 26യോശീയായുടെ മറ്റു പ്രവർത്തനങ്ങളും സർവേശ്വരന്റെ നിയമങ്ങൾ അനുസരിച്ചുള്ള അദ്ദേഹത്തിന്റെ സൽപ്രവൃത്തികളും ആദ്യന്തം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Currently Selected:

2 CHRONICLE 35: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in