2 CHRONICLE 34:1-8
2 CHRONICLE 34:1-8 MALCLBSI
വാഴ്ച ആരംഭിച്ചപ്പോൾ യോശിയായ്‍ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. സർവേശ്വരനു പ്രസാദകരമാംവിധം യോശീയാ ജീവിച്ചു. തന്റെ പൂർവപിതാവായ ദാവീദിന്റെ മാർഗത്തിൽനിന്ന് അല്പംപോലും വ്യതിചലിച്ചില്ല. തന്റെ വാഴ്ചയുടെ എട്ടാം വർഷം, കൗമാരദശയിൽത്തന്നെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ ആരാധിക്കാൻ തുടങ്ങി; പന്ത്രണ്ടാം വർഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാർത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഭൃത്യന്മാർ ബാലിന്റെ ബലിപീഠങ്ങൾ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങൾ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാർത്തും കൊത്തിയും നിർമ്മിച്ച വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി. അവയ്‍ക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളിൽ അതു വിതറി. വിജാതീയ പുരോഹിതന്മാരുടെ അസ്ഥികൾ അവർ ആരാധിച്ചിരുന്ന ബലിപീഠങ്ങളിൽ വച്ചുതന്നെ ഹോമിച്ചു; അങ്ങനെ യെഹൂദായെയും യെരൂശലേമിനെയും ശുദ്ധീകരിച്ചു. മനശ്ശെ, എഫ്രയീം, ശിമെയോൻ തുടങ്ങി നഫ്താലിവരെയുള്ള ഗോത്രങ്ങൾക്കവകാശപ്പെട്ട പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്രകാരം പ്രവർത്തിച്ചു. ബലിപീഠങ്ങൾ ഇടിച്ചുനിരത്തി; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി; ഇസ്രായേൽ ദേശത്തെങ്ങുമുള്ള ധൂപപീഠങ്ങളും ഇടിച്ചു തകർത്തു; പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി. തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രൻ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകൾ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ നിയോഗിച്ചു.