2 CHRONICLE 33:9-17
2 CHRONICLE 33:9-17 MALCLBSI
“ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തതിലും അധികം തിന്മകൾ ചെയ്യാൻ യെഹൂദ്യരെയും യെരൂശലേംനിവാസികളെയും മനശ്ശെ പ്രേരിപ്പിച്ചു. സർവേശ്വരൻ മനശ്ശെയ്‍ക്കും ജനത്തിനും മുന്നറിയിപ്പു നല്‌കിയെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല. അതുകൊണ്ട് സർവേശ്വരൻ അസ്സീറിയാരാജാവിന്റെ സൈന്യാധിപന്മാരെ യെഹൂദായെ ആക്രമിക്കാൻ കൊണ്ടുവന്നു; അവർ മനശ്ശെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. ഈ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ സർവേശ്വരനോടു കരുണയ്‍ക്കായി അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ സ്വയം വിനയപ്പെടുത്തി അവിടുത്തോടു പ്രാർഥിച്ചു. അവിടുന്നു അദ്ദേഹത്തിന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളുകയും യെരൂശലേമിലേക്ക്, സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു. സർവേശ്വരനാണ് യഥാർഥ ദൈവം എന്നു മനശ്ശെ മനസ്സിലാക്കി. പിന്നീട് മനശ്ശെ ഗീഹോനു പടിഞ്ഞാറുള്ള താഴ്‌വരമുതൽ മത്സ്യകവാടംവരെ ഓഫേലിനു ചുറ്റും ദാവീദിന്റെ നഗരത്തിനു വളരെ ഉയരമുള്ള ഒരു പുറംമതിൽ നിർമ്മിച്ചു; യെഹൂദ്യയിലെ സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ നിയമിക്കുകയും ചെയ്തു. അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽനിന്ന് അന്യദേവന്മാരെയും താൻ സ്ഥാപിച്ച വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയം സ്ഥാപിച്ചിരുന്ന പർവതത്തിലും യെരൂശലേമിന്റെ മറ്റു ഭാഗങ്ങളിലും പണിതിരുന്ന സകല ബലിപീഠങ്ങളും നീക്കി അവയെല്ലാം നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. അദ്ദേഹം സർവേശ്വരന്റെ യാഗപീഠം പുതുക്കിപ്പണിത് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ യെഹൂദ്യരോടു കല്പിച്ചു. എങ്കിലും ജനം പൂജാഗിരികളിൽ തുടർന്നും യാഗമർപ്പിച്ചു. എന്നാൽ അത് അവരുടെ ദൈവമായ സർവേശ്വരനുവേണ്ടി മാത്രമായിരുന്നു.