YouVersion Logo
Search Icon

2 CHRONICLE 30

30
പെസഹയ്‍ക്കുള്ള ഒരുക്കം
1ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യെരൂശലേമിൽ സർവേശ്വരാലയത്തിലേക്കു വരുന്നതിന് ഇസ്രായേലിലും യെഹൂദ്യയിലുമുള്ള എല്ലാവരുടെയും അടുക്കൽ ഹിസ്കീയാ ആളയയ്‍ക്കുകയും എഫ്രയീമിലേക്കും മനശ്ശെയിലേക്കും കത്തുകൾ എഴുതുകയും ചെയ്തു. 2ഒന്നാം മാസത്തിലായിരുന്നു പെസഹ ആചരിക്കേണ്ടിയിരുന്നത്. 3എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതുകൊണ്ടും ജനം യെരൂശലേമിൽ ഒന്നിച്ചുകൂടാതിരുന്നതുകൊണ്ടും യഥാസമയം ആചരിക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ടു രണ്ടാം മാസത്തിൽ പെസഹ ആചരിക്കാൻ രാജാവും പ്രഭുക്കന്മാരും യെരൂശലേംനിവാസികളും ആലോചിച്ചു. 4അത് രാജാവിനും ജനത്തിനും സ്വീകാര്യമായിരുന്നു. 5ജനം ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യെരൂശലേമിൽ വന്നുകൂടുന്നതിനു ബേർ-ശേബമുതൽ ദാൻവരെ ഇസ്രായേലിലെല്ലാം വിളംബരം ചെയ്യണമെന്ന് അവർ കല്പന നല്‌കി. അതുവരെ വിധിപ്രകാരം അധികം പേർ പെസഹ ആചരിച്ചിരുന്നില്ല. 6രാജാവും പ്രഭുക്കന്മാരും ചേർന്നു തയ്യാറാക്കിയ കത്തുകളുമായി സന്ദേശവാഹകർ ഇസ്രായേലിലും യെഹൂദ്യയിലും സഞ്ചരിച്ചു. രാജാവ് ഇപ്രകാരം കല്പിച്ചിരുന്നു: “ഇസ്രായേൽജനമേ, അസ്സീറിയാരാജാക്കന്മാരുടെ കൈയിൽനിന്നു രക്ഷപെട്ട നിങ്ങൾ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരനിലേക്കു തിരിയുക. എന്നാൽ അവിടുത്തെ കൃപാകടാക്ഷം നിങ്ങൾക്കുണ്ടാകും. 7നിങ്ങളുടെ പിതാക്കന്മാരെയും സഹോദരരെയുംപോലെ നിങ്ങൾ ആകരുത്; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോട് അവിശ്വസ്തരായി; അതുകൊണ്ട് നിങ്ങൾക്ക് അറിയാവുന്നതുപോലെ അവിടുന്ന് അവരെ നശിപ്പിച്ചു. 8നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യക്കാർ ആകരുത്. സർവേശ്വരനു നിങ്ങളെത്തന്നെ സമർപ്പിക്കുവിൻ. അവിടുന്ന് എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന അവിടുത്തെ വിശുദ്ധമന്ദിരത്തിൽ വന്ന് നിങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കുവിൻ. അങ്ങനെ അവിടുത്തെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറട്ടെ. 9നിങ്ങൾ സർവേശ്വരനിലേക്കു തിരിയുന്നുവെങ്കിൽ നിങ്ങളുടെ സഹോദരരും മക്കളും അവരെ തടവുകാരാക്കിക്കൊണ്ടുപോയവരുടെ മുമ്പിൽ കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ കൃപയും കരുണയുമുള്ളവൻ. നിങ്ങൾ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞാൽ നിങ്ങളിൽനിന്ന് അവിടുന്നു മുഖം തിരിച്ചുകളയുകയില്ല.” 10ദൂതന്മാർ എഫ്രയീമ്യരുടെയും മനശ്ശ്യെരുടെയും ഗോത്രങ്ങൾക്ക് അവകാശപ്പെട്ട സകല പട്ടണങ്ങളിലും സെബൂലൂൻഗോത്രക്കാരുടെ അടുക്കൽവരെയും സഞ്ചരിച്ചു. അവിടെയുള്ള ജനങ്ങളാകട്ടെ അവരെ പുച്ഛിച്ചു പരിഹസിച്ചു. 11എന്നാൽ ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിലുള്ള ചിലർ തങ്ങളെത്തന്നെ വിനയപ്പെടുത്തി യെരൂശലേമിലേക്കു വന്നു. 12സർവേശ്വരന്റെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നല്‌കിയ കല്പന യെഹൂദ്യയിലെ ജനം ഏകമനസ്സോടെ അനുസരിക്കുന്നതിന് ഇടയാകുംവിധം ദൈവം പ്രവർത്തിച്ചു.
പെസഹ ആചരിക്കുന്നു
13രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കാൻ വലിയ ജനസമൂഹം യെരൂശലേമിൽ വന്നുകൂടി. 14അവർ യെരൂശലേമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും നീക്കിക്കളഞ്ഞു; ധൂപാർപ്പണത്തിനുള്ള പീഠങ്ങളെല്ലാം കിദ്രോൻ താഴ്‌വരയിലേക്ക് എറിഞ്ഞു. 15രണ്ടാം മാസം പതിന്നാലാം ദിവസം അവർ പെസഹാകുഞ്ഞാടിനെ കൊന്നു; ശുദ്ധീകരണം നടത്താത്ത പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സർവേശ്വരന്റെ ആലയത്തിൽ ഹോമയാഗത്തിനുള്ള വസ്തുക്കൾ സജ്ജമാക്കി. 16അവർ ദൈവപുരുഷനായ മോശയുടെ നിയമമനുസരിച്ചു തങ്ങൾക്കുള്ള നിർദ്ദിഷ്ടസ്ഥാനങ്ങളിൽ നിന്നു. പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്നു രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. 17സ്വയം ശുദ്ധീകരിക്കാത്ത പലരും ആ സമൂഹത്തിൽ ഉണ്ടായിരുന്നു; അവർക്കു പെസഹാകുഞ്ഞാടിനെ കൊല്ലുവാൻ കഴിയുമായിരുന്നില്ല. അവർക്ക് ഓരോരുത്തർക്കുംവേണ്ടി ലേവ്യർ പെസഹാകുഞ്ഞാടിനെ കൊന്നു. 18ഒരു വലിയ ജനസമൂഹം, വിശേഷിച്ച് എഫ്രയീം, മനശ്ശെ, ഇസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽ നിന്നുള്ള അനേകം പേർ സ്വയം ശുദ്ധീകരിക്കാതെ വിധിപ്രകാരമല്ലാതെ പെസഹ ഭക്ഷിച്ചു. ഹിസ്കീയാ അവർക്കുവേണ്ടി പ്രാർഥിച്ചു: 19“സർവേശ്വരാ, ദേവാലയത്തിലെ നിയമപ്രകാരം ശുദ്ധീകരണം പ്രാപിച്ചവർ അല്ലെങ്കിലും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്ന എല്ലാവരോടും നല്ലവനായ അവിടുന്നു ക്ഷമിക്കണമേ.” 20അവിടുന്നു ഹിസ്കീയായുടെ പ്രാർഥന കേട്ട് അവരെ ശിക്ഷിച്ചില്ല. 21യെരൂശലേമിൽ വന്നുകൂടിയിരുന്ന ഇസ്രായേൽജനം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം ആഹ്ലാദപൂർവം ആചരിച്ചു. ലേവ്യരും പുരോഹിതന്മാരും സർവശക്തിയോടുംകൂടെ ദിവസംതോറും സർവേശ്വരനെ പാടി സ്തുതിച്ചു. 22സർവേശ്വരശുശ്രൂഷയിൽ ലേവ്യർ പ്രകടിപ്പിച്ച കാര്യക്ഷമതയെ ഹിസ്കീയാ അഭിനന്ദിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരന് സമാധാനയാഗങ്ങളും സ്തോത്രവും അർപ്പിച്ചുകൊണ്ട് ജനം ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. 23ഏഴു ദിവസം കൂടി ഉത്സവം ആചരിക്കാൻ ജനസമൂഹം നിശ്ചയിച്ചു. അങ്ങനെ വേറെ ഏഴു ദിവസംകൂടി അവർ ആഹ്ലാദപൂർവം ആഘോഷിച്ചു. 24യെഹൂദാരാജാവായ ഹിസ്കീയാ ആയിരം കാളകളെയും ഏഴായിരം ആടുകളെയും അവർക്കു നല്‌കി; കൂടാതെ പ്രഭുക്കന്മാർ ആയിരം കാളകളെയും പതിനായിരം ആടുകളെയും അവർക്കു കൊടുത്തു. അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. 25യെഹൂദ്യയിലെ സമസ്ത ജനങ്ങളും പുരോഹിതന്മാരും ലേവ്യരും ഇസ്രായേലിൽനിന്നു വന്ന ജനങ്ങളും ഇസ്രായേലിലും യെഹൂദ്യയിലും പാർക്കുന്നവരായ പരദേശികളും സന്തോഷിച്ചു. 26യെരൂശലേമിൽ അത്യധികമായ ആഹ്ലാദമുണ്ടായി. ഇസ്രായേൽരാജാവായ ദാവീദിന്റെ പുത്രൻ ശലോമോന്റെ കാലത്തിനുശേഷം അതുപോലൊന്നു യെരൂശലേമിൽ ഉണ്ടായിട്ടില്ല. 27പുരോഹിതന്മാരും ലേവ്യരും എഴുന്നേറ്റു ജനത്തെ ആശീർവദിച്ചു. അവരുടെ പ്രാർഥനയുടെ ശബ്ദം സ്വർഗത്തിൽ ദൈവസന്നിധിയിലെത്തി.

Currently Selected:

2 CHRONICLE 30: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in