2 CHRONICLE 22
22
അഹസ്യാ
(2 രാജാ. 8:25-29; 9:21-28)
1യെരൂശലേംനിവാസികൾ യെഹോരാമിന്റെ ഇളയ പുത്രനായ അഹസ്യായെ രാജാവായി വാഴിച്ചു. അറബികളുടെ കൂടെ പാളയത്തിൽ വന്നിരുന്നവർ മൂത്ത പുത്രന്മാരെയെല്ലാം വധിച്ചിരുന്നുവല്ലോ. അങ്ങനെ യെഹോരാമിന്റെ പുത്രൻ അഹസ്യാ യെഹൂദ്യയിൽ ഭരണം ആരംഭിച്ചു. 2വാഴ്ച ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് #22:2 ഇരുപത്തിരണ്ട് = ഹീബ്രുവിൽ നാല്പത്തിരണ്ട്. ചില പുരാതന പരിഭാഷകളിലും, 2രാജാ. 8:26 ലും ഇരുപത്തിരണ്ട് എന്നു കാണുന്നു.ഇരുപത്തിരണ്ടു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമിൽ ഒരു വർഷം ഭരിച്ചു; അദ്ദേഹത്തിന്റെ മാതാവ് ഒമ്രിയുടെ പൗത്രിയായ അഥല്യാ ആയിരുന്നു. 3അദ്ദേഹവും ആഹാബ്‍രാജാവിന്റെയും അദ്ദേഹത്തിന്റെ ഭവനത്തിന്റെയും മാർഗത്തിൽത്തന്നെ ചരിച്ചു; കാരണം ദുഷ്പ്രവൃത്തികൾ ചെയ്യുന്നതിന് അഹസ്യായ്‍ക്ക് മാതാവ് പ്രേരണ നല്‌കിയിരുന്നു. 4ആഹാബിന്റെ ഭവനക്കാരെപ്പോലെ അദ്ദേഹവും സർവേശ്വരന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. പിതാവിന്റെ മരണശേഷം ആഹാബിന്റെ ഭവനത്തിലുള്ളവരായിരുന്നു അദ്ദേഹത്തിന്റെ ഉപദേശകർ. അത് അയാളുടെ അധഃപതനത്തിന് ഇടയാക്കി. 5അവരുടെ ഉപദേശമനുസരിച്ച് ഇസ്രായേൽരാജാവായ ആഹാബിന്റെ പുത്രൻ യോരാമിനോടൊത്ത് അദ്ദേഹം സിറിയാരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി. സിറിയാക്കാർ യോരാമിനെ പരുക്കേൽപ്പിച്ചു. 6രാമോത്തിൽവച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ ഏറ്റ മുറിവുകൾ ചികിത്സിക്കാൻ യോരാം ജെസ്രീലിലേക്കു മടങ്ങിപ്പോയി. ആഹാബിന്റെ പുത്രനായ അദ്ദേഹം രോഗി ആയിത്തീർന്നതുകൊണ്ട് അയാളെ സന്ദർശിക്കുവാൻ യെഹോരാമിന്റെ പുത്രൻ അഹസ്യാ ജെസ്രീലിൽ എത്തി. 7അഹസ്യായുടെ ഈ സന്ദർശനം അദ്ദേഹത്തിന്റെ പതനത്തിനു മുഖാന്തരമാകണം എന്നതായിരുന്നു ദൈവഹിതം. അവിടെ എത്തിയശേഷം നിംശിയുടെ പുത്രനും ആഹാബിന്റെ ഭവനത്തെ നശിപ്പിക്കാൻ സർവേശ്വരനാൽ അഭിഷിക്തനുമായ യേഹൂവിനെ നേരിടാൻ യോരാമിന്റെ കൂടെ അഹസ്യാ പുറപ്പെട്ടു. 8ആഹാബ് ഭവനക്കാർക്കെതിരെ ന്യായവിധി നടത്തുമ്പോൾ യേഹൂ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യായുടെ ചാർച്ചക്കാരായ അദ്ദേഹത്തിന്റെ ശുശ്രൂഷകരെയും കണ്ടുമുട്ടി, യേഹൂ അവരെ വധിച്ചു. 9പിന്നീട് അഹസ്യായെ അന്വേഷിച്ചു. ശമര്യയിൽ ഒളിച്ചിരുന്ന അഹസ്യായെ അവർ പിടികൂടി, യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്ന് അവിടെവച്ചു അദ്ദേഹത്തെയും വധിച്ചു. “പൂർണഹൃദയത്തോടെ സർവേശ്വരനെ സേവിച്ചിരുന്ന യെഹോശാഫാത്തിന്റെ പൗത്രൻ ആണല്ലോ ഇയാൾ” എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ സംസ്കരിച്ചു. രാജ്യഭാരം ഏല്‌ക്കാൻ കഴിവുള്ള ആരും അഹസ്യായുടെ ഭവനത്തിൽ ഉണ്ടായിരുന്നില്ല.
അഥല്യാരാജ്ഞി
(2 രാജാ. 11:1-20)
10അഹസ്യായുടെ മാതാവ് അഥല്യാ സ്വന്തപുത്രന്റെ മരണവാർത്ത അറിഞ്ഞ് യെഹൂദാ രാജകുടുംബത്തിൽപ്പെട്ട എല്ലാവരെയും വധിച്ചു. 11വധിക്കപ്പെടാൻ പോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യായുടെ പുത്രൻ യോവാശിനെ രഹസ്യമായി കൊണ്ടുവന്ന് പരിചാരികയോടൊപ്പം ഒരു ഉറക്കറയിൽ രാജപുത്രിയായ യെഹോശബത്ത് പാർപ്പിച്ചു. യെഹോരാംരാജാവിന്റെ പുത്രിയും അഹസ്യായുടെ സഹോദരിയും യെഹോയാദപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത് യോവാശിനെ ഒളിപ്പിച്ചതുകൊണ്ട് അവനെ വധിക്കാൻ അഥല്യാക്കു കഴിഞ്ഞില്ല. 12ആറു വർഷം അവൻ സംരക്ഷകരുടെ കൂടെ ദേവാലയത്തിൽ ഒളിച്ചുപാർത്തു. അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.
Currently Selected:
2 CHRONICLE 22: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.