2 CHRONICLE 20:5-12
2 CHRONICLE 20:5-12 MALCLBSI
സർവേശ്വര ആലയത്തിലെ പുതിയ അങ്കണത്തിൽ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പിൽ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരാ, അവിടുന്നു സ്വർഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആർക്കും എതിർത്തു നില്‌ക്കാൻ കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്. ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതികൾക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ. അവർ അവിടെ പാർത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു. അവർ പറഞ്ഞു: ‘യുദ്ധം, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർഥങ്ങൾ ഞങ്ങളെ നേരിടുമ്പോൾ ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിൽ അവിടുത്തെ സന്നിധിയിൽ വന്നു ഞങ്ങളുടെ കഷ്ടതയിൽ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാർഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ.’ ഇസ്രായേൽജനം ഈജിപ്തിൽനിന്നു വന്നപ്പോൾ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാൻ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യർ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി. അതിനുള്ള പ്രതിഫലമായി ഇതാ, അവർ അവിടുന്നു ഞങ്ങൾക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാൻ വന്നിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേൽ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാൻ ഞങ്ങൾ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങൾ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.”