1 THESALONIKA 5:12-28
1 THESALONIKA 5:12-28 MALCLBSI
സഹോദരരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും ക്രിസ്തീയജീവിതത്തിൽ നിങ്ങളെ വഴികാട്ടി നയിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ യഥോചിതം സമാദരിക്കണമെന്ന് ഞങ്ങൾ നിങ്ങളോടപേക്ഷിക്കുന്നു. അവർ ചെയ്ത അധ്വാനത്തെ പ്രതി നിങ്ങൾ അങ്ങേയറ്റം ആദരത്തോടും സ്നേഹത്തോടുംകൂടി അവരോടു പെരുമാറുക. നിങ്ങൾ സമാധാനമുള്ളവരായി ജീവിക്കുക. സഹോദരരേ, ഞങ്ങൾ നിങ്ങളെ ശക്തമായി പ്രബോധിപ്പിക്കുന്നത് ഇതാണ്: അലസന്മാർക്കു താക്കീതു നല്‌കുക; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക; ബലഹീനരെ സഹായിക്കുക; എല്ലാവരോടും സഹിഷ്ണുത കാണിക്കുക. ആരും തിന്മയ്‍ക്കു പകരം തിന്മ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. തമ്മിൽത്തമ്മിൽ എന്നല്ല, എല്ലാവർക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാർഥിക്കുക; എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തിൽനിന്നു ദൈവം ആഗ്രഹിക്കുന്നത്. ആത്മാവിന്റെ പ്രകാശം നിങ്ങൾ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്. സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക. എല്ലാവിധ ദോഷവും പരിത്യജിക്കുക. നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനവേളയിൽ തികച്ചും കുറ്റമറ്റതായിരിക്കുവാൻ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും. സഹോദരരേ, ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. വിശുദ്ധചുംബനത്താൽ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക. ഈ കത്ത് എല്ലാ വിശ്വാസികളെയും വായിച്ചു കേൾപ്പിക്കണമെന്ന് കർത്താവിന്റെ അധികാരത്താൽ ഞാൻ ആവശ്യപ്പെടുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.