YouVersion Logo
Search Icon

1 THESALONIKA 4

4
ദൈവത്തിനു പ്രസാദകരമായ ജീവിതം
1അവസാനമായി, സഹോദരരേ, ദൈവത്തിനു സംപ്രീതികരമായ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങളിൽനിന്നു നിങ്ങൾ പഠിച്ചു. നിങ്ങൾ അങ്ങനെതന്നെയാണു ജീവിക്കുന്നതും. എന്നാൽ നിങ്ങളുടെ ജീവിതം പൂർവാധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇപ്പോൾ അഭ്യർഥിക്കുകയും, നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. 2കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നല്‌കിയ പ്രബോധനങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ. 3നിങ്ങൾ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുർമാർഗത്തിൽനിന്നു പൂർണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്. 4ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾക്ക് അറിയാമല്ലോ. 5ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങൾ ജീവിക്കരുത്. 6ഇക്കാര്യത്തിൽ ആരും നിയമം ലംഘിച്ച് തന്റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കർത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങൾ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ. 7ദുർമാർഗത്തിൽ ജീവിക്കുവാനല്ല, വിശുദ്ധിയിൽ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്. 8ഈ ഉപദേശം അവഗണിക്കുന്ന ഏതൊരുവനും മനുഷ്യനെയല്ല അവഗണിക്കുന്നത്, പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നല്‌കുന്ന ദൈവത്തെ തന്നെയാണ്.
9സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ല. നിങ്ങൾ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നു ദൈവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 10വാസ്തവത്തിൽ മാസിഡോണിയയിലെങ്ങുമുള്ള എല്ലാ സഹോദരരോടും ഇങ്ങനെയാണ് നിങ്ങൾ പെരുമാറുന്നത്. സഹോദരരേ, നിങ്ങളുടെ സ്നേഹം അതിലുമധികമായി തീരണമെന്നാണ് ഞങ്ങൾ പ്രബോധിപ്പിക്കുന്നത്.
11ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. 12അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.
കർത്താവിന്റെ പ്രത്യാഗമനം
13സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങൾ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 14യേശു മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവിൽ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിർപ്പിക്കുമെന്നും നാം വിശ്വസിക്കുന്നു.
15ഇപ്പോൾ ഞങ്ങൾ കർത്താവിന്റെ ഉപദേശമാണ് നിങ്ങൾക്കു നല്‌കുന്നത്; കർത്താവിന്റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്. 16ഗംഭീരനാദം, പ്രധാനദൂതന്റെ ഘോഷം, ദൈവത്തിന്റെ കാഹളധ്വനി ഇവയോടുകൂടി കർത്താവു സ്വർഗത്തിൽനിന്ന് ഇറങ്ങിവരും. ക്രിസ്തുവിൽ വിശ്വസിച്ചു മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേല്‌ക്കും. 17അപ്പോൾ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തിൽ എഴുന്നള്ളുന്ന കർത്താവിനെ എതിരേല്‌ക്കുന്നതിനായി പിന്നീടു മേഘങ്ങളിൽ അവരോടുകൂടി ചേർക്കപ്പെടും. അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും. 18അതുകൊണ്ട് ഈ വാക്കുകളാൽ നിങ്ങൾ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക.

Currently Selected:

1 THESALONIKA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in