1 SAMUELA 30
30
അമാലേക്യരുമായുള്ള ബന്ധം
1ദാവീദും അനുയായികളും മൂന്നാം ദിവസം സിക്ലാഗിലെത്തി; അപ്പോഴേക്കും അമാലേക്യർ നെഗെബും സിക്ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗ് പിടിച്ചടക്കി അഗ്നിക്കിരയാക്കി. 2സ്‍ത്രീകളെയും പ്രായഭേദമെന്യേ എല്ലാവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ആരെയും അവർ കൊന്നില്ല. 3ദാവീദും അനുയായികളും പട്ടണത്തിൽ എത്തിയപ്പോൾ അതു തീവച്ചു നശിപ്പിച്ചിരിക്കുന്നതു കണ്ടു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തടവുകാരാക്കി കൊണ്ടുപോയതായും അറിഞ്ഞു. 4അപ്പോൾ ദാവീദും അനുയായികളും ശക്തി കെടുന്നതുവരെ കരഞ്ഞു. 5ദാവീദിന്റെ ഭാര്യമാരായ ജെസ്രീൽക്കാരി അഹീനോവാമും കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു. 6ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെ ഓർത്തു തീവ്രദുഃഖത്തിലായ അനുയായികൾ ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു. എന്നാൽ തന്റെ ദൈവമായ സർവേശ്വരനിൽ ദാവീദ് ധൈര്യം കണ്ടെത്തി.
7ദാവീദ് അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാർപുരോഹിതനോട് ഏഫോദു കൊണ്ടുവരാൻ പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. 8“ഞാൻ ആ കവർച്ചക്കാരെ പിന്തുടരണമോ? അവരെ പിടികൂടാൻ സാധിക്കുമോ?” ദാവീദു സർവേശ്വരനോടു ചോദിച്ചു. “പിന്തുടരുക, തീർച്ചയായും നീ അവരെ പിടികൂടും; സകലരെയും വീണ്ടെടുക്കും” അവിടുന്ന് ഉത്തരമരുളി. 9ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോർഅരുവിയുടെ അടുത്തെത്തി; കുറെപ്പേർ അവിടെ തങ്ങി. 10ക്ഷീണിച്ച് അവശരായിത്തീർന്ന ഇരുനൂറു പേർക്ക് ബെസോർതോടുകടക്കാൻ കഴിഞ്ഞില്ല. ദാവീദും നാനൂറു പേരും അമാലേക്യരെ പിന്തുടർന്നു. 11വിജനദേശത്തു കണ്ടുമുട്ടിയ ഒരു ഈജിപ്തുകാരനെ അനുയായികൾ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. അവർ അവനു അപ്പവും വെള്ളവും കൊടുത്തു. 12അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൂടി അവനു നല്‌കി; അതു തിന്നു കഴിഞ്ഞപ്പോൾ അവന് ഉന്മേഷമുണ്ടായി. മൂന്നു ദിവസമായി അവൻ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. 13ദാവീദ് അവനോടു ചോദിച്ചു: “ആരാണ് നിന്റെ യജമാനൻ? നീ എവിടെനിന്നു വരുന്നു?” അവൻ പറഞ്ഞു: “ഞാൻ ഈജിപ്തുകാരനാണ്. ഒരു അമാലേക്യന്റെ ഭൃത്യൻ. രോഗബാധിതനായി തീർന്നതിനാൽ മൂന്നു ദിവസം മുമ്പ് എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചു പൊയ്‍ക്കളഞ്ഞു; 14ഞങ്ങൾ നെഗെബിലുള്ള ക്രേത്യരുടെ ദേശം ആക്രമിക്കുകയും സിക്ലാഗ് അഗ്നിക്കിരയാക്കുകയും ചെയ്തു.” 15ദാവീദ് അവനോടു ചോദിച്ചു: “ആ കൊള്ളസംഘത്തിന്റെ അടുക്കലേക്കുള്ള വഴി എനിക്കു കാട്ടിത്തരാമോ?” “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന് ഏല്പിച്ചുകൊടുക്കുകയില്ലെന്നും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്താൽ ആ സംഘത്തിന്റെ അടുക്കലേക്കു ഞാൻ കൊണ്ടുപോകാം” അവൻ പറഞ്ഞു. 16അങ്ങനെ ദാവീദ് അവരുടെ അടുക്കലെത്തിയപ്പോൾ അവർ തിന്നും കുടിച്ചും ഉല്ലാസമായി അവിടെയെങ്ങും വിഹരിക്കുന്നതു കണ്ടു. ഫെലിസ്ത്യരുടെ ദേശത്തുനിന്നും യെഹൂദ്യയിൽനിന്നും ധാരാളം കൊള്ളവസ്തുക്കൾ അവർ പിടിച്ചെടുത്തിരുന്നല്ലോ; 17അന്നു സന്ധ്യമുതൽ പിറ്റേദിവസം വൈകുന്നതുവരെ ദാവീദ് അവരെ സംഹരിച്ചു. ഒട്ടകങ്ങളുടെമേൽ കയറി പാഞ്ഞുപോയ നാനൂറു പേരല്ലാതെ മറ്റാരും രക്ഷപെട്ടില്ല. 18അമാലേക്യർ അപഹരിച്ചിരുന്നതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി. 19അവർ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു. 20അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പിൽ നടത്തി; “ഇവ ദാവീദിന്റെ കൊള്ളവസ്തുക്കൾ” എന്ന് അവയെ തെളിച്ചിരുന്നവർ പറഞ്ഞു. 21തന്റെ കൂടെ പോരാൻ സാധിക്കാതെ ക്ഷീണിച്ചവശരായി ബെസോർഅരുവിയുടെ തീരത്ത് താമസിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദു മടങ്ങിച്ചെന്നു. അവർ അദ്ദേഹത്തെയും കൂടെയുള്ളവരെയും എതിരേല്‌ക്കാൻ അടുത്തുചെന്നു. ദാവീദ് മുമ്പോട്ടു ചെന്ന് അവരെ അഭിവാദനം ചെയ്തു. 22ദാവീദിന്റെ കൂടെ പോയിരുന്നവരിൽ നീചരും ദുഷ്ടരുമായവർ പറഞ്ഞു; “അവർ നമ്മുടെ കൂടെ പോരാതിരുന്നതിനാൽ കൊള്ളവസ്തുക്കളിൽ ഒന്നും അവർക്കു കൊടുക്കരുത്; അവർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാത്രം കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളട്ടെ.” 23എന്നാൽ ദാവീദു പറഞ്ഞു: “എന്റെ സഹോദരന്മാരേ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ നമ്മുടെ ശത്രുക്കളിൽനിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിലേല്പിച്ച സർവേശ്വരനാണ് അവയെല്ലാം നമുക്കു നല്‌കിയിരിക്കുന്നത്; 24നിങ്ങൾ പറയുന്നതിനോടു യോജിക്കാൻ ആർക്കു സാധിക്കും; യുദ്ധത്തിനു പോയവർക്കും സാധനസാമഗ്രികൾ സൂക്ഷിച്ചവർക്കും ഓഹരി ഒരുപോലെ ആയിരിക്കണം. 25“ദാവീദിന്റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഇസ്രായേലിൽ ഒരു ചട്ടവും നിയമവും ആയിത്തീർന്നു.
26ദാവീദ് സിക്ലാഗിൽ തിരിച്ചെത്തിയപ്പോൾ യെഹൂദ്യയിലെ തന്റെ സ്നേഹിതരായ ജനപ്രമാണികൾക്കു കൊള്ളവസ്തുക്കളിൽ ഒരു ഭാഗം കൊടുത്തയച്ചു. ‘സർവേശ്വരന്റെ ശത്രുക്കളെ കൊള്ളയടിച്ചതിൽനിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു. 27ബേഥേൽ, നെഗെബിലെ രാമോത്ത്, 28യെത്ഥീർ, അരോവേർ, സിഫ്മോത്ത്, 29എസ്തെമോവ, രാഖാൽ എന്നീ സ്ഥലങ്ങളിലുള്ളവർക്കും യെരഹ്‍മേല്യരുടെയും കേന്യരുടെയും പട്ടണങ്ങൾ 30ഹോർമ്മാ, കോർ-ആശാൻ, അഥാക്ക്, 31ഹെബ്രോൻ എന്നീ സ്ഥലങ്ങളിലുള്ളവർക്കും സമ്മാനം കൊടുത്തയച്ചു. താനും അനുയായികളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവർക്കുമാണ് ദാവീദ് അത് കൊടുത്തയച്ചത്.
Currently Selected:
1 SAMUELA 30: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.