YouVersion Logo
Search Icon

1 SAMUELA 3

3
ശമൂവേലിനു ദൈവം പ്രത്യക്ഷപ്പെടുന്നു
1ബാലനായ ശമൂവേൽ ഏലിയോടൊത്തു സർവേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് അവിടുത്തെ അരുളപ്പാട് അപൂർവമായേ ലഭിച്ചിരുന്നുള്ളൂ; ദർശനങ്ങളും ചുരുക്കമായിരുന്നു. 2ഒരു ദിവസം ഏലി തന്റെ മുറിയിൽ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. 3സർവേശ്വരന്റെ മന്ദിരത്തിൽ ദൈവത്തിന്റെ പെട്ടകം സൂക്ഷിച്ചിരുന്നിടത്തു ശമൂവേൽ കിടക്കുകയായിരുന്നു. ദൈവസന്നിധിയിലെ ദീപം അണഞ്ഞിരുന്നില്ല. 4സർവേശ്വരൻ ശമൂവേലിനെ വിളിച്ചു. “ഞാനിവിടെയുണ്ട്” എന്നു പറഞ്ഞ് അവൻ ഏലിയുടെ അടുത്തേക്ക് ഓടി, 5“ഞാൻ ഇതാ, അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. “ഞാൻ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക” എന്ന് ഏലി മറുപടി പറഞ്ഞു; ശമൂവേൽ പോയി കിടന്നു. 6സർവേശ്വരൻ വീണ്ടും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു; “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “എന്റെ മകനേ, ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊള്ളുക” എന്ന് ഏലി വീണ്ടും പറഞ്ഞു. 7സർവേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേൽ അപ്പോഴും അറിഞ്ഞില്ല. സർവേശ്വരന്റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല. 8സർവേശ്വരൻ മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു വീണ്ടും പറഞ്ഞു: “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോൾ ഏലിക്കു മനസ്സിലായി. 9ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാൽ ‘സർവേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു’ എന്നു പറയണം.” ശമൂവേൽ വീണ്ടും പോയി കിടന്നു. 10സർവേശ്വരൻ വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു” എന്നു ശമൂവേൽ പ്രതിവചിച്ചു. 11അപ്പോൾ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാൻ ഇസ്രായേലിൽ ഒരു കാര്യം ചെയ്യാൻ പോകുകയാണ്. അതു കേൾക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും. 12ഏലിയുടെ കുടുംബത്തിനെതിരായി ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവർത്തിക്കും. 13അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവൻ അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്റെ കുടുംബത്തിന്റെമേൽ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താൻ പോവുകയാണെന്നു ഞാൻ അവനെ അറിയിക്കുന്നു. 14യാഗങ്ങളും വഴിപാടുകളും അവന്റെ ഭവനത്തിന്റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാൻ തീർത്തുപറയുന്നു. 15പ്രഭാതംവരെ ശമൂവേൽ കിടന്നു; പിന്നീട് അവൻ സർവേശ്വരന്റെ ആലയത്തിന്റെ വാതിലുകൾ തുറന്നു. തനിക്കുണ്ടായ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ശമൂവേൽ ഭയപ്പെട്ടു. 16എന്നാൽ ശമൂവേലിനെ ഏലി “ശമൂവേലേ, എന്റെ മകനേ” എന്നു വിളിച്ചു; “ഞാൻ ഇവിടെയുണ്ട്” എന്ന് അവൻ മറുപടി പറഞ്ഞു. 17അപ്പോൾ ഏലി: “സർവേശ്വരൻ നിന്നോട് എന്തു പറഞ്ഞു? എന്നിൽനിന്ന് ഒന്നും മറച്ചു വയ്‍ക്കരുത്; അവിടുന്ന് അരുളിച്ചെയ്തത് എന്തെങ്കിലും മറച്ചുവച്ചാൽ ദൈവം അതിനു തക്കവിധവും അതിലധികവും ശിക്ഷ നല്‌കട്ടെ” എന്നു പറഞ്ഞു. 18ശമൂവേൽ ഒന്നും മറച്ചുവയ്‍ക്കാതെ എല്ലാം ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി പറഞ്ഞു: “അതു സർവേശ്വരനാണ്, ഇഷ്ടംപോലെ അവിടുന്നു ചെയ്യട്ടെ.” 19ശമൂവേൽ വളർന്നു; സർവേശ്വരൻ അവന്റെ കൂടെ ഉണ്ടായിരുന്നു. ശമൂവേൽ പറഞ്ഞതൊന്നും വ്യർഥമാകാൻ അവിടുന്ന് ഇടയാക്കിയില്ല. 20ദാൻമുതൽ ബേർ-ശേബാവരെയുള്ള ഇസ്രായേലിലെ സകല ജനങ്ങളും സർവേശ്വരന്റെ പ്രവാചകനായി ശമൂവേൽ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞു. 21ഇങ്ങനെ സർവേശ്വരൻ ശമൂവേലിന് ആദ്യം ദർശനം നല്‌കിയ ശീലോവിൽ തുടർന്നും പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ച് സ്വയം വെളിപ്പെടുത്തി.

Currently Selected:

1 SAMUELA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 SAMUELA 3