YouVersion Logo
Search Icon

1 SAMUELA 29

29
ഫെലിസ്ത്യർ ദാവീദിനെ ഉപേക്ഷിക്കുന്നു
1ഫെലിസ്ത്യർ അവരുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി. ഇസ്രായേല്യർ ജെസ്രീലിലെ നീർച്ചാലിനടുത്തു പാളയമടിച്ചു; 2ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുമ്പോട്ടു നീങ്ങി. എന്നാൽ ദാവീദും അനുയായികളും ആഖീശിന്റെ കൂടെ പിൻനിരയിലായിരുന്നു. 3ഫെലിസ്ത്യസേനാനായകന്മാർ അവരെ കണ്ട്: “ഈ എബ്രായർ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ആഖീശ് അവരോടു പറഞ്ഞു: “ഇതു ദാവീദല്ലേ? ഇവൻ ഇസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്നു; ദിവസങ്ങളല്ല വർഷങ്ങളായി അവൻ എന്റെ കൂടെയാണു പാർക്കുന്നത്; എന്നെ ആശ്രയിച്ചുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ ഇവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല.” 4അപ്പോൾ കുപിതരായ ഫെലിസ്ത്യസേനാനായകർ അദ്ദേഹത്തോടു പറഞ്ഞു: “അങ്ങ് അനുവദിച്ചുകൊടുത്ത സ്ഥലത്തേക്ക് അവൻ പൊയ്‍ക്കൊള്ളട്ടെ. അവൻ നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ പാടില്ല. യുദ്ധരംഗത്തുവച്ച് അവൻ നമ്മുടെ ശത്രുവായി തിരിഞ്ഞേക്കാം. നമ്മുടെ ആളുകളുടെ തല കൊയ്തല്ലാതെ മറ്റെന്തുകൊണ്ട് അവൻ തന്റെ യജമാനനുമായി രഞ്ജിപ്പിലെത്തും.
5‘ശൗൽ ആയിരങ്ങളെ കൊന്നു;
ദാവീദോ പതിനായിരങ്ങളെയും’
എന്നു അവർ ആടിപ്പാടിയത് ഇവനെപ്പറ്റിയല്ലേ?” 6അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ചു പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: നീ തീർച്ചയായും സത്യസന്ധനും എന്നോടു കൂറുള്ളവനും ആണ്. നീ എന്റെ അടുക്കൽ വന്ന ദിവസംമുതൽ ഇന്നുവരെയും നിന്നിൽ ഞാൻ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഈ പ്രഭുക്കന്മാർക്കു നീ സ്വീകാര്യനല്ല. 7അതുകൊണ്ടു നീ സമാധാനത്തോടെ മടങ്ങിപ്പോകുക; നീ അവർക്ക് അപ്രീതി ഉണ്ടാക്കി എന്നു വരരുത്.” 8ദാവീദ് ആഖീശിനോടു ചോദിച്ചു: “ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ എന്നെ അനുവദിക്കാതിരിക്കത്തക്കവിധം ഞാൻ അങ്ങയെ സേവിക്കാൻ വന്ന ദിവസംമുതൽ ഇന്നുവരേക്കും എന്തു തെറ്റാണ് അങ്ങ് എന്നിൽ കണ്ടിട്ടുള്ളത്?” 9ആഖീശ് പറഞ്ഞു: “നീ എന്റെ മുമ്പിൽ ദൈവദൂതനെപ്പോലെ നിഷ്കളങ്കനാണെന്ന് എനിക്കറിയാം. എങ്കിലും തങ്ങളോടൊത്തു നീ യുദ്ധത്തിനു പോരാൻ ഫെലിസ്ത്യപ്രഭുക്കന്മാർ സമ്മതിക്കുന്നില്ല. 10അതുകൊണ്ട് നാളെ അതിരാവിലെ വെട്ടം വീഴുമ്പോൾത്തന്നെ അനുചരന്മാരെയും കൂട്ടിക്കൊണ്ടു നീ പൊയ്‍ക്കൊള്ളുക.” 11അങ്ങനെ ദാവീദും അനുയായികളും അതിരാവിലെ ഫെലിസ്ത്യദേശത്തേക്കു മടങ്ങി; ഫെലിസ്ത്യർ ജെസ്രീലിലേക്കും പോയി.

Currently Selected:

1 SAMUELA 29: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in