1 SAMUELA 24
24
ദാവീദ് ശൗലിനെ വെറുതെ വിടുന്നു
1ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞതിനുശേഷം മടങ്ങി വന്നപ്പോൾ ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ടെന്നു ശൗലിന് അറിവുകിട്ടി. 2ഉടൻതന്നെ ഇസ്രായേല്യരിൽനിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുയായികളെയും അന്വേഷിക്കാൻ ശൗൽ കാട്ടാടിൻ പാറകളിലേക്കു പോയി. 3വഴിയരികിൽ ആടുകളെ സൂക്ഷിക്കുന്ന ആലകളുടെ അടുത്ത് അദ്ദേഹം എത്തി; അവിടെയുള്ള ഒരു ഗുഹയിൽ വിസർജനത്തിനു പ്രവേശിച്ചു. ആ ഗുഹയിൽതന്നെയാണ് ദാവീദും അനുയായികളും ഒളിച്ചുപാർത്തിരുന്നത്. 4അനുയായികൾ ദാവീദിനോടു പറഞ്ഞു: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോടു പ്രവർത്തിക്കാം എന്നു സർവേശ്വരൻ അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു. 5അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു. 6ദാവീദ് അനുയായികളോടു പറഞ്ഞു: “എന്റെ യജമാനനെതിരായി ഒരു ദോഷവും പ്രവർത്തിക്കാൻ എനിക്ക് ഇടയാകരുതേ; അദ്ദേഹം സർവേശ്വരന്റെ അഭിഷിക്തനാണല്ലോ.” 7ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ അനുയായികളെ നിയന്ത്രിച്ചുനിർത്തി; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി അവിടംവിട്ടു തന്റെ വഴിക്കു പോയി. 8ദാവീദ് ഗുഹയിൽനിന്നു പുറത്തുവന്ന്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു; 9രാജാവു തിരിഞ്ഞു നോക്കിയപ്പോൾ ദാവീദു സാഷ്ടാംഗം വീണു പറഞ്ഞു: “ഞാൻ അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകൾ അങ്ങു വിശ്വസിക്കുന്നതെന്ത്? 10ഇന്ന് ഈ ഗുഹയിൽ സർവേശ്വരൻ അങ്ങയെ എന്റെ കൈയിൽ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലർ അങ്ങയെ കൊല്ലാൻ എന്നോടു പറഞ്ഞു. എന്നാൽ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്റെ യജമാനനെതിരായി ഞാൻ കൈയുയർത്തുകയില്ല. അങ്ങു സർവേശ്വരന്റെ അഭിഷിക്തനാണ്;’ 11എന്റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്റെ കൈയിൽ. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാൻ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവർത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാൻ സന്ദർഭം തിരക്കി നടക്കുന്നു; 12നമ്മിൽ ആരാണ് തെറ്റുകാരൻ എന്നു സർവേശ്വരൻ തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല; 13ദുഷ്ടത ദുഷ്ടനിൽനിന്നു വരുന്നു എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. എന്റെ കൈ അങ്ങേക്ക് എതിരായിരിക്കുകയില്ല; 14ആരെ തേടിയാണ് ഇസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? 15സർവേശ്വരൻ നമ്മെ ന്യായം വിധിക്കട്ടെ; അവിടുന്നു ഇക്കാര്യം പരിശോധിച്ചശേഷം എനിക്കുവേണ്ടി വ്യവഹരിച്ച് എന്നെ അങ്ങയിൽനിന്നു രക്ഷിക്കട്ടെ.” 16ദാവീദു പറഞ്ഞു തീർന്നപ്പോൾ: “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദം തന്നെയോ” എന്നു ചോദിച്ചുകൊണ്ട് ശൗൽ പൊട്ടിക്കരഞ്ഞു; 17ശൗൽ ദാവീദിനോടു വീണ്ടും പറഞ്ഞു: “നീ എന്നെക്കാൾ നീതിമാനാണ്. നിനക്കെതിരെ ഞാൻ തിന്മ പ്രവർത്തിച്ചു; നീയാകട്ടെ എന്നോടു നന്മയാണു പ്രവർത്തിച്ചത്. 18സർവേശ്വരൻ എന്നെ നിന്റെ കൈയിൽ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെ എന്നോട് എത്ര നന്നായിട്ടാണു പെരുമാറിയതെന്ന് ഇന്നു നീ കാണിച്ചു തന്നു. 19ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എന്നോടു ചെയ്തതിനു സർവേശ്വരൻ നിനക്കു നന്മ നല്‌കട്ടെ. 20നീ തീർച്ചയായും രാജാവാകും. ഇസ്രായേലിന്റെ രാജത്വം നിന്നിൽ സ്ഥിരപ്പെടും എന്ന് എനിക്കറിയാം; 21അതുകൊണ്ട് എന്റെ മരണശേഷം എന്റെ സന്താനങ്ങളെ നിർമ്മൂലമാക്കുകയില്ലെന്നും എന്റെ നാമം എന്റെ കുടുംബത്തിൽനിന്നു നീക്കം ചെയ്യുകയില്ലെന്നും സർവേശ്വരന്റെ നാമത്തിൽ നീ എന്നോടു ശപഥം ചെയ്യണം.” 22അതുപോലെ ദാവീദ് ശൗലിനോടു ശപഥം ചെയ്തു; ശൗൽ കൊട്ടാരത്തിലേക്കു മടങ്ങി. ദാവീദും അനുയായികളും അവരുടെ ദുർഗങ്ങളിലേക്കും തിരിച്ചുപോയി.
Currently Selected:
1 SAMUELA 24: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.