1 SAMUELA 15
15
അമാലേക്യരുമായുള്ള യുദ്ധം
1ശമൂവേൽ ശൗലിനോടു പറഞ്ഞു: “സർവേശ്വരൻ തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ എന്നെ അയച്ചിരിക്കുന്നു; അതുകൊണ്ട് അവിടുത്തെ വചനങ്ങൾ കേട്ടുകൊള്ളുക. 2സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇസ്രായേൽജനം ഈജിപ്തിൽനിന്നു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും. 3അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ സംഹരിച്ച് അവർക്കുള്ളതെല്ലാം നിർമ്മൂലമാക്കുക. സ്‍ത്രീപുരുഷന്മാരെയും കുട്ടികളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ആടുമാടുകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെയും നശിപ്പിക്കണം; ഒന്നുപോലും ശേഷിക്കരുത്.”
4ശൗൽ ജനത്തെയെല്ലാം തെലായീമിൽ വിളിച്ചുകൂട്ടി അവരുടെ സംഖ്യ തിട്ടപ്പെടുത്തി; രണ്ടു ലക്ഷം കാലാൾപ്പടയാളികളും പതിനായിരം യെഹൂദാഗോത്രക്കാരുമുണ്ടായിരുന്നു. 5പിന്നീട് ശൗൽ അമാലേക്യരുടെ പട്ടണത്തിൽ ചെന്ന് ഒരു താഴ്‌വരയിൽ സൈന്യങ്ങളുമായി പതിയിരുന്നു; 6“അമാലേക്യരോടൊപ്പം നശിച്ചുപോകാതിരിക്കാൻ അവരുടെ ഇടയിൽനിന്നു നിങ്ങൾ മാറിപ്പോകണം; ഇസ്രായേൽജനം ഈജിപ്തിൽനിന്നു പോരുമ്പോൾ നിങ്ങൾ അവരോടു കരുണ കാണിച്ചുവല്ലോ” എന്നു ശൗൽ കേന്യരെ അറിയിച്ചു; അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു മാറിപ്പാർത്തു. 7പിന്നീട് ശൗൽ ഹവീലാമുതൽ ഈജിപ്തിനു കിഴക്ക് ശൂർവരെ ചെന്ന് അമാലേക്യരെ സംഹരിച്ചു. 8അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിക്കുകയും ജനത്തെ വാളിന് ഇരയാക്കുകയും ചെയ്തു. 9ശൗലും കൂടെയുള്ള ജനവും ആഗാഗിനെ വധിച്ചില്ല. ആടുമാടുകൾ, തടിച്ചുകൊഴുത്ത മൃഗങ്ങൾ, കുഞ്ഞാടുകൾ എന്നിവയിൽ ഏറ്റവും നല്ലവയെയും ഉത്തമമായ മറ്റു സകലതിനെയും നശിപ്പിക്കാതെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ അവർ നശിപ്പിച്ചു.
ശൗലിന്റെ രാജസ്ഥാനം നഷ്ടപ്പെടുന്നു
10സർവേശ്വരൻ ശമൂവേലിനോട് അരുളിച്ചെയ്തു: 11“ശൗലിനെ രാജാവായി വാഴിച്ചതിൽ ഞാൻ ഖേദിക്കുന്നു; അവൻ എന്നെ വിട്ടകലുകയും എന്റെ കല്പനകൾ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോൾ ശമൂവേൽ കുപിതനായി; അദ്ദേഹം രാത്രി മുഴുവൻ സർവേശ്വരനോടു കരഞ്ഞു പ്രാർഥിച്ചു. 12ശൗലിനെ കാണാൻ അതിരാവിലെ ശമൂവേൽ എഴുന്നേറ്റു; എന്നാൽ ശൗൽ കർമ്മേലിലെത്തി തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയശേഷം ഗില്ഗാലിലേക്കു മടങ്ങിപ്പോയി എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. 13ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ പറഞ്ഞു: “അങ്ങ് സർവേശ്വരനാൽ അനുഗൃഹീതൻ; ഞാൻ അവിടുത്തെ കല്പന നിറവേറ്റിക്കഴിഞ്ഞു.” 14ശമൂവേൽ ചോദിച്ചു: “അങ്ങനെയെങ്കിൽ ഞാൻ കേൾക്കുന്ന ആടുകളുടെ കരച്ചിലും കാളകളുടെ മുക്രയിടലും എന്താണ്?” 15ശൗൽ പ്രതിവചിച്ചു: “അവയെ എന്റെ ജനം അമാലേക്യരിൽനിന്നു പിടിച്ചെടുത്തു കൊണ്ടുവന്നതാണ്. ഏറ്റവും നല്ല ആടുമാടുകളെ സർവേശ്വരനു യാഗം അർപ്പിക്കാൻ സൂക്ഷിച്ചിരിക്കുന്നു. ബാക്കിയുള്ളവയെ ഞങ്ങൾ നിശ്ശേഷം നശിപ്പിച്ചു.” 16ശമൂവേൽ പറഞ്ഞു: “നിർത്തൂ, കഴിഞ്ഞ രാത്രിയിൽ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തതു ഞാൻ താങ്കളെ അറിയിക്കാം.” ശൗൽ പറഞ്ഞു: 17“അറിയിച്ചാലും.” ശമൂവേൽ പറഞ്ഞു: “നിന്റെ കണ്ണിനു നീ ചെറിയവനെങ്കിലും നീ ഇസ്രായേൽഗോത്രങ്ങളുടെ നേതാവല്ലേ? ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ നിന്നെ അഭിഷേകം ചെയ്തു. 18പാപികളായ അമാലേക്യരെ നശിപ്പിക്കണം, അവർ നിശ്ശേഷം നശിക്കുന്നതുവരെ പോരാടണം എന്ന നിയോഗവുമായി അവിടുന്നു നിന്നെ അയച്ചു. 19എന്തുകൊണ്ട് നീ സർവേശ്വരനെ അനുസരിച്ചില്ല? കൊള്ളമുതൽ പിടിച്ചെടുക്കുകയും അങ്ങനെ സർവേശ്വരനു ഹിതകരമല്ലാത്തതു നീ പ്രവർത്തിക്കുകയും ചെയ്തല്ലോ.” 20ശൗൽ പറഞ്ഞു: “ഞാൻ സർവേശ്വരന്റെ കല്പന അനുസരിച്ചു; അവിടുന്ന് എന്നെ ഏല്പിച്ചിരുന്ന ദൗത്യം നിറവേറ്റി; അമാലേക്യരുടെ രാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവരികയും അമാലേക്യരെയെല്ലാം നശിപ്പിക്കുകയും ചെയ്തു. 21എന്നാൽ നശിപ്പിക്കപ്പെടേണ്ട കൊള്ളമുതലിൽ ഏറ്റവും നല്ല ആടുമാടുകളെ അങ്ങയുടെ ദൈവമായ സർവേശ്വരനു യാഗം കഴിക്കാൻ ജനം ഗില്ഗാലിൽ കൊണ്ടുവന്നിരിക്കുന്നു.” 22ശമൂവേൽ ചോദിച്ചു: “സർവേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അർപ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാർപ്പണത്തെക്കാൾ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം. 23മാത്സര്യം മന്ത്രവാദംപോലെ നിഷിദ്ധമാണ്. പിടിവാശി വിഗ്രഹാരാധനപോലെ പാപമാണ്. നീ അവിടുത്തെ വചനം തിരസ്കരിച്ചതുകൊണ്ട് സർവേശ്വരൻ നിന്റെ രാജത്വം തിരസ്കരിച്ചിരിക്കുന്നു.” 24ശൗൽ ശമൂവേലിനോടു പറഞ്ഞു: “ഞാൻ പാപം ചെയ്തുപോയി; ജനത്തെ ഭയപ്പെട്ടതുകൊണ്ട് ഞാൻ അവരുടെ വാക്കു കേട്ടു; അങ്ങനെ സർവേശ്വരന്റെ കല്പനയും അങ്ങയുടെ നിർദ്ദേശങ്ങളും ഞാൻ അവഗണിച്ചു; 25എന്റെ പാപം ക്ഷമിക്കുകയും സർവേശ്വരനെ ആരാധിക്കാൻ എന്റെ കൂടെ വരികയും ചെയ്യണമേ.” 26ശമൂവേൽ മറുപടി നല്‌കി: “ഞാൻ നിന്റെ കൂടെ വരികയില്ല; നീ സർവേശ്വരന്റെ കല്പന തിരസ്കരിച്ചതുകൊണ്ട് അവിടുന്ന് നിന്നെ ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്നും തിരസ്കരിച്ചിരിക്കുന്നു.” 27ശമൂവേൽ മടങ്ങിപ്പോകാൻ തിരിഞ്ഞപ്പോൾ ശൗൽ അദ്ദേഹത്തിന്റെ കുപ്പായത്തുമ്പത്തു പിടിച്ചു; അതു കീറിപ്പോയി. 28ശമൂവേൽ അദ്ദേഹത്തോടു പറഞ്ഞു: “സർവേശ്വരൻ ഇന്ന് ഇസ്രായേലിന്റെ രാജത്വം കീറിയെടുത്ത് നിന്നെക്കാൾ യോഗ്യനായ നിന്റെ അയൽക്കാരനു നല്‌കിയിരിക്കുന്നു. 29ഇസ്രായേലിന്റെ മഹത്ത്വമായ ദൈവം വ്യാജം പറയുകയോ തീരുമാനം മാറ്റുകയോ ഇല്ല; തന്റെ തീരുമാനം മാറ്റാൻ അവിടുന്നു മനുഷ്യനല്ലല്ലോ.” 30ശൗൽ പറഞ്ഞു: “ഞാൻ പാപം ചെയ്തുപോയി; എങ്കിലും ഇപ്പോൾ എന്റെ കൂടെയുള്ള ഇസ്രായേല്യരുടെയും ജനനേതാക്കളുടെയും മുമ്പാകെ എന്നെ മാനിക്കുക; അങ്ങയുടെ ദൈവത്തെ ആരാധിക്കാൻ എന്റെ കൂടെ വരിക.” 31ശമൂവേൽ ശൗലിന്റെ കൂടെ പോയി; ശൗൽ സർവേശ്വരനെ ആരാധിച്ചു.
32അമാലേക്യരുടെ രാജാവായ ആഗാഗിനെ തന്റെ അടുക്കൽ കൊണ്ടുചെല്ലാൻ ശമൂവേൽ കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; തിക്തമായ മരണഭയം ഒഴിഞ്ഞുപോയി എന്ന് അയാൾ വിചാരിച്ചു. 33ശമൂവേൽ പറഞ്ഞു: “നിന്റെ വാൾ അനേകം അമ്മമാരെ സന്താനരഹിതരാക്കി; അതുപോലെ നിന്റെ അമ്മയും സന്താനരഹിതയാകും.” ഗില്ഗാലിൽ സർവേശ്വരന്റെ സന്നിധിയിൽവച്ചു ശമൂവേൽ ആഗാഗിനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി.
34പിന്നീട് ശമൂവേൽ രാമായിലേക്കും ശൗൽ ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കും പോയി. 35ശമൂവേൽ പിന്നീട് തന്റെ ജീവിതകാലത്തൊരിക്കലും ശൗലിനെ സന്ദർശിച്ചില്ല; എങ്കിലും അദ്ദേഹത്തെ ഓർത്തു ശമൂവേൽ ദുഃഖിച്ചു. ശൗലിനെ ഇസ്രായേലിന്റെ രാജാവാക്കിയതിൽ സർവേശ്വരൻ ഖേദിച്ചു.
Currently Selected:
1 SAMUELA 15: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.