YouVersion Logo
Search Icon

1 SAMUELA 12

12
ശമൂവേൽ വിട പറയുന്നു
1ശമൂവേൽ എല്ലാ ഇസ്രായേൽജനങ്ങളോടും പറഞ്ഞു: “നിങ്ങൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ ചെയ്തുതന്നു; നിങ്ങളെ ഭരിക്കാൻ ഒരു രാജാവിനെയും തന്നിരിക്കുന്നു. 2നിങ്ങളെ നയിക്കാൻ ഇപ്പോൾ ഒരു രാജാവുണ്ട്; ഞാൻ വൃദ്ധനായി ജരാനരകൾ ബാധിച്ചിരിക്കുന്നു. എന്റെ പുത്രന്മാർ നിങ്ങളുടെ കൂടെയുണ്ട്; എന്റെ യൗവനംമുതൽ ഇന്നുവരെ ഞാൻ നിങ്ങളെ നയിച്ചു. 3ഇതാ, ഞാൻ ഇപ്പോൾ നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നു; ഞാൻ നിങ്ങളോട് എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ സർവേശ്വരന്റെയും അവിടുത്തെ അഭിഷിക്തന്റെയും മുമ്പിൽവച്ച് അതു തുറന്നു പറയുവിൻ. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരിൽനിന്നെങ്കിലും കോഴ വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.” 4അപ്പോൾ ജനം പറഞ്ഞു: “അങ്ങു ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; ഞങ്ങളുടെ യാതൊന്നും അപഹരിച്ചിട്ടുമില്ല.” 5ശമൂവേൽ അവരോടു പറഞ്ഞു: “ഞാൻ പൂർണമായും നിഷ്കളങ്കനെന്നു നിങ്ങൾ സമ്മതിച്ചിരിക്കുന്നതിനു സർവേശ്വരനും അവിടുത്തെ അഭിഷിക്തനും സാക്ഷികളാണ്.” “അതേ, സർവേശ്വരൻ തന്നെ സാക്ഷി” എന്ന് അവർ മറുപടി പറഞ്ഞു. 6ശമൂവേൽ തുടർന്നു: “മോശയെയും അഹരോനെയും തിരഞ്ഞെടുത്തതും നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു മോചിപ്പിച്ചതും സർവേശ്വരനാണ്; 7നിങ്ങൾ നില്‌ക്കുന്നിടത്തുതന്നെ നില്‌ക്കുവിൻ. നിങ്ങളെയും നിങ്ങളുടെ പൂർവപിതാക്കന്മാരെയും ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ അവിടുന്നു പ്രവർത്തിച്ച അദ്ഭുതങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഞാൻ നിങ്ങളെ കുറ്റപ്പെടുത്താൻ പോകുകയാണ്. 8യാക്കോബ് ഈജിപ്തിൽ ചെന്നു പാർത്തല്ലോ. അദ്ദേഹത്തിന്റെ സന്തതികളെ ഈജിപ്തുകാർ പീഡിപ്പിച്ചപ്പോൾ നിങ്ങളുടെ പൂർവപിതാക്കളായ അവർ സർവേശ്വരനോടു നിലവിളിച്ചു. അവിടുന്നു മോശയെയും അഹരോനെയും അയച്ചു; അവർ ഈജിപ്തിൽനിന്നു നിങ്ങളുടെ പൂർവപിതാക്കന്മാരെ മോചിപ്പിച്ച് ഈ സ്ഥലത്തു പാർപ്പിച്ചു. 9എന്നാൽ അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെ വിസ്മരിച്ചു. അവരെ ആക്രമിക്കാൻ ഹാസോറിലെ യാബീർരാജാവിന്റെ സേനാധിപതിയായ സീസെരയെയും ഫെലിസ്ത്യരെയും മോവാബ്‍രാജാവിനെയും അവിടുന്ന് അനുവദിച്ചു. അവർ ഇസ്രായേല്യരോടു യുദ്ധം ചെയ്തു. 10ഇസ്രായേല്യർ സർവേശ്വരനോടു നിലവിളിച്ചു. അവിടുത്തെ ഉപേക്ഷിച്ച് ബാലിനെയും അസ്താരോത്ത്പ്രതിഷ്ഠകളെയും ആരാധിച്ചതിലൂടെ ഞങ്ങൾ അവിടുത്തോടു പാപം ചെയ്തുപോയി; ശത്രുക്കളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ; ഇനിയും ഞങ്ങൾ അവിടുത്തെ സേവിച്ചുകൊള്ളാം. 11സർവേശ്വരൻ യെരുബ്ബാലിനെയും ബാരാക്കിനെയും യിഫ്താഹിനെയും ശമൂവേലിനെയും അയച്ച് അവരെ ശത്രുക്കളിൽനിന്നെല്ലാം രക്ഷിച്ചു; നിങ്ങൾ സുരക്ഷിതരായി പാർക്കുകയും ചെയ്തു. 12അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, അവിടുന്നു നിങ്ങളുടെ രാജാവായിരുന്നിട്ടും നിങ്ങളെ ഭരിക്കാൻ ഒരു രാജാവു വേണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു. 13നിങ്ങളുടെ ആവശ്യപ്രകാരം നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് ഇതാ! സർവേശ്വരൻ നിങ്ങൾക്കുവേണ്ടി ഒരു രാജാവിനെ നല്‌കിയിരിക്കുന്നു. 14നിങ്ങൾ സർവേശ്വരനെ ഭയപ്പെട്ട് അവിടുത്തെ സേവിക്കുകയും അവിടുത്തെ ശബ്ദം ശ്രദ്ധിക്കുകയും കല്പനകൾ പാലിക്കുകയും നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ സർവേശ്വരനെ അനുസരിക്കുകയും ചെയ്താൽ നിങ്ങൾക്ക് എല്ലാം ശുഭമായിരിക്കും. 15എന്നാൽ നിങ്ങൾ സർവേശ്വരന്റെ ശബ്ദം ശ്രദ്ധിക്കാതെ അവിടുത്തെ കല്പനകൾ പാലിക്കാതിരുന്നാൽ അവിടുന്നു നിങ്ങൾക്കും നിങ്ങളുടെ രാജാവിനും എതിരായിരിക്കും. 16നിങ്ങളുടെ കൺമുമ്പിൽ അവിടുന്നു പ്രവർത്തിക്കാൻ പോകുന്ന മഹാകാര്യം കാണാൻ നിങ്ങൾ നില്‌ക്കുന്നിടത്തു തന്നെ നില്‌ക്കുവിൻ. 17ഇതു കോതമ്പു കൊയ്ത്തിന്റെ കാലമാണല്ലോ; ഇടിയും മഴയും അയയ്‍ക്കാൻ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിക്കും; ഒരു രാജാവിനെ നല്‌കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അവിടുത്തോട് എത്ര വലിയ തിന്മയാണ് കാട്ടിയിരിക്കുന്നതെന്നു നിങ്ങൾ നേരിൽ കണ്ടറിയും.” 18ശമൂവേൽ സർവേശ്വരനോടു പ്രാർഥിച്ചു; അവിടുന്ന് ഇടിയും മഴയും അയച്ചു. ജനം സർവേശ്വരനെയും ശമൂവേലിനെയും ഭയപ്പെട്ടു. 19സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങൾ മരിക്കാതിരിക്കാൻ അങ്ങയുടെ ദൈവമായ സർവേശ്വരനോട് ഈ ദാസന്മാർക്കുവേണ്ടി പ്രാർഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങൾക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.” 20ശമൂവേൽ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട; ഈ തിന്മകളെല്ലാം നിങ്ങൾ പ്രവർത്തിച്ചെങ്കിലും അവിടുത്തെ അനുഗമിക്കുന്നതിൽനിന്നു നിങ്ങൾ വ്യതിചലിക്കരുത്; പൂർണഹൃദയത്തോടെ നിങ്ങൾ അവിടുത്തെ സേവിക്കുവിൻ. 21നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്ത വ്യർഥകാര്യങ്ങളിലേക്കു തിരിയരുത്. 22തന്റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്റെ സ്വന്തജനമാക്കുവാൻ അവിടുന്നു തിരുമനസ്സായല്ലോ. 23നിങ്ങൾക്കുവേണ്ടി തുടർന്നു പ്രാർഥിക്കാതെയിരുന്നു സർവേശ്വരനോടു പാപം ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരും. 24നിങ്ങൾ പൂർണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിൻ; അവിടുന്നു നിങ്ങൾക്കു വേണ്ടി പ്രവർത്തിച്ച വൻകാര്യങ്ങളെ സ്മരിക്കുവിൻ. 25എന്നാൽ നിങ്ങൾ ഇനിയും പാപം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും തുടച്ചുനീക്കപ്പെടും.”

Currently Selected:

1 SAMUELA 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 SAMUELA 12