YouVersion Logo
Search Icon

1 LALTE 21

21
നാബോത്തിന്റെ മുന്തിരിത്തോട്ടം
1ജെസ്രീലിൽ ആഹാബിന്റെ കൊട്ടാരത്തിനടുത്തു തദ്ദേശവാസിയായ നാബോത്തിന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 2ഒരു ദിവസം ആഹാബ് നാബോത്തിനോട് പറഞ്ഞു: “ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനുവേണ്ടി നിന്റെ മുന്തിരിത്തോട്ടം എനിക്കു തരിക; അതു കൊട്ടാരത്തിന്റെ സമീപത്താണല്ലോ; അതിനെക്കാൾ മെച്ചപ്പെട്ട ഒന്നു ഞാൻ നിനക്കു നല്‌കാം. അതല്ല, പണമാണു നിനക്കു വേണ്ടതെങ്കിൽ വില തരാം.” 3നാബോത്ത് പറഞ്ഞു: “ഈ മുന്തിരിത്തോട്ടം എന്റെ പിതൃസ്വത്താണ്; അത് അങ്ങേക്ക് കൈമാറുന്നതിന് സർവേശ്വരൻ ഇടയാക്കാതിരിക്കട്ടെ.” 4നാബോത്തിന്റെ മറുപടിയിൽ ദുഃഖിതനും കുപിതനുമായിത്തീർന്ന ആഹാബ് തന്റെ കൊട്ടാരത്തിലേക്കു മടങ്ങി, ഭക്ഷണമൊന്നും കഴിക്കാതെ ചുമരിനുനേരെ മുഖം തിരിച്ചു കിടന്നു. 5ആഹാബിന്റെ ഭാര്യ ഈസേബെൽ അടുത്തുവന്നു ചോദിച്ചു: “അങ്ങ് ഭക്ഷണം കഴിക്കാതെ വ്യസനിച്ചിരിക്കുന്നതെന്ത്?” രാജാവു പറഞ്ഞു: 6“നാബോത്തിന്റെ വാക്കുകളാണ് എന്റെ ദുഃഖത്തിനു കാരണം. അവന്റെ മുന്തിരിത്തോട്ടം എനിക്കു വിലയ്‍ക്കു തരികയോ അല്ലെങ്കിൽ മറ്റൊരു മുന്തിരിത്തോട്ടത്തിനു പകരമായി നല്‌കുകയോ ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടു; എന്നാൽ അവൻ വിസമ്മതിച്ചു.” 7“അങ്ങല്ലേ ഇസ്രായേലിലെ രാജാവ്? എഴുന്നേറ്റു ഭക്ഷണം കഴിക്കുക; ജെസ്രീൽക്കാരൻ നാബോത്തിന്റെ മുന്തിരിത്തോട്ടം അങ്ങേക്കുവേണ്ടി ഞാൻ കൈവശപ്പെടുത്താം” എന്നു രാജ്ഞി പറഞ്ഞു.
8ഈസേബെൽ ആഹാബിന്റെ പേരും മുദ്രയും വച്ച് ജെസ്രീലിലെ നേതാക്കൾക്കും പ്രമാണിമാർക്കും കത്തുകളെഴുതി; അവ അവർക്കു കൊടുത്തു. 9കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ ഒരു ഉപവാസദിനം പ്രഖ്യാപിച്ചു ജനത്തെ അതിനു ക്ഷണിക്കണം; ജനങ്ങളുടെ കൂട്ടത്തിൽ നാബോത്തിനു പ്രധാന സ്ഥാനം നല്‌കണം. അതിനുശേഷം നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്നു നീചന്മാരായ രണ്ടാളുകളെക്കൊണ്ട് അവനെതിരായി കള്ളസ്സാക്ഷ്യം പറയിക്കണം. 10പിന്നീട് നിങ്ങൾ അയാളെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.” 11പട്ടണത്തിലെ നേതാക്കളും പ്രമാണികളും ഈസേബെലിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചു. 12അവർ ഉപവാസദിനം പ്രഖ്യാപിച്ചു; ജനത്തെ വിളിച്ചുകൂട്ടി; നാബോത്തിന് അവരുടെ ഇടയിൽ മുഖ്യസ്ഥാനം നല്‌കി. 13നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചുപറഞ്ഞു എന്ന് നീചന്മാരായ രണ്ടാളുകൾ പരസ്യമായി കുറ്റാരോപണം നടത്തി. അവർ അയാളെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. 14നാബോത്തിനെ കല്ലെറിഞ്ഞു കൊന്ന വിവരം അവർ ഈസേബെലിനെ അറിയിച്ചു.
15ഉടൻതന്നെ ഈസേബെൽ ആഹാബിനോടു പറഞ്ഞു: “ജെസ്രീൽക്കാരനായ നാബോത്തിന്റെ കഥ കഴിഞ്ഞു; അയാൾ വിലയ്‍ക്കുതരാൻ വിസമ്മതിച്ച മുന്തിരിത്തോട്ടം അങ്ങു കൈവശപ്പെടുത്തിക്കൊള്ളുക.” 16നാബോത്തു മരിച്ചു എന്നറിഞ്ഞ് അയാളുടെ തോട്ടം കൈവശപ്പെടുത്താൻ ആഹാബ് അവിടേക്കു പോയി.
17സർവേശ്വരൻ തിശ്ബ്യനായ ഏലിയായോട് അരുളിച്ചെയ്തു. 18“നീ ശമര്യയിൽ ആഹാബ് രാജാവിനെ ചെന്നു കാണുക. അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ പോയിരിക്കുന്നു; 19നീ അവനെ കൊലപ്പെടുത്തിയശേഷം അവന്റെ വസ്തു കൈവശപ്പെടുത്തുകയാണോ എന്നു സർവേശ്വരൻ ചോദിക്കുന്നതായി അയാളോടു പറയുക. നാബോത്തിന്റെ രക്തം നായ്‍ക്കൾ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും അവ നക്കിക്കുടിക്കും എന്നും അവനോടു പറയുക.” 20ആഹാബ് ഏലിയായെ കണ്ടപ്പോൾ: “എന്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ” എന്നു ചോദിച്ചു. “അതേ, ഞാൻ കണ്ടെത്തി” ഏലിയാ പ്രതിവചിച്ചു. സർവേശ്വരന്റെ സന്നിധിയിൽ അധർമം ചെയ്യാൻ നീ നിന്നെത്തന്നെ വിലയ്‍ക്കു നല്‌കിയിരിക്കുന്നു; 21അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു അനർഥം വരുത്തും; ഞാൻ നിന്നെയും പ്രായഭേദം കൂടാതെ നിന്റെ കുടുംബത്തിലുള്ള സകല പുരുഷസന്താനങ്ങളെയും ഇസ്രായേലിൽനിന്നു നീക്കിക്കളയും. 22ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച് നീ എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതിനാൽ നിന്റെ ഭവനത്തെ നെബാത്തിന്റെ മകൻ യെരോബെയാമിന്റെയും അഹീയായുടെ മകൻ ബയെശയുടെയും ഭവനങ്ങൾപോലെ ആക്കിത്തീർക്കും. 23ജെസ്രീൽ പട്ടണത്തിൽവച്ചു നായ്‍ക്കൾ ഈസേബെലിന്റെ ശരീരം തിന്നുകളയും എന്ന് ഈസേബെലിനെക്കുറിച്ച് സർവേശ്വരൻ അരുളിച്ചെയ്തു. 24നിന്റെ ചാർച്ചക്കാരിൽ പട്ടണത്തിൽവച്ചു മരിക്കുന്നവരുടെ ശരീരം നായ്‍ക്കൾ തിന്നും; വിജനപ്രദേശത്തുവച്ചു മരിക്കുന്നവരുടെ ശരീരം പറവകൾക്ക് ഇരയാകും.”
25സർവേശ്വരന്റെ സന്നിധിയിൽ തിന്മകൾ പ്രവർത്തിക്കുന്നതിന് ആഹാബിനെപ്പോലെ സ്വയം വിലയ്‍ക്കു നല്‌കിയ മറ്റൊരാൾ ഉണ്ടായിട്ടില്ല. ഈസേബെലിന്റെ ദുഷ്പ്രേരണ കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. 26ഇസ്രായേലിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവർത്തിച്ചു.
27പ്രവാചകന്റെ വാക്കുകൾ കേട്ട് ആഹാബ് വസ്ത്രം കീറി; ചാക്കുതുണി ധരിച്ചു; ഉപവസിച്ച് ചാക്കുതുണി വിരിച്ചു കിടന്നു. പിന്നീട് മ്ലാനവദനനായി നടന്നു. 28അപ്പോൾ സർവേശ്വരൻ തിശ്ബ്യനായ ഏലിയായോടു അരുളിച്ചെയ്തു; 29“ആഹാബ് എന്റെ മുമ്പിൽ സ്വയം വിനയപ്പെടുത്തിയതു കണ്ടില്ലേ? അവൻ അങ്ങനെ പ്രവർത്തിച്ചതുകൊണ്ട് ഞാൻ ഉദ്ദേശിച്ച അനർഥം അവന്റെ ജീവിതകാലത്തു വരുത്തുകയില്ല; അവന്റെ പുത്രന്റെ കാലത്ത് അവന്റെ കുടുംബത്തിൽ അതു സംഭവിക്കും.”

Currently Selected:

1 LALTE 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in