1 LALTE 18:30-38
1 LALTE 18:30-38 MALCLBSI
അപ്പോൾ ഏലിയാ ജനത്തോട് “എന്റെ അടുക്കൽ വരിക” എന്നു പറഞ്ഞു. അവർ അടുത്തു ചെന്നു. സർവേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി. നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി. പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേൽ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാൻ അവരോടു പറഞ്ഞു. വീണ്ടും അങ്ങനെ ചെയ്യാൻ ഏലിയാ പറഞ്ഞു. അവർ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാൻ കല്പിച്ചു. അവർ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു; വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു. യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി.