1 LALTE 17:8-16
1 LALTE 17:8-16 MALCLBSI
സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു: “നീ സീദോനു സമീപമുള്ള സാരെഫാത്തിൽ ചെന്ന് അവിടെ പാർക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്; അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കൽ എത്തിയപ്പോൾ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാൻ കുറച്ചു വെള്ളം തന്നാലും.” അവൾ വെള്ളം കൊണ്ടുവരാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.” അപ്പോൾ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: എന്റെ പക്കൽ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തിൽ ഒരു പിടി മാവും ഭരണിയിൽ അല്പം എണ്ണയും മാത്രമാണ്. ഞാൻ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങൾ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.” ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. സർവേശ്വരൻ ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ നിന്റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകുകയില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: ഏലിയാ പറഞ്ഞതുപോലെ അവൾ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാൾ ഭക്ഷണം കഴിച്ചു. സർവേശ്വരൻ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല.