YouVersion Logo
Search Icon

1 JOHANA 2:18-27

1 JOHANA 2:18-27 MALCLBSI

കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാണ്. ക്രിസ്തുവൈരി വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ പല ക്രിസ്തുവൈരികൾ വന്നുകഴിഞ്ഞു; അതുകൊണ്ട് ഇത് അന്ത്യനാഴികയാണെന്നു നാം അറിയുന്നു. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവർ നമുക്കുള്ളവർ ആയിരുന്നെങ്കിൽ നമ്മോടുകൂടി നില്‌ക്കുമായിരുന്നു. അവർ നമ്മെ വിട്ടുപോയി. അതിൽനിന്ന് അവർ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ. നിങ്ങൾ പരിശുദ്ധനാൽ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. സത്യം നിങ്ങൾ അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തിൽനിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവൻ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി. പുത്രനെ നിഷേധിക്കുന്നവൻ പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്. ആദിമുതൽ നിങ്ങൾ കേട്ടത് നിങ്ങളിൽ നിവസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിവസിക്കും. ഇതാകുന്നു അവിടുന്നു നമുക്കു നല്‌കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവൻ തന്നെ. നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാൻ എഴുതുന്നത്. എന്നാൽ ക്രിസ്തുവിൽനിന്നു നിങ്ങൾക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളിൽ വസിക്കുന്നതിനാൽ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങൾക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക.