YouVersion Logo
Search Icon

1 KORINTH 7:1-19

1 KORINTH 7:1-19 MALCLBSI

ഇനി നിങ്ങൾ എഴുതി അയച്ച കാര്യങ്ങളെപ്പറ്റി പറയട്ടെ. സ്‍ത്രീയെ സ്പർശിക്കാതിരിക്കുകയാണു പുരുഷനു നല്ലത്. എങ്കിലും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകാവുന്നതുകൊണ്ട്, ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്‍ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ. പുരുഷൻ തന്റെ ഭാര്യയോടും സ്‍ത്രീ തന്റെ ഭർത്താവിനോടുമുള്ള ദാമ്പത്യധർമം നിറവേറ്റണം. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, അവളുടെ ഭർത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല, ഭാര്യക്കാണ് അധികാരം. ഭാര്യാഭർത്താക്കന്മാർ പരസ്പരസമ്മതപ്രകാരം പ്രാർഥനയ്‍ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‌കേണ്ട അവകാശങ്ങൾ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്റെ കുറവുനിമിത്തം സാത്താന്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുവാൻ ദാമ്പത്യധർമങ്ങൾ തുടരുക. ഇത് ഒരു ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ പറയുന്നത്. ഞാൻ ആയിരിക്കുന്നപ്രകാരം നിങ്ങളും ആകണമെന്നത്രേ വാസ്തവത്തിൽ എന്റെ ആഗ്രഹം; എന്നാൽ ഓരോരുത്തർക്കും വിവിധതരത്തിലുള്ള പ്രത്യേക വരദാനമാണല്ലോ ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളത്. അവിവാഹിതരോടും വിധവമാരോടും ഞാൻ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്‍ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ. എന്നാൽ ആത്മസംയമനം സാധ്യമല്ലെങ്കിൽ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാൾ നല്ലത് വിവാഹം ചെയ്യുന്നതാണ്. വിവാഹിതരോടു ഞാൻ ആജ്ഞാപിക്കുന്നു. ഭാര്യ ഭർത്താവിനെ പിരിയരുത്. ഇത് എന്റെ കല്പനയല്ല, കർത്താവിന്റെ കല്പനയാകുന്നു. അഥവാ വേർപിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കിൽ സ്വന്തം ഭർത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭർത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ. മറ്റുള്ളവരോടു കർത്താവല്ല ഞാൻ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാർക്കുവാൻ അവൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ അവളെ ഉപേക്ഷിക്കരുത്. ഒരു സഹോദരിക്ക് അവിശ്വാസിയായ ഭർത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാൻ അയാൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ ആ സ്‍ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കൾ ദൈവത്തിനുള്ളവരല്ലാതായിത്തീരും. ഇപ്പോഴാകട്ടെ, അവർ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്. അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്റെ ഭർത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭർത്താവേ, നിന്റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം! കർത്താവു നല്‌കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോൾ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാൻ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്. പരിച്ഛേദനകർമത്തിനു വിധേയനായ ഒരുവൻ, ദൈവവിളി സ്വീകരിച്ചാൽ പരിച്ഛേദനത്തിന്റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകർമത്തിനു വിധേയനാകാത്ത ഒരുവൻ ദൈവവിളി സ്വീകരിക്കുമ്പോൾ, ആ കർമത്തിനു വിധേയനാകേണ്ടതുമില്ല. പരിച്ഛേദനകർമം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണ് സർവപ്രധാനം.