1 KORINTH 3:1-9
1 KORINTH 3:1-9 MALCLBSI
എന്റെ സഹോദരരേ, ആത്മീയ മനുഷ്യരോടെന്നപോലെ നിങ്ങളോടു സംസാരിക്കുവാൻ എനിക്കു കഴിഞ്ഞില്ല; ക്രിസ്തീയ വിശ്വാസത്തിൽ ശിശുക്കളായ നിങ്ങളോട്, ലൗകികമനുഷ്യരോടെന്നവണ്ണം, എനിക്കു സംസാരിക്കേണ്ടിവന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഞാൻ നിങ്ങൾക്കു തന്നത്. എന്തെന്നാൽ കട്ടിയുള്ള ഭക്ഷണം കഴിക്കുവാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ല; ഇപ്പോഴും അതിനുള്ള കഴിവു നിങ്ങൾക്കില്ല. ലൗകികമനുഷ്യർ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങൾ ലോകത്തിന്റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്? നിങ്ങൾ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളിൽ ഒരാൾ “ഞാൻ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാൾ “ഞാൻ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്? അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാർ മാത്രമാകുന്നു ഞങ്ങൾ. കർത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ വളർച്ച നല്‌കിയത് ദൈവമാണ്. നടുന്നവനും നനയ്‍ക്കുന്നവനും ഏതുമില്ല; വളർച്ച നല്‌കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്‍ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ. ഓരോരുത്തനും അവനവന്റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും. ഞങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങൾ ദൈവത്തിന്റെ കൃഷിഭൂമിയും ദൈവത്തിന്റെ മന്ദിരവുമാകുന്നു.