YouVersion Logo
Search Icon

1 KORINTH 14:21-40

1 KORINTH 14:21-40 MALCLBSI

വേദലിഖിതങ്ങളിൽ ഇങ്ങനെ കാണുന്നു: അന്യഭാഷകൾ സംസാരിക്കുന്ന ആളുകൾ മുഖേന എന്റെ ജനത്തോടു സംസാരിക്കും എന്നും, വൈദേശികരുടെ അധരങ്ങളിൽകൂടി ഞാൻ സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധിക്കുകയില്ല എന്നും കർത്താവു പറയുന്നു. അതുകൊണ്ട്, അന്യഭാഷകൾ അവിശ്വാസികൾക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികൾക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്. സഭാംഗങ്ങൾ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഭാഷാവരത്തിന്റെ മർമം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലർ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങൾക്കു ഭ്രാന്തുപിടിച്ചു എന്ന് അവർ പറയുകയില്ലേ? എന്നാൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കിൽ ആ യോഗത്തിൽ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്‍ക്കു പുറത്തുള്ളവൻ, അതു കേൾക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു. അവന്റെ രഹസ്യവിചാരങ്ങൾ പുറത്തു വരുന്നു. അവൻ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാർഥത്തിൽ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും. എന്റെ സഹോദരരേ, ഞാൻ പറഞ്ഞതിന്റെ സാരം ഇതാണ്: നിങ്ങൾ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോൾ ഒരാൾക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാൾക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാൾക്ക് ദൈവത്തിൽനിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാൾക്ക്, അന്യഭാഷകൾ സംസാരിക്കുവാനോ, മറ്റൊരാൾക്ക് അതിന്റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്. അന്യഭാഷകളിൽ ആരെങ്കിലും സംസാരിക്കുന്നെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ പേർ ഒരാൾ പറഞ്ഞു കഴിഞ്ഞു മറ്റൊരാൾ എന്ന ക്രമത്തിൽ സംസാരിക്കട്ടെ. ഒരാൾ അതു വ്യാഖ്യാനിക്കുകയും വേണം. എന്നാൽ വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയിൽ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസർഗം ചെയ്തുകൊണ്ടിരിക്കണം. ദൈവത്തിന്റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കട്ടെ. മറ്റുള്ളവർ അതു വിവേചിച്ചറിയട്ടെ. എന്നാൽ സഭയിലുള്ള മറ്റൊരാൾക്ക് ദൈവത്തിൽനിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കിൽ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആൾ നിറുത്തണം. ദൈവത്തിന്റെ സന്ദേശം ഒരാൾ കഴിഞ്ഞ് മറ്റൊരാൾ എന്ന ക്രമത്തിൽ നിങ്ങൾക്ക് എല്ലാവർക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവർക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും. പ്രവാചകന്മാരുടെ ആത്മാവ് അവർക്ക് അധീനമാണ്. സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിർത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്. ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്‍ത്രീകൾ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാൻ അവർക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവർ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം. അവർക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളണം. സഭയിൽ സ്‍ത്രീ സംസാരിക്കുന്നത് അനുചിതമാണല്ലോ. ദൈവത്തിന്റെ വചനം നിങ്ങളിൽ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങൾക്കു മാത്രമാണോ ലഭിച്ചത്? പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവൻ, ഞാൻ എഴുതുന്ന ഈ സംഗതികൾ കർത്താവിന്റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ. ഇത് ഒരുവൻ അംഗീകരിക്കുന്നില്ലെങ്കിൽ അവൻ പരിഗണനീയനല്ല. അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാർഥമായി ആഗ്രഹിക്കുക. ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്.