YouVersion Logo
Search Icon

1 KORINTH 13

13
സ്നേഹം - ഉത്തമവരം
1ഞാൻ മനുഷ്യരുടെയും മാലാഖമാരുടെയും
ഭാഷകളിൽ സംസാരിച്ചാലും
സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ
ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും.
2എനിക്കു പ്രവാചകന്റെ സിദ്ധി ഉണ്ടായിരുന്നേക്കാം;
എല്ലാ നിഗൂഢരഹസ്യങ്ങളും എല്ലാ ജ്ഞാനവും
ഞാൻ ഗ്രഹിച്ചെന്നു വരാം.
മലകളെ മാറ്റുവാൻ തക്ക വിശ്വാസവും
എനിക്ക് ഉണ്ടായിരിക്കാം.
എങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമില്ല.
3എനിക്കുള്ള സർവസ്വവും ദാനം ചെയ്താലും
എന്റെ ശരീരം തന്നെ ദഹിപ്പിക്കുവാൻ
ഏല്പിച്ചുകൊടുത്താലും
എനിക്കു സ്നേഹമില്ലെങ്കിൽ എല്ലാം നിഷ്ഫലം.
4സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു;
ദയാപൂർവം വർത്തിക്കുന്നു;
സ്നേഹം അസൂയപ്പെടുന്നില്ല;
ആത്മപ്രശംസ ചെയ്യുന്നുമില്ല.
സ്നേഹം അഹങ്കരിക്കുന്നില്ല;
പരുഷമായി പെരുമാറുന്നില്ല;
5സ്വാർഥതാത്പര്യം മുറുകെ പിടിക്കുന്നില്ല.
സ്നേഹം ക്ഷോഭിക്കുന്നില്ല;
അന്യരുടെ അപരാധങ്ങൾ
കണക്കെഴുതി സൂക്ഷിക്കുന്നുമില്ല.
6അത് അധർമത്തിൽ സന്തോഷിക്കാതെ
സത്യത്തിൽ ആനന്ദംകൊള്ളുന്നു.
7സ്നേഹം എല്ലാം വഹിക്കുന്നു;
എല്ലാം വിശ്വസിക്കുന്നു;
എല്ലാം പ്രത്യാശിക്കുന്നു;
എല്ലാം ക്ഷമയോടെ സഹിക്കുന്നു.
8സ്നേഹം അനശ്വരമാകുന്നു;
പ്രവചനം മാറിപ്പോകും;
അന്യഭാഷാഭാഷണം നിന്നുപോകും;
ജ്ഞാനവും മറഞ്ഞുപോകും.
9എന്തെന്നാൽ നമ്മുടെ ജ്ഞാനം അപൂർണമാണ്;
നമ്മുടെ പ്രവചനവും അപൂർണമാണ്.
10എന്നാൽ പൂർണമായതു വരുമ്പോൾ
അപൂർണമായത് അപ്രത്യക്ഷമാകും.
11ഞാൻ ശിശുവായിരുന്നപ്പോൾ
എന്റെ സംസാരവും എന്റെ ചിന്തയും
എന്റെ നിഗമനങ്ങളും
ശിശുവിൻറേതുപോലെ ആയിരുന്നു.
12പക്വത വന്നപ്പോൾ
ഞാൻ ശിശുസഹജമായവ പരിത്യജിച്ചു.
ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു;
അന്നാകട്ടെ, അഭിമുഖം ദർശിക്കും.
ഇപ്പോൾ എന്റെ അറിവ് പരിമിതമാണ്;
അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ
ഞാനും പൂർണമായി അറിയും.
13വിശ്വാസം, പ്രത്യാശ, സ്നേഹം
ഇവ മൂന്നും നിലനില്‌ക്കുന്നു.
ഇവയിൽ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.

Currently Selected:

1 KORINTH 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in