YouVersion Logo
Search Icon

1 KORINTH 12:14-26

1 KORINTH 12:14-26 MALCLBSI

നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. “ഞാൻ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കിൽ, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ? അതുപോലെതന്നെ, “ഞാൻ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കിൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കിൽ കേൾക്കുന്നത് എങ്ങനെ? ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്. അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാൻ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാൻ കഴിയുകയില്ല. ശരീരത്തിലെ ദുർബലങ്ങളെന്നു തോന്നുന്ന അവയവങ്ങൾ നമുക്ക് അത്യാവശ്യമുള്ളവയാണ്. വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങൾക്കു കൂടുതൽ മാനം അണിയിക്കുന്നു; അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ശരീരത്തിൽ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങൾക്കു തമ്മിൽ തുല്യമായ കരുതലുമുണ്ടാകുന്നു. ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കിൽ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്റെ കഷ്ടതയിൽ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കിൽ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു.