1 KORINTH 12:1-14
1 KORINTH 12:1-14 MALCLBSI
പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചു നിങ്ങൾ എഴുതിയിരുന്നുവല്ലോ. എന്റെ സഹോദരരേ, അവയെപ്പറ്റി നിങ്ങൾ അജ്ഞരാകരുതെന്നാണ് എന്റെ ആഗ്രഹം. നിങ്ങൾ വിജാതീയരായിരുന്നപ്പോൾ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കർത്താവാകുന്നു” എന്ന് ഏറ്റു പറയുവാൻ സാധ്യമാകൂ എന്നും നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാൽ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു. സേവനം പല വിധത്തിലുണ്ട്. എന്നാൽ സേവിക്കപ്പെടുന്നത് ഒരേ കർത്താവു തന്നെ. പ്രവർത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്. എല്ലാവരുടെയും നന്മയ്‍ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തിൽ വെളിപ്പെടുന്നു. ആത്മാവ് ഒരാൾക്ക് ജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും നല്‌കുന്നു. ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‌കുന്നത്. ഒരാൾക്ക് അദ്ഭുതപ്രവൃത്തികൾ ചെയ്യുവാനുള്ള വരമാണെങ്കിൽ മറ്റൊരാൾക്ക് ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാൾക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്‌കപ്പെടുന്നത്. ഒരുവന് അന്യഭാഷകൾ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്‌കപ്പെടുന്നു. എന്നാൽ ഒരേ ആത്മാവുതന്നെയാണ് ഈ വരങ്ങളെല്ലാം നല്‌കുന്നത്; അവിടുന്ന് യഥേഷ്ടം ഓരോരുത്തർക്കും വരങ്ങൾ വിഭജിച്ചു കൊടുക്കുന്നു. ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങൾ പലതായിരിക്കുമ്പോൾത്തന്നെ അവയെല്ലാം ചേർന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്.