1 CHRONICLE 28
28
ദേവാലയ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ
1ഇസ്രായേലിലെ ഗോത്രത്തലവന്മാർ, രാജസേവകരുടെ സംഘത്തലവന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും രാജപുത്രന്മാരുടെയും വസ്തുവകകൾക്കും കന്നുകാലികൾക്കും മേൽനോട്ടം വഹിച്ചിരുന്നവർ, കൊട്ടാരമേൽവിചാരകർ, ധീരയോദ്ധാക്കൾ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ദാവീദ് യെരൂശലേമിൽ വിളിച്ചുകൂട്ടി.
2ദാവീദുരാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: “സഹോദരന്മാരേ, എന്റെ ജനമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം പ്രതിഷ്ഠിക്കുന്നതിനും അവിടുത്തെ പാദപീഠം ആയിരിക്കുന്നതിനുംവേണ്ടി ഒരു ആലയം പണിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു; അതിനുവേണ്ട ഒരുക്കങ്ങളും ചെയ്തിരുന്നു. 3എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘നീ ധാരാളം രക്തം ചൊരിഞ്ഞ യോദ്ധാവായതുകൊണ്ട് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ട.’ 4എങ്കിലും ഇസ്രായേലിന്റെ രാജാവായി സദാകാലവും വാഴാൻ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്റെ പിതൃഭവനത്തിൽ എല്ലാവരിൽനിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്‌കുന്നതിനു യെഹൂദാഗോത്രത്തെയും അതിൽനിന്ന് എന്റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്റെ പിതാവിന്റെ സന്തതികളിൽനിന്ന് ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുക്കാൻ അവിടുത്തേക്കു തിരുമനസ്സായി. 5അവിടുന്ന് എനിക്ക് ധാരാളം പുത്രന്മാരെ നല്‌കിയിട്ടുണ്ടല്ലോ. അവരിൽനിന്നു ശലോമോനെ ഇസ്രായേലിൽ സർവേശ്വരന്റെ രാജസിംഹാസനത്തിലിരിക്കാൻ അവിടുന്നു തിരഞ്ഞെടുത്തു.
6“അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്റെ പിതാവായിരിക്കും. അവൻ എന്റെ ആലയവും അങ്കണങ്ങളും പണിയും. 7എന്റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതിൽ അവൻ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാൽ അവന്റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’ 8ആകയാൽ സർവേശ്വരന്റെ സഭയായ ഇസ്രായേലിന്റെ സമസ്തജനങ്ങളുടെയും മുമ്പിൽവച്ച് ദൈവം കേൾക്കെ ഞാൻ കല്പിക്കുന്നു: “ഐശ്വര്യപൂർണമായ ഈ ദേശം കൈവശമാക്കാനും നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കണം.”
9“എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സർവഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സർവേശ്വരനെ അന്വേഷിച്ചാൽ കണ്ടെത്തും; ഉപേക്ഷിച്ചാൽ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും. 10ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിർവഹിക്കുക.”
11പിന്നീട് ദാവീദ് ദേവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, സർവേശ്വരന്റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്‌കി. 12സർവേശ്വരന്റെ ആലയം, അങ്കണം, ചുറ്റുമുള്ള അറകൾ, ദേവാലയത്തിലെ ഭണ്ഡാരങ്ങൾ, 13പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങൾ, സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷാസംബന്ധമായ ജോലികൾ, അവിടെയുള്ള പാത്രങ്ങൾ എന്നിവയെപ്പറ്റിയെല്ലാം തന്റെ മനസ്സിലുണ്ടായിരുന്ന രൂപരേഖ അവനു വിവരിച്ചുകൊടുത്തു. 14ഓരോ ശുശ്രൂഷയ്‍ക്കും ഉപയോഗിക്കുന്ന സ്വർണപ്പാത്രങ്ങൾക്കു വേണ്ട സ്വർണം, വെള്ളിപ്പാത്രങ്ങൾക്കു വേണ്ട വെള്ളി, 15സ്വർണവിളക്കുകൾക്കും തണ്ടുകൾക്കും വേണ്ട സ്വർണം, വെള്ളിവിളക്കുകൾക്കും തണ്ടുകൾക്കും വേണ്ട വെള്ളി, 16കാഴ്ചയപ്പത്തിന്റെ മേശയ്‍ക്കുവേണ്ട സ്വർണം, വെള്ളിമേശകൾക്കു വേണ്ട വെള്ളി, മുൾക്കരണ്ടി, തളികകൾ, 17പാനപാത്രങ്ങൾ, കോപ്പകൾ ഇവയ്‍ക്കു വേണ്ട തങ്കം, 18വെള്ളിക്കോപ്പകൾക്കു വേണ്ട വെള്ളി, ശുദ്ധിചെയ്ത സ്വർണംകൊണ്ടുള്ള ധൂപപീഠത്തിനുവേണ്ട സ്വർണം, സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തിന്റെ മുകളിൽ ചിറകു വിരിച്ചു നില്‌ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്റെ രൂപരേഖയും അതിനുവേണ്ട സ്വർണവും നല്‌കി. 19തൽസംബന്ധമായ വിവരങ്ങൾ സർവേശ്വരനിൽനിന്ന് എഴുതിക്കിട്ടിയതുപോലെ തന്നെയാണു ദാവീദ് ഇവയെല്ലാം വിശദീകരിച്ചു കൊടുത്തത്. അവയനുസരിച്ചുതന്നെ അവയുടെ പണികളും നടക്കണം.
20പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവർത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്റെ ദൈവമായ സർവേശ്വരൻ നിന്റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകൾക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. 21ഇതാ, ദേവാലയത്തിലെ സകല ശുശ്രൂഷകൾക്കും വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങൾ തയ്യാറായി നില്‌ക്കുന്നു; ഓരോ ജോലിക്കും വേണ്ട സാമർഥ്യവും സന്നദ്ധതയുമുള്ളവർ നിന്റെ കൂടെയുണ്ട്; ഉദ്യോഗസ്ഥന്മാരും ജനങ്ങളും നിന്റെ കല്പനകളെല്ലാം അനുസരിക്കാൻ ഒരുങ്ങി നിൽക്കുന്നു.”
Currently Selected:
1 CHRONICLE 28: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.