1 CHRONICLE 26
26
ദേവാലയ കാവല്‌ക്കാർ
1വാതിൽകാവല്‌ക്കാരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ പുത്രനായ മെശേലെമ്യാ. 2മെശേലെമ്യായുടെ പുത്രന്മാർ പ്രായക്രമത്തിൽ സെഖര്യാ, യെദ്ദിയേൽ, സെബദ്യാ, യത്നീയേൽ, 3ഏലാം, യെഹോഹാനാൻ, എല്യോഹോവേനായി; 4ഓബേദ്-എദോമിന്റെ പുത്രന്മാർ പ്രായക്രമത്തിൽ: ശെമയ്യാ, യെഹോസാബാദ്, യോവാഹ്, സാഖാർ, നെഥനയേൽ, 5അമ്മീയേൽ, ഇസ്സാഖാർ, പെയുലെഥായി; ഓബേദ്-എദോമിനെ ദൈവം അനുഗ്രഹിച്ചു. 6അയാളുടെ പുത്രനായ ശെമയ്യായ്‍ക്കും പുത്രന്മാർ ജനിച്ചു. അവർ വളരെ പരാക്രമശാലികളായ യുദ്ധവീരന്മാർ ആയിരുന്നതുകൊണ്ടു തങ്ങളുടെ കുലത്തിലെ നായകന്മാരായിത്തീർന്നു. 7ശെമയ്യായുടെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്. അവരുടെ ചാർച്ചക്കാരായ എലീഹു, സെമഖ്യാ എന്നിവർ ശക്തന്മാരായിരുന്നു. 8ഇവരെല്ലാവരും ഓബേദ്-എദോമിന്റെ വംശജർ. ഇവരും പുത്രന്മാരും ചാർച്ചക്കാരുമായി ശുശ്രൂഷയ്‍ക്ക് അതിസമർഥരായ അറുപത്തിരണ്ടു പേർ. 9മെശേലെമ്യാക്ക് ശക്തരായ പുത്രന്മാരും ചാർച്ചക്കാരുമായി പതിനെട്ടു പേർ. 10മെരാരീപുത്രനായ ഹോസായുടെ പുത്രന്മാർ: ശിമ്രി ആദ്യജാതനല്ലെങ്കിലും പിതാവ് അയാളെ തലവനാക്കി. 11രണ്ടാമൻ ഹില്‌ക്കീയാ, മൂന്നാമൻ തെബല്യാ, നാലാമൻ സെഖര്യാ. ഹോസായുടെ പുത്രന്മാരും ചാർച്ചക്കാരും കൂടി പതിമൂന്നു പേർ.
12വാതിൽകാവല്‌ക്കാരുടെ ഗണം തിരിച്ചത് കുടുംബത്തലവന്മാരുടെ എണ്ണമനുസരിച്ചായിരുന്നു. സർവേശ്വരന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ഇവർക്കും ചാർച്ചക്കാരെപ്പോലെ അവിടെ ചുമതലകളുണ്ടായിരുന്നു. 13പിതൃഭവനക്രമം അനുസരിച്ച് വലുപ്പചെറുപ്പഭേദം കൂടാതെ ഓരോ വാതിലിനും അവർ ആളുകളെ നറുക്കിട്ടു നിശ്ചയിച്ചു. 14കിഴക്കേ വാതിലിന്റെ നറുക്കു ശേലെമ്യാക്ക് വീണു. വടക്കേ വാതിലിൻറേത് അയാളുടെ പുത്രനും വിവേകമതിയും ആലോചനക്കാരനുമായ സെഖര്യാക്കും വീണു. 15തെക്കേ വാതിലിന്റെ നറുക്കു ഓബേദ്-എദോമിനു വീണു. സംഭരണശാലയുടേത് അയാളുടെ പുത്രന്മാർക്കും. 16കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതില്‌ക്കലെ പടിഞ്ഞാറെ വാതിൽ ശുപ്പീമിനും ഹോസായ്‍ക്കും കിട്ടി. 17ഇവർ തവണ വച്ചു കാവൽനിന്നു. കിഴക്കേ വാതില്‌ക്കൽ ആറു ലേവ്യരും വടക്കേ വാതില്‌ക്കൽ ദിവസേന നാലു പേരും തെക്കേ വാതില്‌ക്കൽ ദിവസേന നാലു പേരും സംഭരണശാലയ്‍ക്ക് ഈരണ്ടു പേരും 18പർബാരിനു പടിഞ്ഞാറെ പെരുവഴിയിൽ നാലു പേരും പർബാരിൽ രണ്ടു പേരും കാവലുണ്ടായിരുന്നു. 19ഇവയാണ് കോരഹ്യരിലും മെരാര്യരിലുംപെട്ട വാതിൽകാവല്‌ക്കാരുടെ ഗണങ്ങൾ.
20ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെയും വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളുടെയും ചുമതല ലേവ്യനായ അഹീയായ്‍ക്കായിരുന്നു. 21ഗേർശോന്യനായ ലയെദാന്റെ പുത്രന്മാരിൽ ഒരാളായിരുന്നു യെഹീയേൽ. യെഹീയേലിന്റെ പുത്രന്മാർ ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ ആയിരുന്നു. 22യെഹീയേലിന്റെ പുത്രന്മാർ: സേഥാമും സഹോദരൻ യോവേലും; ഇവർ സർവേശ്വരന്റെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ മേൽവിചാരകരായിരുന്നു. 23അമ്രാമ്യരും ഇസ്ഹാര്യരും, ഹെബ്രോന്യരും ഉസ്സീയേല്യരും അവരോടൊപ്പമുണ്ടായിരുന്നു. 24മോശയുടെ പുത്രനായ ഗേർശോമിന്റെ പുത്രൻ സെബൂവേൽ ആയിരുന്നു ഭണ്ഡാരസൂക്ഷിപ്പുകാരുടെ തലവൻ. 25എലിയേസെർ തുടങ്ങിയ അയാളുടെ ചാർച്ചക്കാർ: എലിയേസെരിന്റെ പുത്രൻ രെഹബ്യ; അയാളുടെ പുത്രൻ യെശയ്യാ; അയാളുടെ പുത്രൻ യോരാം; അയാളുടെ പുത്രൻ സിക്രി; അയാളുടെ പുത്രൻ ശെലോമീത്ത്; 26ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും അർപ്പിക്കുന്ന കാണിക്കകളുടെ ഭണ്ഡാരങ്ങൾക്കെല്ലാം മേൽനോട്ടക്കാർ ശെലോമീത്തും അയാളുടെ സഹോദരന്മാരും ആയിരുന്നു. 27യുദ്ധത്തിൽ കിട്ടിയ കൊള്ളമുതലിൽ ഒരു ഭാഗം സർവേശ്വരന്റെ മന്ദിരത്തിന്റെ സംരക്ഷണത്തിനായി സമർപ്പിച്ചിരുന്നു. 28ദർശകനായ ശമൂവേലും കീശിന്റെ പുത്രൻ ശൗലും നേരിന്റെ പുത്രൻ അബ്നേരും സെരൂയായുടെ പുത്രൻ യോവാബും സമർപ്പിച്ചിരുന്ന സകല വസ്തുക്കളും ഉൾപ്പെടെ എല്ലാ കാണിക്കകളും ശെലോമീത്തിന്റെയും അയാളുടെ പുത്രന്മാരുടെയും സൂക്ഷിപ്പിൽ ആയിരുന്നു.
29ഇസ്രായേലിൽ ഉദ്യോഗസ്ഥന്മാരും ന്യായാധിപരുമായി പുറമേയുള്ള ജോലികൾക്ക് ഇസ്ഹാര്യരിൽ കെനന്യായും പുത്രന്മാരും 30ഹെബ്രോന്യരിൽനിന്ന് ഹശബ്യായും സഹോദരന്മാരുമായ പ്രാപ്തരായ ആയിരത്തി എഴുനൂറുപേർ; യോർദ്ദാനിക്കരെ പടിഞ്ഞാറു സർവേശ്വരന്റെ സകല കാര്യങ്ങൾക്കും രാജാവിന്റെ ശുശ്രൂഷയ്‍ക്കുംവേണ്ടി ഇസ്രായേലിൽ നിയുക്തരായി. 31കുടുംബത്തിന്റെ ഏതു വംശാവലിവഴിയും ഹെബ്രോന്യരുടെ തലവൻ യെരീയാ ആയിരുന്നു. ദാവീദുരാജാവിന്റെ നാല്പതാം ഭരണവർഷത്തിൽ ഗിലെയാദിലെ യാസേരിൽ നടത്തിയ അന്വേഷണത്തിൽനിന്ന് അവിടെ പരാക്രമശാലികളായ യുദ്ധവീരന്മാർ ഉണ്ടെന്നു തെളിഞ്ഞു. 32അദ്ദേഹത്തിന്റെ സഹോദരന്മാരും പ്രാപ്തരുമായ രണ്ടായിരത്തി എഴുനൂറു പിതൃഭവനത്തലവന്മാർ ഉണ്ടായിരുന്നു. അവരെ ദാവീദുരാജാവു രൂബേൻ, ഗാദ്, മനശ്ശെയുടെ പകുതിഗോത്രം എന്നിവയിൽ ദൈവത്തിന്റെയും രാജാവിന്റെയും സകല കാര്യാദികൾക്കും ചുമതലക്കാരായി നിയമിച്ചു.
Currently Selected:
1 CHRONICLE 26: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.